ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

Published : Jul 17, 2023, 04:26 PM IST
ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

Synopsis

വലിയൊരു വിഭാഗം പേരും ടോയ്‍ലറ്റില്‍ പോകുമ്പോഴും ഫോണ്‍ കൂടെ കൊണ്ടുപോകും. എന്നാല്‍ ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലം അത്ര നല്ലതല്ല. 

ഈ ഡിജിറ്റല്‍ യുഗത്തില്‍ ആരാണ് സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ ഇല്ലാത്തവര്‍ എന്ന് നോക്കുന്നതായിരിക്കും സൗകര്യം. കാരണം അത്രമാത്രം ആളുകള്‍ക്ക് ഇന്ന് സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ ഉണ്ടെന്നത് നമുക്കെല്ലാം വ്യക്തമാണ്. 

എന്താണ് സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ എന്നത് മിക്കവര്‍ക്കും അറിയാമായിരിക്കും. അതായത് ഉറക്കമുണര്‍ന്നിരിക്കുന്ന സമയത്ത് സ്മാര്‍ട് ഫോണില്ലാതെ അധികസമയം ചെലവിടാൻ കഴിയാത്ത അവസ്ഥയെന്നൊക്കെ ഇതിനെ ലളിതമായി പറയാം. എന്തായാല്‍ സ്മാര്‍ട് ഫോണ്‍ പിരിഞ്ഞിരിക്കാൻ സാധിക്കാത്തൊരു മാനസികാവസ്ഥ തന്നെയാണിത്. 

ഇത്തരക്കാരില്‍ വലിയൊരു വിഭാഗം പേരും ടോയ്‍ലറ്റില്‍ പോകുമ്പോഴും ഫോണ്‍ കൂടെ കൊണ്ടുപോകും. എന്നാല്‍ ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലം അത്ര നല്ലതല്ല. 

ടോയ്‍ലറ്റില്‍ ഫോണ്‍ വേണ്ട...

ഒന്നാമത് ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുമ്പോള്‍ നമ്മളറിയാതെ തന്നെ നമ്മള്‍ അധികസമയം ടോയ്‍ലറ്റില്‍ ചെലവിടുന്ന അവസ്ഥയുണ്ടാകുന്നു. ഇത് പല രീതിയിലും ആരോഗ്യത്തിന് ദോഷകരമാണ്.

പത്ത്- പതിനഞ്ച് മിനുറ്റിലധികം ടോയ്‍ലറ്റിലിരുന്ന് ശീലിച്ചാല്‍ അത് മൂത്രാശയ അണുബാധ, മറ്റ് അണുബാധകള്‍, ദഹനവ്യവസ്ഥയുടെ ക്രമക്കേട്, മൂലക്കുരു എന്നിങ്ങനെയുള്ള രോഗങ്ങളിലേക്കും ആരോഗ്യാവസ്ഥകളിലേക്കുമെല്ലാം നയിക്കാം. 

ഇതിന് പുറമെ ടോയ്‍ലറ്റില്‍ നിന്നുള്ള രോഗാണുക്കള്‍ ഫോണില്‍ പിടിക്കുന്നതിനും ഫോണ്‍ വഴി അവ വീടിനകത്തേക്ക് എത്തുന്നതിനുമെല്ലാം സാധ്യതയുണ്ട്. ഇത്തരത്തില്‍ രോഗകാരികളായ ബാക്ടീരിയകളും മറ്റും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും സ്പര്‍ശത്തിലൂടെയുമെല്ലാം ശരീരത്തിനകത്തെത്തി പലവിധ പ്രയാസങ്ങളുണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

അമേരിക്കയില്‍ നടന്നൊരു പഠനത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത് 74.5 ശതമാനം പേരും ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്നവരാണെന്നാണ്. എന്നാല്‍ 16 ശതമാനം പേര്‍ മാത്രമാണത്രേ ഫോണ്‍ ക്ലീൻ ചെയ്യാറുള്ളൂ. അരിസോണ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ പഠനപ്രകാരം ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലമുള്ളവരുടെ ഫോണില്‍ ടോയ്‍ലറ്റ് സീറ്റിലുള്ളതിനെക്കാള്‍ പത്ത് മടങ്ങ് രോഗാണുക്കള്‍ കാണാൻ സാധിക്കുമെന്നാണ്.

എന്താണ് ചെയ്യാനാവുക?

പണ്ടുകാലങ്ങളില്‍ ടോയ്‍ലറ്റില്‍ പോകുമ്പോള്‍ മാഗസിനുകളോ പുസ്തകങ്ങളോ പത്രമോ എല്ലാം കൊണ്ടുപോകുന്ന ശീലമുള്ളവരുണ്ടായിരുന്നു. ഇതിന്‍റെ പുതിയൊരു പതിപ്പാണ് സ്മാര്‍ട് ഫോണ്‍ ഉപയോഗം.

എന്തായാലും ഈ ശീലങ്ങളെല്ലാം മാറ്റിയെടുക്കുന്നതാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്. ഇതിന് മറ്റൊന്നും ചെയ്യാനില്ല. പതിയെ ഫോണ്‍ മാറ്റിവച്ച് ടോയ്‍ലറ്റില്‍ പോയി ശീലിക്കുക. അഡിക്ഷൻ ഉള്ളതിനാല്‍ തന്നെ ആദ്യമെല്ലാം ഈ മാറ്റം പ്രയാസം സൃഷ്ടിക്കും. പക്ഷേ ക്രമേണ വളരെ ഫലപ്രദമായി ഈ ആരോഗ്യകരമായ ശീലത്തിലേക്ക് നമുക്കെത്താൻ സാധിക്കും.

Also Read:- മൂത്രത്തില്‍ രക്തം, എന്നാല്‍ വേദനയുമില്ല; നിസാരമാക്കരുത് ഈ ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ