രക്തസമ്മര്‍ദ്ദം ഉയരുന്നതിന് പിന്നിലെ ആരും ശ്രദ്ധിക്കാത്ത കാരണം...

Web Desk   | others
Published : Jan 24, 2020, 06:39 PM IST
രക്തസമ്മര്‍ദ്ദം ഉയരുന്നതിന് പിന്നിലെ ആരും ശ്രദ്ധിക്കാത്ത കാരണം...

Synopsis

പ്രായം, പാരമ്പര്യം, പുവകലി, ഉയര്‍ന്ന തോതിലുള്ള ഉപ്പിന്റെ ഉപയോഗം, മോശം ഡയറ്റ്, വ്യായാമമില്ലായ്മ, മോശം ജീവിതശൈലി ഇങ്ങനെ പലതുമാകാം രക്തസമ്മർദ്ദം ഉയരുന്നതിന് പിന്നിലെ കാരണങ്ങൾ. ഇപ്പറഞ്ഞ കാരണങ്ങളെ കുറിച്ചെല്ലാം ഇന്നത്തെ കാലത്ത് മിക്കവര്‍ക്കും അറിവുണ്ട്. എന്നാല്‍ പലപ്പോഴും ആരും ശ്രദ്ധിക്കാതെയോ, അറിയാതെയോ പോകുന്ന ഒരു കാരണം കൂടി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പിന്നിലുണ്ടാകാറുണ്ട്  

രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തീര്‍ച്ചയായും വളരെയധികം വെല്ലുവിളികളുയര്‍ത്തുന്ന പ്രശ്‌നം തന്നെയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണെങ്കില്‍ ഇതിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നത് പല കാരണങ്ങളാകാം. പ്രായം, പാരമ്പര്യം, പുവകലി, ഉയര്‍ന്ന തോതിലുള്ള ഉപ്പിന്റെ ഉപയോഗം, മോശം ഡയറ്റ്, വ്യായാമമില്ലായ്മ, മോശം ജീവിതശൈലി ഇങ്ങനെ പലതുമാകാം ഇതിന് പിന്നിലെ കാരണങ്ങള്‍. 

ഇപ്പറഞ്ഞ കാരണങ്ങളെ കുറിച്ചെല്ലാം ഇന്നത്തെ കാലത്ത് മിക്കവര്‍ക്കും അറിവുണ്ട്. എന്നാല്‍ പലപ്പോഴും ആരും ശ്രദ്ധിക്കാതെയോ, അറിയാതെയോ പോകുന്ന ഒരു കാരണം കൂടി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പിന്നിലുണ്ടാകാറുണ്ട്. അതെക്കുറിച്ചാണ് ഇനി പറയുന്നത്. 

വിറ്റാമിന്‍-ഡിയുടെ കുറവാണ് ഇവിടെ വില്ലനായി അവതരിക്കുന്നത്. വിറ്റാമിന്‍-ഡി നമുക്കറിയാം, ശരീരത്തിന് അവശ്യം വേണ്ടൊരു ഘടകമാണ്. സൂര്യപ്രകാശത്തില്‍ നിന്നാണ് പ്രധാനമായും നമുക്ക് വിറ്റാമിന്‍-ഡി നേടാനാകുന്നത്. അതോടൊപ്പം തന്നെ ഭക്ഷണത്തിലൂടെയും ഇത് ശരീരത്തിലേക്കെത്തുന്നു. 

എല്ലിന്റെ ആരോഗ്യം, പ്രതിരോധശേഷി, ഹൃദയാരോഗ്യം എന്നിങ്ങനെ സുപ്രധാനമായ പല ധര്‍മ്മങ്ങള്‍ക്കും വിറ്റാമിന്‍-ഡി ശരീരത്തെ സഹായിക്കുന്നുണ്ട്. വിറ്റാമിന്‍-ഡിയുടെ കുറവ് മൂലം അമിതമായ ക്ഷീണം, വിഷാദം എന്നിവയെല്ലാം ഉണ്ടായേക്കാം. ഇതിനൊപ്പമോ, അല്ലെങ്കില്‍ ഇതിനെക്കാളെല്ലാം മുകളിലായോ പരിഗണിക്കേണ്ട വസ്തുതയാണ് വിറ്റാമിന്‍-ഡിയും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം.

ശരീരത്തിലെ രക്തസമ്മര്‍ദ്ദം പരോക്ഷമായി 'ബാലന്‍സ്' ചെയ്യുന്നതില്‍ വിറ്റാമിന്‍-ഡി മുഖ്യമായ പങ്ക് വഹിക്കുന്നുണ്ടത്രേ. രക്തസമ്മര്‍ദ്ദത്തെ സാധാരണനിലയില്‍ പിടിച്ചുനിര്‍ത്താന്‍ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ വ്യവസ്ഥയാണ് 'ആര്‍.എ.എ.എസ്'. എന്നാല്‍ ചില സമയങ്ങളില്‍ 'ആര്‍.എ.എ.എസ്'ന്റെ പ്രവര്‍ത്തനം പ്രതികൂലമായി തരത്തിലാകുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉയരുന്ന സാഹചര്യമുണ്ടാകുന്നു. ഇവിടെയാണ് വിറ്റാമിന്‍-ഡിയുടെ 'റോള്‍' വരുന്നത്. 

വിറ്റാമിന്‍-ഡി 'ആര്‍.എ.എ.എസ്'നെ പ്രശ്‌നങ്ങളില്ലാതെ വരുതിയിലാക്കി കൊണ്ടുപോകാന്‍ സഹായിക്കുന്നു. അതോടെ രക്തസമ്മര്‍ദ്ദവും 'ബാലന്‍സ്'ലാകുന്നു. വിറ്റാമിന്‍-ഡിയുടെ പ്രാധാന്യം ഇപ്പോള്‍ മനസിലായില്ലേ? ഇനി തീര്‍ച്ചയായും ഡയറ്റ് നിശ്ചയിക്കുമ്പോള്‍ വിറ്റാമിന്‍-ഡിക്ക് അല്‍പം അധികം പ്രാധാന്യം നല്‍കുമല്ലോ? ഓട്ട്‌സ്, ജ്യൂസുകള്‍, സെറില്‍, സോയ മില്‍ക്ക്, പശുവിന്‍ പാല്‍, കൂണ്‍, മുട്ടയുടെ മഞ്ഞ എന്നിവയെല്ലാം വിറ്റാമിന്‍-ഡിയാല്‍ സമൃദ്ധമാണ്. അപ്പോള്‍ ഇവയെല്ലാം തീര്‍ച്ചയായും നിങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക. അതോടൊപ്പം തന്നെ, എല്ലാ ദിവസവും രാവിലെയോ വൈകീട്ടോ,  സൂര്യപ്രകാശം ശരീരത്തില്‍ തട്ടും വിധത്തില്‍ അല്‍പസമയം ചിലവിടുകയും ചെയ്യാം.

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ