
നിത്യജീവിതത്തിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നാം നേരിടുന്നുണ്ട്. ഇവയിൽ മിക്കതും നാം നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാൽ ഇങ്ങനെ നിസാരമായി തള്ളിക്കളയുന്ന പ്രശ്നങ്ങൾ പിന്നീട് സങ്കീർണമായി വരാം.
നമ്മുടെ ശാരീരിക- മാനസികാരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഒരുപാട് ഘടകങ്ങളുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ തുടങ്ങി പലതും. ഇവയിൽ ഏതിലെങ്കിലും വരുന്ന കുറവ് അതത് ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കും. ഇതുവഴി പല രോഗങ്ങളിലേക്കും നാം എത്താം.
അത്തരത്തിൽ ചില സ്കിൻ പ്രശ്നങ്ങളിലേക്കും രോഗങ്ങളിലേക്കും നമ്മെയെത്തിക്കുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മുഖക്കുരു പോലുള്ള സ്കിൻ പ്രശ്നങ്ങൾ മുതൽ സോറിയാസിസ്, അടോപിക് ഡെർമറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളിലേക്ക് വരെ ഇത് നമ്മെയെത്തിക്കാം. ഇതിന് പുറമെ മുടി കൊഴിച്ചിൽ, ശരീരവേദന, തളർച്ച, പേശികളിലെ ബലക്കുറവ് എന്നിങ്ങനെ അനവധി പ്രശ്നങ്ങളിലേക്കും ഇത് നമ്മെ നയിക്കാം.
വൈറ്റമിൻ- ഡിയുടെ അഭാവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വൈറ്റമിൻ ഡി ഗണ്യമായി കുറയുമ്പോൾ അത് ചർമ്മത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
ശരീരത്തിൽ കാത്സ്യം, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് നിയന്ത്രിച്ചുകൊണ്ടുപോകുന്നത് വൈറ്റമിൻ-ഡിയാണ്. എല്ല്, പല്ല്, പേശി എന്നിവയെ എല്ലാം ആരോഗ്യത്തോടെ നിലനിർത്താൻ ഇതാവശ്യമാണ്. അങ്ങനെ വരുമ്പോൾ വൈറ്റമിൻ ഡി കുറയുന്നത് എല്ലിനെയും പല്ലിനെയും പേശികളെയുമെല്ലാം സാരമായി ബാധിക്കാം.
രോഗപ്രതിരോധ ശേഷി കുറയൽ, ഇതിന്‍റെ ഭാഗമായി ഇടയ്ക്കിടെ അണുബാധകൾ എല്ലാം വൈറ്റമിൻ -ഡി കുറവ് മൂലം സംഭവിക്കാം.
ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയുമാണ് നമുക്ക് വൈറ്റമിൻ-ഡി ലഭിക്കുന്നത്. ഈ രണ്ട് രീതിയിലൂടെയും ആവശ്യത്തിന് വൈറ്റമിൻ-ഡി ലഭിക്കാത്ത സാഹചര്യത്തിൽ സപ്ലിമെന്‍റ്സ് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇതിനായി ഡോക്ടറുടെ നിർദേശം തേടണം. മീൻ, മുട്ട, ഫോർട്ടിഫൈഡ് മിൽക്ക്, ടോഫഉ,ചീസ്, കൂൺ എന്നിവയെല്ലാം വൈറ്റമിൻ-ഡി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് കഴിക്കാവുന്നതാണ്.
Also Read:- വര്‍ഷങ്ങളോളം മുഖത്ത് മാത്രം ക്രീം തേച്ചു, കഴുത്തില്‍ തേച്ചില്ല; ഞെട്ടിക്കുന്ന ഫോട്ടോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam