
ചൈനയിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കൊവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
ആൾക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോഗ് അംഗമായ ഡോ.വി.കെ പോൾ യോഗത്തിനുശേഷം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27- 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതിയ കൊവിഡ് വകഭേദം ചൈനയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുകയാണ്. ചൈനയിൽ വീണ്ടും കേസുകൾ ഉയരുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ കൊവിഡ് 19ന്റെ ഒമിക്രോൺ ബിഎഫ്.7 (BF.7 variant) ആണ് ചൈനയിലെ കൊവിഡിന്റെ പ്രധാന വകഭേദം. വളരെ വേഗത്തിലാണ് ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നത് BF.7 വേരിയന്റിന് ഏറ്റവും ഉയർന്ന പ്രക്ഷേപണ ശേഷിയുണ്ടെന്നതാണ്. ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണ്.
Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ അഞ്ച് കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam