Latest Videos

അന്ന് 114 കിലോ, ആറ് മാസം കൊണ്ട് കുറച്ചത് 32 കിലോ; പിന്നിലെ രഹസ്യം ഇതാണ്...

By Anooja NazarudheenFirst Published May 10, 2024, 9:47 AM IST
Highlights

114 കിലോയിൽ നിന്ന് 82 കിലോയിലേക്ക് എത്തിയ ശരത്തിന്‍‌റെ വെയ്റ്റ്‌ലോസ് യാത്ര നിങ്ങൾക്ക് ഉപകരിക്കും.
 

ലോകമെമ്പാടുമുള്ള ധാരാളം വ്യക്തികളെ ബാധിക്കുന്ന വളരെ സാധാരണമായ ഒരു ആരോഗ്യ പ്രശ്നമാണ് അമിത വണ്ണം. എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയും കൃത്യമായി വ്യായാമവും ചെയ്താല്‍ ഫലം ഉറപ്പാണെന്നതിന്‍റെ ഉദാഹരണമാണ് തിരുവനന്തപുരം വിളപ്പില്‍‌ശാല സ്വദേശിയും വിദ്യാര്‍‌ത്ഥിയുമായ ശരത്തിന്‍റെ (23) വെയ്റ്റ്‌ലോസ് യാത്ര. 114 കിലോ ശരീരഭാരം ഉണ്ടായിരുന്ന ശരത് ആറ് മാസം കൊണ്ട് 32 കിലോ കുറച്ച് ഇപ്പോള്‍ 82 കിലോയില്‍‌ എത്തി നില്‍ക്കുകയാണ്. 

തിരുവനന്തപുരം മാര്‍‌വെല്‍ ജിമ്മിലെ ട്രെയിനറായ സ്വരൂപ്‌ ആണ് ശരത്തിന്‍റെ ഈ നേട്ടത്തിന് പിന്നില്‍. ശരത് പിന്തുടര്‍ന്ന ഡയറ്റും വര്‍ക്കൗട്ടുമൊക്കെ എന്താണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ് ജിം ട്രെയിനറായ സ്വരൂപ്‌.

ആറ് മാസം കൊണ്ട് കുറച്ചത് 32 കിലോ 

114 കിലോ ശരീരഭാരം ഉണ്ടായിരുന്ന ശരത് ആറ് മാസം കൊണ്ട് 32 കിലോയാണ് കുറച്ചത്. 82 കിലോയാണ് ശരത്തിന്‍റെ ഇപ്പോഴത്തെ ശരീരഭാരം. ശരിയായ ഭക്ഷണക്രമവും കൃത്യമായ വര്‍ക്കൗട്ടുമാണ് ശരത്തിന് ഈ വിജയം നേടികൊടുത്തത്. 

ആരോഗ്യ പ്രശ്നം 

ശരത്തിന് തോളെല്ലിന് ചെറിയ ഒരു ആരോഗ്യ  പ്രശ്നം ഉണ്ടായിരുന്നു. തോളെല്ല് സ്ഥാനം തെറ്റിക്കിടക്കുകയായിരുന്നു (shoulder dislocation) .  നീരും കൈ പൊക്കാന്‍ പോലും പറ്റാത്ത അത്ര വേദനയുമായിരുന്നു. അങ്ങനെ ചികിത്സിക്കാന്‍ ശരത് ഡോക്ടറെ കാണിച്ചപ്പോഴാണ് ശരീരഭാരം കുറയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ്  ജിം ട്രെയിനറായ സ്വരൂപിന്‍റെ അടുത്തേയ്ക്ക് ശരത് എത്തുന്നത്. ഫിസിയോതറാപ്പി ചെയ്തു കൊണ്ടിരിക്കുന്ന സമയം ആയതിനാല്‍ ശരത്തിന്‍റെ വെയ്റ്റ്‌ലോസ് യാത്ര അത്ര എളുപ്പമാല്ലായിരുന്നു. 

ഭക്ഷണക്രമവും വര്‍ക്കൗട്ടും

ഭക്ഷണക്രമവും വര്‍ക്കൗട്ടും ഒരുപോലെ കൊണ്ടുപോകാന്‍ ശരത് നന്നായി പരിശ്രമിച്ചു. സ്വരൂപ്‌ നിര്‍ദ്ദേശിച്ച പ്രകാരം നല്ല ചിട്ടയായ ഭക്ഷണക്രമം തന്നെയാണ് ശരത് പിന്തുടര്‍ന്നത്. ഇതിന്‍റെ ഭാഗമായി ഓട്സ്, ഡ്രൈ ഫ്രൂട്ട്സ്, പച്ചക്കറികളും പഴങ്ങളും, പ്രോട്ടീന്‍ അടങ്ങിയ ചിക്കന്‍-ഫിഷ്,  ഒമേഗ ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണക്രമമാണ് ശരത് പിന്തുടര്‍ന്നത്. ഓരോ മാസവും ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 

ഒഴിവാക്കിയ ഭക്ഷണങ്ങള്‍ 

എണ്ണ, പഞ്ചസാര, മൈദ, കാര്‍ബോ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രധാനമായി ഒഴിവാക്കിയത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കി. ആവശ്യമായ വിറ്റാമിനുകളും മറ്റും കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

(ശരത് ശരീര ഭാരം കുറയ്ക്കുന്നതിന് മുമ്പും, ഭാരം കുറച്ചതിന് ശേഷവും)

 

വര്‍ക്കൗട്ട് 

മുടങ്ങാതെ ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുമായിരുന്നു.  ആദ്യം ചെറിയ രീതിയിലാണ് വര്‍ക്കൗട്ട് ആരംഭിച്ചത്. ശേഷം ഓരോ ദിവസവും പല തരം ബോഡി വെയ്റ്റ്‌ വര്‍ക്കൗട്ടുകളാണ് പിന്തുടര്‍ന്നത്. ആറ് മാസം കൊണ്ട് ശരത്തിന്‍റെ ഭാരം 32 കിലോയോളം കുറയുകയായിരുന്നു. ഒപ്പം ശരത്തിന് തോളുവേദനയൊക്കെ മാറി ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞതായും സ്വരൂപ് പറയുന്നു. 

Also read: അടിവയറ്റിലെ കൊഴുപ്പിനെ അകറ്റാനും വണ്ണം കുറയ്ക്കാനും ചിയ വിത്ത് ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

youtubevideo

click me!