West Nile Fever : വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ മരണം; ഈ രോഗത്തെ കുറിച്ചറിയാം

Published : May 29, 2022, 03:58 PM ISTUpdated : May 30, 2022, 01:24 PM IST
West Nile Fever : വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ മരണം; ഈ രോഗത്തെ കുറിച്ചറിയാം

Synopsis

വെസ്റ്റ് നൈല്‍ വൈറസുകള്‍ പരത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. പനിയാണ് ഇതില്‍ പ്രധാന ലക്ഷണമായി വരുന്നത് എന്നതിനാലാണ് വെസ്റ്റ് നൈല്‍ പനി എന്നുതന്നെ ഈ രോഗം അറിയപ്പെടുന്നത്

പലരും കേട്ടിരിക്കാന്‍ സാധ്യതയില്ലാത്തൊരു രോഗമാണ് വെസ്റ്റ് നൈല്‍ പനി ( West Nile Fever ). എന്നാല്‍ ഇന്ന് വാര്‍ത്തകളിലൂടെ ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തൃശൂര്‍ പുത്തൂരില്‍ ഒരാള്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചതോടെയാണ് സംഭവം ചര്‍ച്ചകളില്‍ നിറയുന്നത്. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കൊതുക് വഴിയാണ് ( Mosquito Diseases ) രോഗകാരിയായ വൈറസ് നമ്മളിലെത്തുന്നത് എന്ന വിവരം കൂടി അറിയുന്നതോടെ ഏവരും ആശങ്കയിലാവുകയാണ്. 

തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍കൊതുകുജന്യ രോഗങ്ങള്‍ ( Mosquito Diseases ) വ്യാപകമാകാന്‍ അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ വെസ്റ്റ് നൈല്‍ പനിയും ( West Nile Fever ) വ്യാപകമാകുമോ എന്നതാണ് ആശങ്ക. കേസുകള്‍ സ്ഥിരീകരിക്കുന്നതിനെക്കാള്‍ അത് ഒരു വ്യക്തിയെ മരണത്തിലേക്ക് നയിച്ചുവെന്നതും ആശങ്കയ്ക്ക് ബലമേകുന്നുണ്ട്. 

എന്താണ് വെസ്റ്റ് നൈല്‍ പനി?

വെസ്റ്റ് നൈല്‍ വൈറസുകള്‍ പരത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. പനിയാണ് ഇതില്‍ പ്രധാന ലക്ഷണമായി വരുന്നത് എന്നതിനാലാണ് വെസ്റ്റ് നൈല്‍ പനി എന്നുതന്നെ ഈ രോഗം അറിയപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ മറ്റ് പല വൈറസുകളുടെയും കാര്യത്തിലെന്ന പോലെ ഇവിടെയും കൊതുക് ആണ് വില്ലനാകുന്നത്.

ഇത് പുതുതായി കണ്ടെത്തപ്പെട്ട ഒരു രോഗമല്ല. 1930കളില്‍ തന്നെ ഈ രോഗം കണ്ടെത്തപ്പെട്ടിട്ടുണ്ട്.  1937ല്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് വെസ്റ്റ് നൈല്‍ പനി ആദ്യമായി സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രോഗകാരിയായ വൈറസ് ആദ്യഘട്ടത്തില്‍ പക്ഷികളിലാണ് കാണുകയെന്നും ഇത് പിന്നീട് കൊതുകിലേക്കും കൊതുകില്‍ നിന്ന് മനുഷ്യരിലേക്കും പകരുകയാണത്രേ ചെയ്യുന്നത്. 

വെസ്റ്റ് നൈല്‍ പനി മരണത്തിലേക്ക് നയിക്കുമോ?

സാധാരണഗതിയില്‍ വെസ്റ്റ് നൈല്‍ പനി പെട്ടെന്ന് വ്യക്തികളെ മരണത്തിലേക്ക് നയിക്കത്തക്ക രീതിയില്‍ ഗുരുതരമാകാറില്ല. രോഗം ബാധിച്ച അഞ്ചിലൊരാളിലാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. 150ല്‍ ഒരാള്‍ക്ക് രോഗം ഗുരുതരമാകാം. ഇത്തരത്തില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.

വെസ്റ്റ് നൈല്‍ പനി ബാധിക്കാതിരിക്കുന്നതിന് വാക്സിനോ മറ്റോ ലഭ്യമല്ല. എന്നാല്‍ രോഗബാധയുണ്ടായാല്‍ അതിന് ഫലപ്രദമായ ചികിത്സ തേടാം. രോഗലക്ഷണങ്ങള്‍ക്കോ അനുന്ധ പ്രശ്നങ്ങള്‍ക്കോ ആണ് ഇത്തരത്തില്‍ ചികിത്സ ലഭ്യമാക്കേണ്ടത്. തൃശൂരിലെ കേസില്‍ ചികിത്സാപ്പിഴവുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നതും ഈ ഘട്ടത്തില്‍ നാം കണക്കിലെടുക്കണം. 

വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍...

തീവ്രത കൂടിയ പനി, കഠിനമായ തലവേദന, കഴുത്ത് അനക്കാന്‍ സാധിക്കാതെ മുറുകിയിരിക്കുന്ന അവസ്ഥ, ചിന്തകളില്‍ അവ്യക്തത, ആശയക്കുഴപ്പം, പേശീവേദന, പേശികളില്‍ വിറയല്‍, അപസ്മാരം/ചുഴലി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം വെസ്റ്റ് നൈല്‍ ലക്ഷണങ്ങളായി വരാറുണ്ട്. 

ചിലരില്‍ പേശികള്‍ തളര്‍ന്ന് പക്ഷാഘാതം പോലുള്ള അവസ്ഥകളുണ്ടാകാം. ചിലര്‍ കോമയിലേക്ക് പോകാം. ഇത്തരം ലക്ഷണങ്ങളെല്ലാം കുറെക്കൂടി ഗുരുതരമായ രോഗബാധയിലേ കാണൂ. എല്ലാ ലക്ഷണങ്ങളും രോഗബാധയേറ്റ എല്ലാവരിലും കാണാനും സാധിക്കില്ല. 

Also Read:- ആശങ്ക പരത്തി കുരങ്ങുപനി; ഇത്രയും പേടിക്കേണ്ടതുണ്ടോ?

PREV
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ