വെസ്റ്റ് നെെൽ പനി; കൊതുക് തന്നെ വില്ലൻ, വീട് ഇങ്ങനെ സൂക്ഷിച്ചാൽ കൊതുക് അടുക്കില്ല

By Web TeamFirst Published Mar 19, 2019, 12:39 PM IST
Highlights

വീട് എപ്പോഴും വൃത്തിയാക്കിയിടാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കാതിരിക്കുക. ഉദാഹരണത്തിന് ചിരട്ട, മുട്ടത്തോട്, ടയര്‍, ചെറിയ കുഴികള്‍ തുടങ്ങിയവയില്‍ വെള്ളം നിറഞ്ഞാല്‍ കൊതുകുകള്‍ അതില്‍ മുട്ടയിടും. വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം വീടിന് ചുറ്റും തളിച്ചാൽ കൊതുക് ശല്യം കുറയ്ക്കാം.

മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചിരുന്നു.  1937 ൽ ഉ​ഗാഡയിലാണ് ആദ്യമായി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.  ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് 1977–ൽ തമിഴ്നാട്ടിലെ വെല്ലൂരിലാണ്. കേരളത്തിൽ 2011 മേയ് മാസമാണ് വെസ്റ്റ് നൈൽ വൈറസ് സാനിധ്യം തിരിച്ചറിഞ്ഞത്. 1951ൽ ഇസ്രായേലിലും, 1999, 2010 വർഷങ്ങളിൽ അമേരിക്കയിലും വെസ്റ്റ് നൈൽ പനി ഭീതി പടർത്തിയിരുന്നു. ഗ്രീസ്, കാനഡ, റഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളിലും യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും ഈ പനി പടർന്ന് പിടിച്ചിട്ടുണ്ട്.
 
വൈറസ് ബാധയുള്ള കൊതുകു കടിയേറ്റാൽ 3 ദിവസം മുതൽ 2 ആഴ്ച്ചയ്ക്കുള്ളിൽ സാധാരണഗതിയിൽ മനുഷ്യരിൽ രോഗം വരും. അണുബാധയേൽക്കുന്നവരിൽ 80 ശതമാനം ആളുകൾക്കും രോഗലക്ഷണം ഉണ്ടാകാറില്ല. 20 ശതമാനം ആളുകൾക്ക് വെസ്റ്റ് നൈൽ ബാധ പനിയായി അനുഭവപ്പെടും. പനി, തലവേദന, ക്ഷീണം, ശരീരവേദന, ഛർദ്ദി, ചിലരിൽ ശരീരത്തിലെ പാടുകൾ, ഓർമക്കുറവ് എന്നിവയാണു പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ ചിലർക്ക് ഇതു നാഡി വ്യൂഹത്തെ ബാധിക്കുകയും വെസ്റ്റ് നൈൽ എൻസെഫലൈറ്റിസ് ആവുകയും ചെയ്യുന്നു. 

കാരണങ്ങൾ ഇവയൊക്കെ....

പക്ഷി വർഗങ്ങളുടെ രക്തം ഇഷ്ടപ്പെടുന്ന, രാത്രിയിൽ രക്തം തേടുന്ന തരം കൊതുകുകളാണ് ഈ അസുഖം പരത്തുക. ഇന്ത്യയിൽ ക്യൂലക്സ് വിഷ്ണുവൈ, ക്യൂലക്സ് പൈപിയൻസ് എന്നിവരാണ് പ്രാധാനപ്പെട്ട രോഗവാഹകർ. വൈറസ് വാഹകരായ പക്ഷികളെ ഈ കൊതുകുകൾ രക്തത്തിനായി കുത്തുമ്പോൾ, വൈറസ് കൊതുകുകളുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും, പിന്നീട്‌ മറ്റു സസ്തനികളിലേക്കു പകർത്താനും, മുട്ട വഴി അടുത്ത തലമുറയിലേക്ക് പ്രവേശിക്കാനും ഇടവരുന്നു. 14 തരം കൊതുകുകളാണു പ്രധാനമായും അസുഖം പരത്തുക. ഈ അസുഖത്തിന്‌ പ്രതിരോധ മരുന്നോ, വെസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നോ ലഭ്യമല്ല. അതുകൊണ്ടു തന്നെ രോഗ പ്രതിരോധമാണ് അസുഖം വരാതിരിക്കാൻ ആവശ്യം.

ശ്രദ്ധിക്കേണ്ടത്....

1. വലയ്ക്കുള്ളിൽ ഉറങ്ങാൻ ശ്രമിക്കുക. കൊതുക് കടിയേൽക്കാതെ നോക്കുക. കൊതുക് അകത്തേക്ക് കയറാതിരിക്കാൻ ജനലുകളിലും വലയിടുന്നത് നല്ലതാണ്.
2. കൊതുകുകളെ നശിപ്പിക്കുക. വീടുകളിൽ വെെകുന്നേരങ്ങളിൽ കൊതുക് വരുന്ന ഇടങ്ങൾ വലയിട്ട് മൂടുക. 
3. പരിസരം വൃത്തിയായി സൂക്ഷിക്കുക.
4. ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക.
5. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക.
6. സ്വയം ചികിത്സ ഒഴിവാക്കുക.

കൊതുക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്...

1. കുപ്പികള്‍, പാട്ടകള്‍, ചിരട്ടകൾ, ടയറുകൾ, മുട്ടത്തോടുകള്‍, പ്ലാസ്റ്റിക് വസ്തുക്കൾ, ചെടിച്ചട്ടികൾ തുടങ്ങിയ ചെറിയ വെളളക്കെട്ടുകളിലാണ് കൊതുകുകള്‍ ഉണ്ടാകുന്നത്. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കാതിരിക്കുക. ഉദാഹരണത്തിന് ചിരട്ട, മുട്ടത്തോട്, ടയര്‍, ചെറിയ കുഴികള്‍ തുടങ്ങിയവയില്‍ വെള്ളം നിറഞ്ഞാല്‍ കൊതുകുകള്‍ അതില്‍ മുട്ടയിടും. 

2. കൊതുകുവല ഉപയോഗിക്കുക.

3. അടുത്ത് കുളങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ കൊതുകിനെ ആഹാരമാക്കുന്ന ഗമ്പൂസിയ, ഗപ്പി മുതലായ മത്സ്യങ്ങളെ (larvivorous fishes) വളര്‍ത്തുന്നത് നല്ലതാണ്. 

4.  വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, ഓടകള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളിൽ കീടനാശിനികള്‍ തളിക്കുക. 

5. വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം വീടിന് ചുറ്റും തളിച്ചാൽ കൊതുക് ശല്യം കുറയ്ക്കാം.

 ഈ ചെടികൾ വളർത്തിയാൽ കൊതുകിനെ അകറ്റാം...

1. കര്‍പ്പൂരവള്ളി...

 കര്‍പ്പൂരവള്ളി വീട്ടില്‍ വളർത്തുന്നത് നല്ലതാണ്. കർപ്പൂരവള്ളിയുടെ മണം കൊതുകുകൾക്ക് ഇഷ്ടപ്പെടില്ല. 

2.  ലാവെൻഡർ ചെടി....

 ലാവെൻഡർ ചെടി വീട്ടിൽ വളർത്തുന്നത് കൊതുക് ശല്യം അകറ്റാനാകും. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റാം.

3. ഇഞ്ചിപ്പുല്ല്...

 ഇഞ്ചിപ്പുല്ല് വീട്ടിൽ വളർത്തുന്നത് കൊതുകിനെ മാത്രമല്ല മറ്റ് പ്രാണികളെയും അകറ്റാൻ നല്ലതാണ്. 

4. പുതിന ചെടി...

പുതിന ചെടി മിക്ക വീടുകളിലും വളർത്തുന്നുണ്ട്. പുതിനയുടെ ​ഗുണം ചെറുതൊന്നുമല്ല. പുതിന വീട്ടിൽ വളർത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെയും ഒഴിവാക്കാനും ഏറെ നല്ലതാണ്. 

5. തുളസി ചെടി...

 ഏറെ ഔഷധ ​ഗുണമുള്ള ഒന്നാണ് തുളസി. തുളസി വീട്ടിൽ വളർത്തുന്നത് ആരോ​ഗ്യപരമായി നല്ലതാണ്. അതോടൊപ്പം കൊതുകിനെ അകറ്റാനും ​ഗുണം ചെയ്യും. 

click me!