
സ്ത്രീകളിൽ കണ്ട് വരുന്ന അർബുദമാണ് സ്തനാർബുദം. സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം. വ്യത്യസ്ത തരത്തിലുള്ള സ്തനാർബുദങ്ങളുണ്ട്. സ്തനത്തിലെ ഏത് കോശങ്ങളാണ് ക്യാൻസറായി മാറുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സ്തനാർബുദത്തിന്റെ തരം.
സ്തനാർബുദം സ്തനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കാം. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഒക്ടോബർ മാസം സ്തനാർബുദമാസമായി ആചരിക്കുന്നത്.
സ്തനാർബുദത്തെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ആരംഭത്തിൽ തന്നെ രോഗ നിർണ്ണയം നടത്താനും സ്തനാർബുദബാധിതരെ പിന്തുണയ്ക്കാനും വിവിധ സന്നദ്ധസംഘടനകളും ആശുപത്രികളും മറ്റ് ആരോഗ്യ കേന്ദ്രങ്ങളും ഈ കാലയളവിൽ വിവിധ പ്രചാരണ പരിപാടികൾ നടത്തി വരികയാണ്.
സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
സ്തനത്തിലോ കക്ഷത്തിലോ മുഴ കാണുക.
സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാകുകയോ വീർക്കുകയോ ചെയ്യുക.
മുലക്കണ്ണ് ഭാഗത്തോ സ്തനത്തിലോ ചുവപ്പ് അല്ലെങ്കിൽ അടരുന്ന രീതിയിലുള്ള ചർമ്മം കാണുക.
മുലക്കണ്ണ് ഭാഗത്ത് വേദന അനുഭവപ്പെടുക.
മുലക്കണ്ണിൽ നിന്ന് രക്തവും ഡിസ്ചാർജും വരിക.
സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം കാണുക.
സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന അനുഭവപ്പെടുക.
സ്തനങ്ങളിലെ എല്ലാ മുഴകളും സ്തനാർബുദം ആകണമെന്നില്ല...
ആരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കിൽ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനാർബുദത്തിൻറെ സർവസാധാരണമായ ലക്ഷണമാണ് സ്തനങ്ങളിൽ പ്രത്യക്ഷമാകുന്ന മുഴ. എന്നാൽ സ്തനങ്ങളിലെ എല്ലാ മുഴകളും സ്തനാർബുദം ആകണമെന്നില്ല.
സാധാരണ ഗതിയിൽ പുറത്തേക്ക് തള്ളി നിൽക്കേണ്ട മുലക്കണ്ണുകൾ പരന്നിരിക്കുന്നതോ ഉള്ളിലേക്ക് വലിയുന്നതോ സ്തനാർബുദ ലക്ഷണമാണ്. ഇതിനൊപ്പം മുലക്കണ്ണുകളുടെ നിറത്തിലും രൂപത്തിലും വ്യത്യാസമുണ്ടാകാം. ശരീരത്തിൽ പ്രകടമാകുന്ന ഇത്തരത്തിലുള്ള സ്തനാർബുദ സൂചനകൾ ആരംഭത്തിലെ കണ്ടെത്താൻ സ്വയം പരിശോധന നടത്താം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി കണ്ണാടിക്ക് മുമ്പിൽ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം.
Read more പപ്പായ ഇലയെ നിസാരമായി കാണേണ്ട ; ഗുണങ്ങൾ ഇതൊക്കെയാണ്