പത്തുകുപ്പി ബിയർ അകത്താക്കി മൂത്രമൊഴിക്കാതെ കിടന്നുറങ്ങിയ യുവാവിന് സംഭവിച്ചത്

By Web TeamFirst Published Jun 24, 2020, 10:36 AM IST
Highlights

18 മണിക്കൂർ നേരം കിടന്നുറങ്ങി കടുത്ത വയറുവേദനയോടെ ആശുപത്രിയിലെത്തിയ അയാളുടെ യൂറിനറി ബ്ലാഡർ സ്കാൻ ചെയ്തുനോക്കിയ ഡോക്ടർമാർ ഞെട്ടിപ്പോയി. 

മൂത്രശങ്ക. അത് അത്രക്ക് ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല. വേണ്ടവിധത്തിൽ യഥാസമയം പരിഹരിച്ചില്ലെങ്കിൽ അത് ഒരാളുടെ ജീവൻ വരെ ആശങ്കയിലാക്കാം എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയതാണ് നാല്പതുകാരനായ ഹു. എത്ര കുപ്പി ബിയർ അകത്താക്കി എന്ന് ഹുവിന് നല്ല ഓർമ്മ ഇപ്പോഴുമില്ലെങ്കിലും, കൊണ്ടുവന്ന ഒരു ക്രെയ്‌റ്റ് ബിയറിൽ പത്തു കുപ്പിയും അയാൾ കാലിയാക്കി എന്ന് പിന്നീട് സുഹൃത്തുക്കൾ അയാളുടെ റൂമിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാലിക്കുപ്പികൾ സാക്ഷ്യം പറഞ്ഞു. ഒറ്റയിരിപ്പിന് പത്ത് കുപ്പി ബിയർ.

ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരളവിൽ മദ്യം ശരീരത്തിലെത്തിക്കുന്നതിന് 'ബിഞ്ച്' ഡ്രിങ്കിങ് എന്നാണ് ഡോക്ടർമാർ പറയുന്നത്. വളരെ അപകടകരമായ ഒരു പ്രവൃത്തിയാണിത്. ഇങ്ങനെ കുടിച്ച് ലക്കുകെടുക മാത്രമല്ല ഹു ചെയ്തത്, യാതൊരു ബോധവുമില്ലാതെ കിടന്നുറങ്ങിയ ഹു, ഇത്രയും ബിയർ കുടിച്ചതുകാരാണം അയാളുടെ ബ്ലാഡറിൽ നിറഞ്ഞ മൂത്രം ഒഴിച്ച് കളയാതെ അടുത്ത 18 മണിക്കൂർ നേരം കിടന്നുറങ്ങുക കൂടി ചെയ്തുകളഞ്ഞു. അത് അയാൾക്കുണ്ടാക്കിയ പ്രയാസങ്ങൾ ചില്ലറയായിരുന്നില്ല.

 



തന്റെ കുംഭകർണനിദ്ര കഴിഞ്ഞ് അടുത്ത ദിവസം വൈകുന്നേരത്തോടടുപ്പിച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ടാണ് ഹു ഉറക്കമുണരുന്നത്. അയാളെ അധികം താമസിയാതെ സെയ്‌ജിയാങ്ങിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

അയാളുടെ യൂറിനറി ബ്ലാഡർ സ്കാൻ ചെയ്തുനോക്കിയ ഡോക്ടർമാർ ഞെട്ടി. മൂത്രം നിറഞ്ഞ് പൊട്ടിത്തെറിച്ച അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു അയാളുടെ മൂത്രസഞ്ചി.മൂന്നിടത്താണ് ബ്ലാഡർ പൊട്ടിയിരിക്കുന്നത്. മൂത്രം ഒഴിച്ച് കളയേണ്ട സമയം കഴിഞ്ഞും പിടിച്ചുവെച്ച ഹുവിന് ഇപ്പോൾ അത് സ്വയമേവ ഒഴിച്ച് കളയാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ടായിരുന്നു. നിൽക്കാനോ ഇരിക്കാനോ കിടക്കാനോ വയ്യാത്ത അവസ്ഥ.

മൂത്രസഞ്ചിയിൽ ഉണ്ടായ ഈ 'വിസ്ഫോടനം' കാരണമുണ്ടായ ഛേദത്തിലൂടെ അയാളുടെ കുടൽ മൂത്രസഞ്ചിക്കുള്ളിലേക്ക് കയറി ഇരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടായിരുന്നു. ഉടനടി ശസ്ത്രക്രിയ ചെയ്ത് പരിഹരിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെടാവുന്ന അവസ്ഥ. ഭാഗ്യത്തിന് കൃത്യസമയത്ത് ആശുപത്രിയിലെത്തിയ ഹു അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. മുറിവുകൾ പൂർണമായും ഉണങ്ങിയിട്ടില്ലാത്തതിനാൽ വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ അയാൾ. ഒരു മാസത്തെ ടോട്ടൽ ബെഡ് റെസ്റ്റാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.

 



ഇത്തരത്തിലുള്ള മൂത്രസഞ്ചി വിസ്ഫോടനങ്ങൾ വൈദ്യശാസ്ത്രത്തിൽ തന്നെ വളരെ അപൂർവമായി സംഭവിക്കുന്ന കേസാണെങ്കിലും, വർഷത്തിൽ ഒരു കേസെങ്കിലും, ഹുവിനെപ്പോലെ ഇപ്പോഴും ചൈനയിലെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടത്രെ. അവർ എല്ലാവരും തന്നെ ആവശ്യത്തിൽ അധികം ബിയർ കഴിച്ച് കിടന്നുറങ്ങിപ്പോകുന്നവർ തന്നെ.

കണക്കില്ലാതെ ബിയർ അകത്താക്കുന്നവർക്കൊക്കെ ഒരു പാഠമാണ് ഹുവിന്റെ ദുരനുഭവം എന്നും, ഇടയ്ക്കിടെ പോയി മൂത്രമൊഴിച്ച് ബ്ലാഡർ കാലിയാക്കി കിടന്നുറങ്ങിയില്ലെങ്കിൽ ഇതേ അനുഭവം ലോകത്തെവിടെയും ആർക്കും വരാമെന്നും ഹുവിനെ ചികിത്സിച്ച ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

click me!