
നിരവധി ഹോളിവുഡ് സിനിമകളിലടക്കം ചിത്രീകരിക്കപ്പെട്ട കൊലപാതക രീതിയാണ് 'എയര്‍ എംബോളിസം'. തെളിവുകളില്ലാതെ ജീവന്‍ ഇല്ലാതാക്കാന്‍ കുറ്റവാളികള്‍ കണ്ടെത്തുന്ന കൊലപാതക രീതി. ഇതേ പ്ലാന്‍ തന്നെയാണ് പത്തനംതിട്ട പരുമലയിൽ ആണ്‍ സുഹൃത്തിനെ സ്വന്തമാക്കാന്‍ 25കാരി അനുഷയും നടപ്പാക്കാന്‍ ശ്രമിച്ചത്. പ്രസവത്തിന് ശേഷം ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ആണ് അനുഷ എയര്‍ എംബോളിസത്തിലൂടെ ഇല്ലാതാക്കാന്‍ നോക്കിയത്.
എന്താണ് എയര്‍ എംബോളിസം?
രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന പ്രക്രിയ ആണ് എയര്‍ എംബോളിസം. ഗ്യാസ് എംബോളിസം എന്നും ഇത് അറിയപ്പെടുന്നു. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാം. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം. കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കില്‍, ഹൃദയ , ശ്വാസകോശം അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.
പരുമലയിൽ സംഭവിച്ചത്...
പത്തനംതിട്ട പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറിയ അനുഷ ലക്ഷ്യമിട്ടത് എയർ എംപോളിസം മാർഗത്തിലൂടെ യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കാനായിരുന്നു. ആശുപത്രിക്കുള്ളില്‍ കടന്ന പുല്ലകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷയുടെ നീക്കം ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് പൊളിഞ്ഞത്. പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്നേഹ എന്ന യുവതി. അനുഷ നഴ്‌സിന്റെ വേഷത്തിലാണ് കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാൽ ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നീക്കം പൊളിഞ്ഞത്. സ്നേഹയുടെ ഭർത്താവായ അരുണിനെ സ്വന്തമാക്കാനാണ് അനുഷ കാലപാതകം ആസൂത്രണം ചെയ്തത്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നെന്നും വിവരമുണ്ട്.
ഫാര്‍മസിസ്റ്റായിരുന്ന അനുഷ സമർത്ഥമായി എയര്‍ എംബോളിസം മാർഗം അവലംബിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തിരുവല്ല പുളിക്കീഴ് പൊലീസ് അനുഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Also Read: എല്ലാം അരുണിനെ സ്വന്തമാക്കാൻ! അവസാനം പൊലീസിന് അനുഷയുടെ മൊഴി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam