
ഏറെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. ഇക്കഴിഞ്ഞ ദിവസം നടിയും വ്ളോഗറുമായ പ്രിയ മോഹന്‍ തനിക്ക് ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഈ രോഗത്തെ കുറിച്ച് ആളുകള്‍ കൂടുതലായി അന്വേഷിക്കാന്‍ തുടങ്ങിയത്.
അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. പൊതുവേ ശരിയായ രോഗനിര്‍ണയം നടത്താന്‍ വളരെയധികം കാലതാമസം കണ്ടുവരാറുണ്ട്. ആയതുകൊണ്ടുതന്നെ ഈ രോഗികള്‍ വളരെയധികം കാലം വേദന സഹിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഫൈബ്രോമയാൾജിയയുടെ കൃത്യമായ കാരണം അജ്ഞാതമാണ്. എന്നിരുന്നാലും ചില മെഡിക്കൽ അവസ്ഥകൾ, മാനസിക സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ രോഗസാധ്യതയെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കേരളത്തില്‍ 3 - 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
ഫൈബ്രോമയാള്‍ജിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
1. പേശികളിലും സന്ധികളിലും വേദന
2. ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു.
3. ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദന അനുഭവപ്പെടാം
4. അകാരണമായ ക്ഷീണം
5. തലവേദന, ചെന്നിക്കുത്ത്
6. ഉറക്കക്കുറവ്
7. കാലുകളിലും കൈകളിലും മരവിപ്പ്
8. ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്
9. അകാരണമായ വ്യാകുലത, വിഷാദം
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.