
പുരുഷന്മാരിൽ മൂത്രസഞ്ചിക്ക് താഴെ മൂത്രനാളിക്കുഴലിനെ ആവരണം ചെയ്യുന്ന 20 മുതൽ 30 ഗ്രാം വരെ ഭാരമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.
കാരണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, അമിത ഭാരം തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കൂട്ടും. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടുന്നു.
ലക്ഷണങ്ങള്‍
പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. മൂത്രസംബന്ധമായ പ്രശ്നങ്ങൾ
പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ സാധാരണയായി കാണുന്ന ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രസംബന്ധമായ പ്രശ്നങ്ങൾ. മൂത്രത്തിലോ ശുക്ലത്തിലോ രക്തം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ ഉണ്ടാവുക, മൂത്ര തടസ്സം എന്നിവ ചിലപ്പോള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
2. മലാശയ ഭാഗത്ത് വേദന
മലാശയത്തിലെ സമ്മർദ്ദം, മലാശയ ഭാഗത്ത് വേദന, അടിവയറു വേദന തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ സൂചനയാകാം.
3. നടുവേദന
നടുവേദന, മറ്റ് അസ്ഥികള്‍ക്ക് വേദന, എല്ല് പൊട്ടുക തുടങ്ങിയവയും നിസാരമായി കാണേണ്ട.
4. ശരീരഭാരം കുറയൽ
മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അകാരണമായി ശരീരഭാരം കുറയുന്നതും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ സൂചനയാകാം.
5. അമിത ക്ഷീണം
അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണമായും ചിലപ്പോള്‍ ക്ഷീണം ഉണ്ടാകാം.
ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.
ചികിത്സ
ശസ്ത്രക്രിയ, ഹോര്‍മോണ്‍ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയവയാണ് ചികിത്സയില്‍ ഉള്‍പ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam