
അപമാനിക്കപ്പെടുമ്പോഴോ, നിരാശ തോന്നുമ്പോഴോ, ഭീഷണികൾ നേരിടേണ്ടി വരുമ്പോഴോ അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാകുമ്പോഴോ ഒക്കെ ഉണ്ടാകുന്ന തികച്ചും സ്വാഭാവികമായ ഒരു വികാരമാണ് ദേഷ്യം. ഇത് പെട്ടെന്നുണ്ടാകുന്ന വൈകാരികമായ പ്രതികരണമായിട്ടാണ് പുറത്തുവരുന്നത്. ദേഷ്യം നമ്മുടെ പെരുമാറ്റത്തെയും പ്രതികരണങ്ങളെയും ബാധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ദേഷ്യം നമ്മുടെ ശാരീരിക ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്.
നമ്മൾ ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയിലൂടെയാണ് അത് സാധാരണമാണോ അതോ അസ്വാഭാവികമാണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നത്. ബഹളം വെക്കുന്നതും ശാരീരികമായി അക്രമം കാണിക്കുന്നതുമാണ് മിക്ക ആളുകളും ദേഷ്യമായി കണക്കാക്കുന്നത്. എന്നാൽ പ്രകടമാക്കാതെ ഉള്ളിൽ കൊണ്ടുനടക്കുന്ന ശാന്തമായ ദേഷ്യമാണ് കൂടുതൽ അപകടകരമെന്ന് സൈക്യാട്രിസ്റ്റ് വ്യക്തമാക്കുന്നു.
ദേഷ്യം പരിധി വിടുന്നു എന്ന് തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം, ദേഷ്യപ്പെട്ടതിന് ശേഷം ഉണ്ടാകുന്ന കുറ്റബോധം അല്ലെങ്കിൽ പശ്ചാത്താപം ആണ്. ദേഷ്യപ്രകടനത്തിന് ശേഷം പലരും ക്ഷമ ചോദിക്കുകയും 'ഞാൻ എന്തിനാണ് അത്രയധികം ദേഷ്യപ്പെട്ടത്?' എന്ന് സ്വയം ചിന്തിക്കുകയും ചെയ്യാറുണ്ട്. സാഹചര്യത്തിന് അനുയോജ്യമായ രീതിയിലല്ല താൻ പ്രതികരിച്ചതെന്ന ആന്തരികമായ തിരിച്ചറിവ് അവർക്ക് ഉണ്ടെന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ദേഷ്യം ന്യായമായതാണെങ്കിൽ ഇത്തരം ചിന്തകൾ ഉണ്ടാകില്ല.
ദേഷ്യം ഒരു വൈകാരിക പ്രതികരണമായി തോന്നാമെങ്കിലും, ഇതിന്റെ ആഘാതം മനസ്സിൽ മാത്രം ഒതുങ്ങുന്നില്ല. പെട്ടെന്നുണ്ടാകുന്ന ഇത്തരം വൈകാരിക ചിന്തകൾ ശരീരത്തിൽ പല മാറ്റങ്ങളും വരുത്തുന്നു. ഇത് തുടർച്ചയായി ഉണ്ടാകുമ്പോൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
ദേഷ്യം വരുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഓരോ തവണ ദേഷ്യപ്പെടുമ്പോഴും ശരീരത്തിൽ അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനും രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമാകുന്നു. ഇതിന്റെ ഫലമായി ഉറക്കമില്ലായ്മ, തലവേദന, അറിവില്ലാതെ താടിയെല്ലുകൾ ശക്തമായി അമർത്തിപ്പിടിക്കുക, ദഹനപ്രശ്നങ്ങൾ, ഹൃദയത്തിന് അമിതമായ സമ്മർദ്ദം എന്നിവ ഉണ്ടാകാം. പലപ്പോഴും ദേഷ്യം മൂലമാണ് ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്ന് ആളുകൾ തിരിച്ചറിയാറില്ല.
എപ്പോഴാണ് നിങ്ങൾ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടേണ്ടത്?
2. ചെറിയ കാര്യങ്ങൾക്ക് പോലും ഇടയ്ക്കിടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വരിക.
3. നിങ്ങളുടെ ദേഷ്യം ജോലിയെയോ, വ്യക്തിബന്ധങ്ങളെയോ, കുടുംബജീവിതത്തെയോ ബാധിക്കുമ്പോൾ.
4. സംസാരിക്കുമ്പോഴോ പെരുമാറുമ്പോഴോ അക്രമ സ്വഭാവം കാണിക്കുക.
5. ദേഷ്യപ്പെട്ടതിന് ശേഷം കടുത്ത കുറ്റബോധമോ, ലജ്ജയോ, മാനസികമായി തളർച്ചയോ അനുഭവപ്പെടുക.
6. ദേഷ്യം ശാന്തമാക്കാൻ മദ്യം, പുകവലി, അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുക.
7. ദേഷ്യത്തോടൊപ്പം വിട്ടുമാറാത്ത ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ അമിതമായ മാനസിക സമ്മർദ്ദം എന്നിവ ഉണ്ടാകുക, തുടങ്ങിയ സാഹചര്യങ്ങളിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam