
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ എം പോക്സ് കുതിച്ചുചാട്ടം അത്രമേൽ ഭീഷണിയായതോടെ ഇന്ന് ആഗോള തലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തന്നെയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈവർഷം ഇതുവരെ പതിനായിരക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എം പോക്സ് കാരണം അഞ്ഞൂറിലേറെ മരണവും റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുട എറ്റവും ഉയർന്ന ജാഗ്രതാ നിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച് വൺ എൻ വൺ, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള,കോവിഡ്, എംപോക്സ് എന്നിവയ്ക്കെതിരെ ആഗോള അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2009 മുതൽ ഇതുവരെ 7 തവണയാണ് ഡബ്യു എച്ച് ഒ ഇത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എം പോകിന്‍റെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷവും എം പോക്സ് ഭീതിയുടെ സാഹചര്യത്തിൽ ഡബ്യു എച്ച് ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam