കൊവിഡിന്റെ ഉറവിടം തേടി ചൈനയിലെത്തിയ വിദഗ്ധര്‍ ആശയക്കുഴപ്പത്തിലോ?

By Web TeamFirst Published Feb 27, 2021, 9:17 PM IST
Highlights

മാസങ്ങളായി തുടരുന്ന ഗവേഷണം ഇപ്പോഴും പാതിവഴി പോലും പിന്നിട്ടിട്ടില്ല എന്നതാണ് പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം വിവാദത്തിലായ, വുഹാനിലെ വൈറസ് റിസര്‍ച്ച് ലബോറട്ടറി സന്ദര്‍ശിച്ച വിദഗ്ധ സംഘം തുടര്‍ന്ന് ഗവേഷകരുമായി ഏറെ നേരം വിഷയം സംബന്ധിച്ച് ചര്‍ച്ചയും നടത്തി

കൊവിഡ് 19 എന്ന മഹാമാരിക്ക് കാരണമായിട്ടുള്ള കൊറോണ വൈറസിന്റെ ഉറവിടം തേടി ചൈനയിലെത്തിയ വിദഗ്ധ സംഘം ഗവേഷകരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ചൈനയിലെ വുഹാന്‍ നഗരമാണ് 2019 അവസാനത്തോടെ കൊറോണ വൈറസ് എന്ന രോഗകാരിയെ കണ്ടെത്തിയത്. 

തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനകം തന്നെ ഈ രോഗകാരി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്കെത്തി. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കവര്‍ന്നു. കോടിക്കണക്കിന് പേരെയാണ് ആകെയും രോഗം കടന്നുപിടിച്ചത്. പല രാജ്യങ്ങളും അന്നുവരെ കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധികള്‍ നേരിട്ടു. 

ഇതിനിടെ കൊറോണ വൈറസ്, വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്ന് പുറത്തെത്തിയതാണെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധര്‍ ചൈനയിലെത്തുന്നത്. 

മാസങ്ങളായി തുടരുന്ന ഗവേഷണം ഇപ്പോഴും പാതിവഴി പോലും പിന്നിട്ടിട്ടില്ല എന്നതാണ് പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം വിവാദത്തിലായ, വുഹാനിലെ വൈറസ് റിസര്‍ച്ച് ലബോറട്ടറി സന്ദര്‍ശിച്ച വിദഗ്ധ സംഘം തുടര്‍ന്ന് ഗവേഷകരുമായി ഏറെ നേരം വിഷയം സംബന്ധിച്ച് ചര്‍ച്ചയും നടത്തി. 

ആദ്യമായി കൊറോണ വൈറസ് എന്ന രോഗകാരിയെ തിരിച്ചറിയുകയും അതിലെ അപകടത്തെ കുറിച്ച് ഉറക്കെ സംസാരിക്കുകയും ചെയ്ത ഗവേഷകരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലബോറട്ടറിയില്‍ നിന്ന് പുറത്തെത്തിയ വൈറസാണിതെന്ന ആരോപണത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത മഹാഭൂരിപക്ഷം ഗവേഷകരും തള്ളുകയാണുണ്ടായത്. ചെറിയൊരു വിഭാഗം മാത്രം പരീക്ഷണങ്ങള്‍ക്കായി ലാബിലെത്തിച്ച വൈറസ് ലാബ് ജീവനക്കാരില്‍ ആരിലൂടെയോ പുറത്തെത്തിയതാകാമെന്ന വാദവും ഉന്നയിച്ചു. 

ലാബില്‍ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ള വിവിധ കൊറോണ വൈറസ് വിഭാഗങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ചൈന പുറത്തുവിടണമെന്ന നിര്‍ദേശവും ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കൊവിഡ് 19ന് കാരണമാകുന്ന ഇനം കൊറോണ വൈറസുമായി ഏറ്റവുമധികം സാദൃശ്യം ഇവയിലേത് വൈറസിനാണെന്ന് പരിശോധിക്കണമെന്നും ഇവരാവശ്യപ്പെടുന്നു. 

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രതികരണം ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനി വരാനിരിക്കുന്നതേയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടവുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം ഗവേഷകലോകത്തിനകത്തും ലോകാരോഗ്യ സംഘടന നിയോഗിച്ച വിദഗ്ധസംഘത്തിലുമെല്ലാം ഇപ്പോഴും തുടരുന്നതായി തന്നെയാണ് സൂചന. 

മൃഗങ്ങളില്‍ നിന്ന് വൈറസ് മാംസമാര്‍ക്കറ്റ് മുഖാന്തരം മനുഷ്യരിലെത്തിയെന്നതായിരുന്നു തുടക്കം മുതല്‍ തന്നെയുണ്ടായിരുന്നു മറ്റൊരു വിശദീകരണം. ഇത് പൂര്‍ണ്ണമായി തള്ളിക്കളയാനും വിദഗ്ധ സംഘം തയ്യാറായിട്ടില്ല. ഏതായാലും വരും നാളുകളിലെങ്കിലും ഇത് സംബന്ധിച്ച വസ്തുതകളെ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിയുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Also Read:- കൊവിഡിന് ശേഷവും ഏറെക്കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന അഞ്ച് ലക്ഷണങ്ങള്‍...

click me!