2020ല്‍ ഇന്ത്യയില്‍ 30 ലക്ഷത്തോളം കുട്ടികള്‍ ഡിടിപി വാക്‌സിനെടുത്തില്ല

Web Desk   | others
Published : Jul 15, 2021, 11:27 AM IST
2020ല്‍ ഇന്ത്യയില്‍ 30 ലക്ഷത്തോളം കുട്ടികള്‍ ഡിടിപി വാക്‌സിനെടുത്തില്ല

Synopsis

ഇന്ത്യയില്‍ 2020ല്‍ 30 ലക്ഷത്തോളം കുട്ടികള്‍ ഡിടിപി വാക്‌സിന്റെ ആദ്യഡോസ് എടുത്തില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. 2019ലെ കണക്ക് താരതമ്യപ്പെടുത്തുമ്പോള്‍ ആഗോളതലത്തില്‍ 35 ലക്ഷത്തിലധികം കുട്ടികള്‍ ഡിടിപി ആദ്യ ഡോസും, മുപ്പത് ലക്ഷം കുട്ടികള്‍ മീസില്‍സ് (അഞ്ചാംപനി) ആദ്യ ഡോസും സ്വീകരിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്

അപകടകാരികളായ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കുട്ടികളിലെടുക്കുന്ന വാക്‌സിനേഷനാണ് ഡിടിപി വാക്‌സിനേഷന്‍. മൂന്ന് ഡോസുകളിലായാണ് കുട്ടികള്‍ക്ക് ഇത് നല്‍കിവരാറുള്ളത്. ഡിഫ്ത്തീരിയ, പെര്‍ട്ടൂസിസ്, ടെറ്റനസ് എന്നീ രോഗങ്ങള്‍ക്കെതിരെയാണ് ഈ വാക്‌സിന്‍ പ്രയോഗിക്കുന്നത്. 

എന്നാല്‍ ഇന്ത്യയില്‍ 2020ല്‍ 30 ലക്ഷത്തോളം കുട്ടികള്‍ ഡിടിപി വാക്‌സിന്റെ ആദ്യഡോസ് എടുത്തില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. 2019ലെ കണക്ക് താരതമ്യപ്പെടുത്തുമ്പോള്‍ ആഗോളതലത്തില്‍ 35 ലക്ഷത്തിലധികം കുട്ടികള്‍ ഡിടിപി ആദ്യ ഡോസും, മുപ്പത് ലക്ഷം കുട്ടികള്‍ മീസില്‍സ് (അഞ്ചാംപനി) ആദ്യ ഡോസും സ്വീകരിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതില്‍ തന്നെ ഡിടിപി വാക്‌സിനെടുക്കാത്ത കുട്ടികള്‍ ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്. മുപ്പത്തിയഞ്ച് ലക്ഷത്തിലെ മുപ്പത് ലക്ഷവും ഇന്ത്യയില്‍ നിന്നുള്ള കണക്കാണ്. 2019ല്‍ 1,403,000 കുട്ടികള്‍ക്കാണ് ഡിടിപി ആദ്യ ഡോസ് നഷ്ടപ്പെട്ടതെങ്കില്‍ 2020ല്‍ അത് 3,038,000 കുട്ടികളായി ഉയര്‍ന്നിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയും യൂനിസെഫും പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. 

 


'ഇടത്തരം സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങളില്‍ കുട്ടികളുടെ ആരോഗ്യം സുരക്ഷിതമല്ലെന്ന തരത്തിലുള്ള സൂചനകളാണ് കണക്കുകള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാതിരുന്ന സാഹചര്യവും ഇതിന്റെ ഭാഗമായി തന്നെയാണ് കണക്കാക്കാനാവുക. ഇന്ത്യയുടെ കാര്യം എടുത്തുപറയേണ്ടതുണ്ട്. ഡിടിപി-3 വാക്‌സിന്‍ കവറേജ് 91 ശതമാനത്തില്‍ നിന്ന് 85 ശതമാനത്തിലേക്ക് താഴുകയാണുണ്ടായിരിക്കുന്നത്...'- ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് 19 മഹാമാരിയാണ് 2020 വാക്‌സിനേഷനുകളെയെല്ലാം ഇത്തരത്തില്‍ ബാധിച്ചത്. ലോകത്ത് തന്നെ ഏതാണ്ട് രണ്ടര കോടിയോളം കുട്ടികള്‍ക്ക് 2020ല്‍ കൊവിഡ് വന്നെത്തിയത് മൂലം വിവിധ വാക്‌സിനുകള്‍ ലഭിച്ചിട്ടില്ല. ചിലയിടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചില്ല, ചിലയിടങ്ങളിലാണെങ്കില്‍ ക്ലിനിക്കുകളുണ്ടെങ്കിലും കൊവിഡ് പേടിയില്‍ ആളുകള്‍ മറ്റ് ആശുപത്രി ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയില്ല. 

അതേസമയം പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ പോലും വാക്‌സിനുകള്‍ സ്വീകരിക്കാതിരിക്കുന്നത് ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ തീര്‍ക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 

 

 

'കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ വലിയ ഒച്ചപ്പാടുകളുണ്ടാക്കിയ രാജ്യങ്ങള്‍ പോലും മറ്റ് വാക്‌സിനേഷനുകളുടെ കാര്യത്തില്‍ ഏറെ പിറകിലാണ്. അഞ്ചാംപനിയോ പോളിയോയോ മെനിഞ്ചൈറ്റിസോ പോലുള്ള രോഗങ്ങളിലേക്ക്, അതിന്റെ ഭീഷണിയിലേക്ക് കുട്ടികളെ എറിഞ്ഞ് കൊടുക്കുന്നത് പോലെയാണിത്. നിലവില്‍ കൊവിഡ് മൂലം തന്നെ മിക്കയിടങ്ങളിലെയും ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം തകര്‍ന്നിരിക്കുകയാണ്. ഇതിന് പുറമെ മറ്റ് രോഗങ്ങള്‍ കൂടി ഉയര്‍ന്നുവന്നാല്‍ സ്ഥിതി നിയന്ത്രണാതീതമാകും. അതിനാല്‍ കുട്ടികള്‍ക്ക് അതത് സമയങ്ങളില്‍ തന്നെ വാക്‌സിനേഷനെടുക്കാന്‍ ശ്രദ്ധിക്കുക...'- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനോം പറഞ്ഞു.

Also Read:- 'സ്വകാര്യമേഖലയിലെ വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയില്‍'; ആശങ്കയെന്ന് കേന്ദ്രം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!