വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിനിധികളുമായി ഹെല്‍ത്ത് സെക്രട്ടറി നടത്തിയ യോഗത്തിലാണ് സ്വകാര്യമേഖലയിലെ വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന വിലയിരുത്തല്‍ വന്നത്

രാജ്യത്ത് പൊതുമേഖലയ്ക്ക് പുറമെ സ്വകാര്യമേഖലയിലും കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയില്‍ വാക്‌സിനേഷന്‍ പ്രക്രിയ വേഗതയില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും കേന്ദ്രം അറിയിച്ചു. 

വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിനിധികളുമായി ഹെല്‍ത്ത് സെക്രട്ടറി നടത്തിയ യോഗത്തിലാണ് സ്വകാര്യമേഖലയിലെ വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന വിലയിരുത്തല്‍ വന്നത്. 

15 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമായുള്ള പ്രതിനിധികളാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, തെലങ്കാന, അരുണാചല്‍പ്രദേശ്, കര്‍ണാടക, കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദില്ലി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതിനിധികളെത്തിയത്. 

ഇവിടങ്ങളിലെല്ലാം സ്വകാര്യമേഖലയിലെ വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇനി ഓരോ ദിവസവും ഇത് സംബന്ധിച്ച വിവരങ്ങള്‍ പുതുക്കി വിലയിരുത്തേണ്ടതുണ്ടെന്നും അതിനായി പ്രത്യേക ചുമതല സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. 

'ചിലയിടങ്ങളില്‍ വാക്‌സിന്റെ വില നല്‍കാതിരിക്കുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. അക്കാര്യവും ശ്രദ്ദിക്കേണ്ടതുണ്ട്...'- യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. കൊവിഡ് നിര്‍മ്മാതാക്കളായ ഭാരത് ബയോട്ടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Also Read:- 'ലോംഗ് കൊവിഡ്' കൂടുതലും സ്ത്രീകളിലോ?; അറിയാം ഇക്കാര്യങ്ങള്‍...