എന്തുകൊണ്ട് മുഖത്ത് പാടുകളും നിറവ്യത്യാസങ്ങളും?; പരിഹാരമായി ചെയ്യാവുന്നത്...

By Web TeamFirst Published Dec 1, 2022, 5:29 PM IST
Highlights

മുഖത്ത് പാടുകളോ നിറവ്യത്യാസമോ എല്ലാം വരുന്നതാണ് മിക്കവരെയും കൂടുതല്‍ വിഷമത്തിലാക്കുന്നത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ആയുര്‍വേദ വിധിപ്രകാരം ഇവ പരിഹരിക്കാൻ ചെയ്യാവുന്ന ചില മാര്‍ഗങ്ങളും അറിയാം. 

മുഖചര്‍മ്മം എപ്പോഴും മനോഹരമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. അത് പുരുഷന്മാരായാലും സ്ത്രീകളായാലും- ഏത് പ്രായത്തിലുള്ളവരാണെങ്കിലും ശരി. എന്നാല്‍ മുഖചര്‍മ്മം ഭംഗിയായി സൂക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. 

മുഖത്ത് പാടുകളോ നിറവ്യത്യാസമോ എല്ലാം വരുന്നതാണ് മിക്കവരെയും കൂടുതല്‍ വിഷമത്തിലാക്കുന്നത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ആയുര്‍വേദ വിധിപ്രകാരം ഇവ പരിഹരിക്കാൻ ചെയ്യാവുന്ന ചില മാര്‍ഗങ്ങളും അറിയാം. 

കാരണങ്ങള്‍...

മുഖചര്‍മ്മത്തില്‍ നിറവ്യത്യാസങ്ങളോ പാടുകളോ കറുപ്പോ എല്ലാം വരുന്നതിന് പല കാരണങ്ങളാണ് വരുന്നത്. ഹോര്‍മോണ്‍ വ്യതിയാനം ഇതിലൊന്നാണ്. ഏത് പ്രായത്തിലും ആരിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. ആര്‍ത്തവപ്രശ്നങ്ങള്‍ പോലുള്ള ജൈവികമായ കാരണങ്ങള്‍ മുതല്‍ സ്ട്രെസ് പോലുള്ള പുറമെ നിന്നുള്ള കാരണങ്ങള്‍ വരെ ഹോര്‍മോണ്‍ നിലയെ സ്വാധീനിക്കാം. പ്രത്യേകിച്ച് സ്ത്രീകളാണ് അധികവും ഇത്തരം പ്രശ്നങ്ങള്‍ നേരിടാറ്. പിസിഒഎസ്, ഹൈപ്പോതൈറോയ്ഡിസം, ഗര്‍ഭം, ആര്‍ത്തവവിരാമം എന്നിങ്ങനെയുള്ള ഘട്ടങ്ങളിലെല്ലാം ഹോര്‍മോണ്‍ വ്യതിയാനം ചര്‍മ്മത്തെ ബാധിക്കാം. 

കാര്യമായ രീതിയില്‍ വെയിലേല്‍ക്കുന്നവരാണെങ്കില്‍ ഇതും ചര്‍മ്മത്തിന് ദോഷകരമായി വരാം. നിറവ്യത്യാസം, കറുപ്പ്, മുഖക്കുരു എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. പെട്ടെന്ന് പ്രായം തോന്നിക്കുന്നതിനും ഇവയെല്ലാം കാരണമാകാം. 

ചര്‍മ്മത്തിനേല്‍ക്കുന്ന എന്തെങ്കിലും തരത്തിലുള്ള പരുക്കുകളോ മുറിവുകളോ എല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തെ ദോഷമായി ബാധിക്കാം. മുഖക്കുരു, മുഖചര്‍മ്മത്തില്‍ പരുക്ക്, ചിക്കൻ പോക്സ് പോലുള്ള രോഗങ്ങളുണ്ടാക്കുന്ന പാടുകള്‍ എല്ലാം ഇങ്ങനെ അവശേഷിക്കാം. 

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനില്‍ക്കാത്ത നിര്‍ജലീകരണം എന്ന അവസ്ഥയിലും മുഖചര്‍മ്മം പ്രശ്നത്തിലാകാം. 

അതുപോലെ ചില മരുന്നുകളുടെ ഉപയോഗവും മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. ഇതും കാര്യമായി ഹോര്‍മോണ്‍ വ്യതിയാനത്തിന് ഇടയാക്കുന്നുവെന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 

പരിഹാരമായി ചെയ്യാവുന്നത്...

ആയുര്‍വേദ വിധി പ്രകാരം മുഖചര്‍മ്മത്തിനേല്‍ക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഫേഷ്യല്‍ ഓയിലുകള്‍ വച്ച് മുഖചര്‍മ്മം മസാജ് ചെയ്യാവുന്നതാണ്. ചന്ദനം, തേങ്ങ, നാല്‍പാമരാദി, കുങ്കുമാദി എണ്ണകളെല്ലാം ഇത്തരത്തില്‍ പതിവായി ഉപയോഗിക്കാവുന്നതാണ്. 

പതിവായി മുഖത്ത് തക്കാളി അരച്ച് തേക്കുന്നതും വളരെ നല്ലതാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന 'ലൈസോപീൻ' എന്ന ഘടകം യുവി കിരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന കേടുപാടുകള്‍ നീക്കാൻ സഹായകമാണ്. ഇരുപത് മിനുറ്റോളം തക്കാളി പേസ്റ്റ് മുഖത്ത് തേച്ചുവച്ച ശേഷം കഴുകിക്കളയുകയാണ് വേണ്ടത്. 

മഞ്ഞള്‍ കൊണ്ടുള്ള ഫേസ് പാക്കും വളരെ നല്ലതാണ്. ഒരു ടീസ്പൂണ്‍ കടലമാവ്, തൈര്, 2 ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ യോജിപ്പിച്ച് മുഖത്തിടുന്നത് വളരെ നല്ലതാണ്. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം ഉണങ്ങിക്കഴിയുമ്പോള്‍ മാറ്റാവുന്നതാണ്. ഇളം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയുന്നതാണ് ഉചിതം. 

ചുവന്ന പരിപ്പ് കൊണ്ടും ഇതുപോലെ ഫേസ് മാസ്ക് തയ്യാറാക്കാ. 50 ഗ്രാം ചുവന്ന പരിപ്പ് കുതിര്‍ത്തുവച്ച ശേഷം ഇത് അരച്ചെടുത്ത് മുഖത്തിട്ടാല്‍ മതി. ഇത് ദിവസവും ചെയ്യാവുന്നതാണ്. 

സണ്‍സ്ക്രീൻ ഉപയോഗം...

ചര്‍മ്മത്തെ നിറവ്യത്യാസത്തില്‍ നിന്നും മറ്റ് പരുക്കുകളില്‍ നിന്നും രക്ഷപ്പെടുത്താൻ ഏറ്റവും നല്ലത് സണ്‍ സ്ക്രീനിന്‍റെ പതിവായ ഉപയോഗമാണ്. കഴിയുന്നതും ദിവസത്തില്‍ രണ്ടോ മൂന്നോ നേരമെങ്കിലും സണ്‍ സ്ക്രീൻ ഉപയോഗിക്കുക. 

Also Read:- കെമിക്കലുകളില്ലാതെ മുഖം മിനുക്കാം; തുളസി അടക്കം ഉപയോഗിക്കാവുന്ന ചെടികള്‍...

click me!