പതഞ്‌ജലി പുറത്തിറക്കിയ 'കൊറോണിൽ' എന്ന മരുന്നിന്റെ വില്പന കേന്ദ്രം തടഞ്ഞത് എന്തിനാണ് ?

By Web TeamFirst Published Jun 25, 2020, 2:20 PM IST
Highlights

ഇന്ത്യയിൽ കൊവിഡ് വിരുദ്ധ പ്രതിരോധ പോരാട്ടങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഐസിഎംആറിനു പോലും പതഞ്ജലിയുടെ കൊറോണിൽ എന്ന ഈ മരുന്നിനെപ്പറ്റി യാതൊരു വിധത്തിലുള്ള അറിവുമില്ല എന്നതും ശ്രദ്ധേയമാണ്. 
 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി ആയുർവേദ കൊവിഡിനുള്ള മരുന്ന് എന്ന അവകാശവാദത്തോടെ കൊറോണിൽ, ശ്വാസാരി വടി, അണു തൈലം എന്നിങ്ങനെ മൂന്നു മരുന്നുകളടങ്ങിയ ഒരു കിറ്റ് പുറത്തിറക്കിയത്. അശ്വഗന്ധ, തുളസി തുടങ്ങി നൂറിലധികം മൂലകങ്ങൾ തങ്ങൾ ഈ കോവിഡ് മരുന്നിന്റെ നിർമാണത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ലോഞ്ച് ചടങ്ങിനിടെ ബാബാ രാംദേവ് അവകാശപ്പെട്ടത്.  പരീക്ഷണ ഘട്ടത്തിൽ തങ്ങൾ ഈ മരുന്നുകൾ, രണ്ടു ഘട്ടമായി നിരവധി കൊവിഡ് രോഗികൾക്കുമേൽ ഫലപ്രദമായി പ്രയോഗിച്ചു എന്നും വെറും ഒരാഴ്ചയ്ക്കകം അവരുടെയെല്ലാം രോഗം പൂർണമായും ഭേദപ്പെട്ടു എന്നുമൊക്കെ പതഞ്‌ജലി ടീം മാധ്യമങ്ങളോട് പറഞ്ഞു. 

Launch of first and foremost evidence-based ayurvedic medicine for Covid-19 pic.twitter.com/3hiyUSnZJX

— Patanjali Ayurved (@PypAyurved)


എന്നാൽ ഈ ലോഞ്ചിങ് ചടങ്ങിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ച  കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്ക് പറഞ്ഞത് കേന്ദ്രം പതഞ്‌ജലി സമർപ്പിച്ച റിപ്പോർട്ടുകൾ വിശദമായി പഠിച്ച ശേഷം മാത്രമേ ഈ മരുന്ന് രാജ്യത്ത് വിറ്റഴിക്കുനതയിനുള്ള അനുമതി നല്കുന്നതിനെപ്പറ്റി ആലോചിക്കുകയുള്ളൂ എന്നാണ്.  "കൊവിഡിന് മരുന്നുമായി എത്താൻ ബാബാ രാംദേവ് കാണിച്ച ഉത്സാഹം മുഖവിലക്കെടുക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പാലിക്കാൻ പതഞ്ജലിയും ബാധ്യസ്ഥരാണ്. ആയുഷ് മന്ത്രാലയത്തെ സമീപിക്കാതെ ഇതുമായി മുന്നോട്ട് പോകാൻ സാധിക്കില്ല." ഇതുവരെ ഇങ്ങനെ ഒരു മരുന്നിനെപ്പറ്റി ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ പക്കൽ ഒരു വിവരവുമില്ല എന്നും. 'തങ്ങൾ നടത്തിയ ക്ലിനിക്കൽ ട്രയൽസിന്റെ റിപ്പോർട്ട് കേന്ദ്രത്തിന് അയച്ചിട്ടുണ്ട്' എന്ന് പതഞ്‌ജലി അവകാശപ്പെടുന്നതായി ഇപ്പോൾ മാധ്യമങ്ങളിലൂടെയാണ് താൻ അറിയുന്നതെന്നും മന്ത്രി പറഞ്ഞു. അങ്ങനെ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിൽ, അതിൽ പറഞ്ഞിട്ടുള്ള വിശദാംശങ്ങൾ - അതായത്, മരുന്നിന്റെ പേര്, അതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ, മരുന്ന് പരീക്ഷിച്ച രോഗികളുടെ സാമ്പിൾ സെറ്റിന്റെ വലിപ്പം, ട്രയൽസിന് സ്വീകരിച്ച മാനദണ്ഡങ്ങളിൽ ശാസ്ത്രീയത, ആശുപത്രികൾ ഏതൊക്കെ എന്നിങ്ങനെയുള്ള ഘടകങ്ങൾ ആയുഷ് മന്ത്രാലയത്തിന്റെ ഇൻസ്റ്റിട്യൂഷണൽ എത്തിക്സ് കമ്മിറ്റി പഠിച്ച ശേഷം മാത്രമേ വില്പനയ്ക്ക് ആവശ്യമായ ക്ലിയറൻസ് ലഭ്യമാവുകയുള്ളൂ. അതുവരെ ഇങ്ങനെ ഒരു മരുന്ന് വിൽക്കുകയോ, ഇതിനെപ്പറ്റി പരസ്യങ്ങൾ ചെയ്യുകയോ പാടില്ല എന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് നിഷ്കർഷിച്ചിട്ടുണ്ട്.

ഇങ്ങനെ ഒരു ഉത്തരവ് ആയുഷ് മിനിസ്ട്രിയിൽ നിന്ന് വന്നതോടെ പതഞ്‌ജലി പ്രതിരോധത്തിലായി. ആയുഷ് മന്ത്രാലയത്തിന്റെ പ്രതികരണത്തിന് പിന്നാലെ, ഇപ്പോൾ സംഭവിച്ചത് ഒരു 'കമ്യൂണിക്കേഷൻ ഗ്യാപ്പ്' മാത്രമാണ് എന്ന വിശദീകരണവുമായി പതഞ്‌ജലി സിഇഒ ആചാര്യ ബാലകൃഷ്ണയുടെ ട്വീറ്റ് വന്നു. "ആയുർവേദത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കുന്ന ആയുഷ് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായത് കമ്പനി പരിഹരിച്ചിട്ടുണ്ട്. ഇപ്പോൾ ആയുഷ് മന്ത്രാലയത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും നൽകിക്കഴിഞ്ഞു. പതഞ്‌ജലി റാൻഡമൈസ്‌ഡ്‌ പ്ലസീബോ കൺട്രോൾഡ് ക്ലിനിക്കൽ ട്രയൽസിന്റെ എല്ലാ മാനദണ്ഡങ്ങളും നൂറുശതമാനം പാലിച്ചുകൊണ്ടാണ് ഈ ഉത്പന്നം നിർമിച്ച് വിപണിയിൽ എത്തിച്ചിട്ടുള്ളത് " എന്നായിരുന്നു ബാലകൃഷ്ണയുടെ ട്വീറ്റ്. 

यह सरकार आयुर्वेद को प्रोत्साहन व गौरव देने वाली है जो communication gap था वह दूर हो गया है व Randomised Placebo Controlled Clinical Trials के जितने भी Standard Parameters हैं उन सबको 100% fullfill किया है इसकी सारी जानकारी हमने आयुष मंत्रालय को दे दी है pic.twitter.com/0CAMPZ3xvR

— Acharya Balkrishna (@Ach_Balkrishna)

 

ഇപ്പോൾ പതഞ്‌ജലി ചെയ്തിട്ടുള്ളതുപോലെ - 'ഏഴു ദിവസത്തിനുള്ളിൽ പൂർണമായും കൊവിഡ് മാറും' - എന്നതരത്തിൽ പരസ്യം നൽകുന്നത്, ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റിന്റെ (Drugs and Magic Remedies (Objectionable Advertisements) Act, 1954 ) ലംഘനമാണ് എന്നും ആയുഷ് മന്ത്രാലയം കമ്പനിയെ അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല, കോവിഡിന് മരുന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങളും, മരുന്നുകളുടെ നിർമാണവും, ട്രയലും ഒക്കെ എങ്ങനെ വേണം എന്നത് സംബന്ധിച്ച കൃത്യമായ ഗസറ്റ് നോട്ടിഫിക്കേഷനും ഏപ്രിൽ 21 -ണ് പുറത്തുവന്നിരുന്നു. അതും പതഞ്‌ജലി പാലിച്ചിട്ടില്ല. പതഞ്ജലിക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്ത ആയുഷ് വകുപ്പ്, അതോടൊപ്പം ഉത്തരാഖണ്ഡ് സർക്കാരിന്റെ ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാർട്ടുമെന്റിൽ നിന്ന് ഇങ്ങനെ ഒരു മരുന്ന് നിർമിക്കാൻ വേണ്ടി ഡിപ്പാർട്ട്മെന്റ് കൊടുത്തിട്ടുള്ള ഡ്രഗ്സ് ലൈസൻസിന്റെ ഒരു പകർപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊരു മരുന്നും നിർമിക്കുന്നതിന് ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ലൈസൻസ് അവശ്യം വേണ്ടുന്ന ഒരു രേഖയാണ്.  ആ ചോദ്യത്തോടുള്ള പ്രതികരണമായി തങ്ങൾ  പതഞ്ജലിക്ക് നൽകിയ ലൈസൻസ് പ്രതിരോധ ശേഷിക്കും ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്കുമുള്ള മരുന്നിനു മാത്രമാണ്  എന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിൽ ആയുർവേദ മരുന്ന് ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പതഞ്‌ജലി തങ്ങളെ ലൈസൻസിനായി സമീപിച്ചപ്പോൾ അപേക്ഷയിൽ കൊവിഡ് 19 എന്ന പേര് പോലും പരാമർശിച്ചിരുന്നില്ല എന്നും വകുപ്പിലെ ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് വിരുദ്ധ പ്രതിരോധ പോരാട്ടങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഐസിഎംആറിനു പോലും പതഞ്ജലിയുടെ കൊറോണിൽ എന്ന ഈ മരുന്നിനെപ്പറ്റിയോ കൊറോണാ കിറ്റിനെപ്പറ്റിയോ ഒന്നും യാതൊരു വിധത്തിലുള്ള അറിവുമില്ല എന്നതും ശ്രദ്ധേയമാണ്. 

എന്നാൽ, പുതിയ മരുന്നുകൾ കണ്ടെത്തി, അതിൽ ക്ലിനിക്കൽ ട്രയലുകൾ നടത്തി, സുരക്ഷിതമാണ് എന്നുറപ്പിച്ച്, ഡ്രഗ്സ് ലൈസൻസ് കിട്ടി അത് വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ച്, മാർക്കറ്റ് ചെയ്ത് ആദ്യ ഡോസ് വിൽക്കുന്നതിന് പിന്നിലെ സുദീർഘമായ പ്രക്രിയ പൂർത്തിയാക്കാൻ ഇന്ത്യയിലെ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും എടുക്കുമെന്നാണ് ഈ വിഷയത്തിലെ ആധികാരിക സ്ഥാപനമായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(CDSCO) പറയുന്നത്. അസാധാരണ സാഹചര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അസാധാരണമായ ശുഷ്കാന്തിയുടെ പുറത്ത് ഈ പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി എന്ന് കരുതിയാലും, ചുരുങ്ങിയത് പത്തുമാസം മുതൽ ഒരു വർഷം വരെ എങ്ങനെ പോയാലും ചുരുങ്ങിയത് എടുക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, പതഞ്‌ജലി എന്ന സ്വകാര്യ സ്ഥാപനം എങ്ങനെ ആഴ്ചകൾ കൊണ്ട് ഈ പ്രക്രിയകൾ പൂർത്തിയാക്കി മരുന്ന് വിപണിയിൽ ലോഞ്ച് ചെയ്തു എന്നത് പലർക്കും അതിശയം തോന്നിക്കുന്ന കാര്യമാണ്. 

 

 

ഇന്ത്യയിൽ നിർമിച്ചു പുറത്തിറക്കുന്ന എല്ലാ മരുന്നുകളെയും നിയന്ത്രിക്കുന്ന CDSCO ക്ക് ഈ മരുന്നിനെപ്പറ്റി യാതൊരു അറിവുമില്ലെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച മരുന്ന് വിപണിയിൽ ലോഞ്ച് ചെയ്ത ശേഷമാണ് പതഞ്‌ജലി ഒരു തേർഡ് പാർട്ടി സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയത് എന്ന വിവരം ബാലകൃഷ്ണ പുറത്തുവിട്ടത്. ഈ പറയുന്ന തേർഡ് പാർട്ടി ജയ്‌പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ നിംസ് എന്ന സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയാണ്. ഒരു ഡീംഡ് സ്വകാര്യ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് കഴിഞ്ഞ പത്തുവർഷമായി പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത മെഡിക്കൽ വിദ്യാഭ്യാസ ആരോഗ്യപരിചരണ സ്ഥാപനമാണ് നിംസ്. നിംസ് വൈസ് ചാൻസലർ  ഡോ. ബി എസ് തോമറിന്റെ നേതൃത്വത്തിലാണ് ട്രയലുകൾ നടന്നത് എന്നാണ് പതഞ്‌ജലി പറയുന്നത്. കൊറോനിലിന്റെ ലോഞ്ചിന്റെ സമയത്തും  ഡോ. ബി എസ് തോമർ ബാബാ രാംദേവിന്റെ തൊട്ടടുത്ത് തന്നെ ഇരിപ്പുമുണ്ടായിരുന്നു. മുപ്പതു ദിവസത്തെ കോഴ്സിന് 545 രൂപ നിരക്കിലാണ് ഇപ്പോൾ പതഞ്‌ജലി മരുന്ന് വിപണിയിൽ ഇറക്കിയിട്ടുള്ളത്. 

We've prepared the first Ayurvedic-clinically controlled, research, evidence & trial based medicine for COVID19. We conducted a clinical case study&clinical controlled trial, and found 69% patients recovered in 3 days & 100% patients recovered in 7 days: Yog Guru Ramdev, Haridwar pic.twitter.com/QFQSVF0JIh

— ANI (@ANI)

രാജസ്ഥാനിൽ കൊവിഡ് ബാധിതരായ രോഗികളിൽ പലരും നിംസിലും അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു എന്നും, അവരിൽ നൂറുപേരിലാണ് 21 ദിവസം നീണ്ടുനിന്ന ട്രയൽ നടന്നത് എന്നാണ് നിംസിന്റെ പിആർഒ ബിബിസിയോട് പറഞ്ഞത്. അവരിൽ നൂറുശതമാനം രോഗമുക്തി കണ്ടെത്തി എന്നാണ് നിംസ് അവകാശപ്പെടുന്നത്. 69 ശതമാനം പേർ മൂന്നു ദിവസത്തിനുള്ളിലും, ബാക്കിയുള്ളവർ ഏഴ് ദിവസത്തിനുള്ളിലും കൊവിഡ് മുക്തി നേടി എന്നാണ് പതഞ്ജലിയുടെ അവകാശ വാദം. എന്നാൽ, കൊവിഡ് ബാധിച്ച് ഐസൊലേഷൻ വാർഡിൽ കിടക്കുന്ന രോഗികളിൽ ചിലർ സ്വന്തം പ്രതിരോധ ശക്തി കൊണ്ടുതന്നെ സുഖം പ്രാപിക്കാറുണ്ട്. പതഞ്ജലിയുടെ ആയുർവേദ മരുന്ന് കഴിച്ചിട്ടാണ് ഈ രോഗികളുടെ കൊവിഡ് മാറിയത് എന്ന് സ്ഥിരീകരിക്കാൻ ഈ സാമ്പിൾ സൈസ് മതിയായെന്ന് വരില്ല. 

എന്തായാലും, കൊവിഡ് ചികിത്സയ്ക്കായി കോറോണിൽ ഉപയോഗിക്കുന്നത് തടഞ്ഞു കൊണ്ട് രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാരുകളുടെ ഉത്തരവ് എന്തായാലും ഇറങ്ങിക്കഴിഞ്ഞു. ആയുഷ് വകുപ്പ് തൽക്കാലത്തേക്ക് മരുന്നിന്റെ പരസ്യം നൽകുകയോ അത് വിറ്റഴിക്കുകയോ ചെയ്യരുത് എന്നും ഉത്തരവിട്ടുകഴിഞ്ഞു. ഇനി ഈ മരുന്ന് ഇത്ര പെട്ടെന്ന് പുറത്തിറക്കിയ കാര്യത്തിൽ എന്തൊക്കെയാണ് അണിയറയിൽ നടന്നിട്ടുളളത് എന്ന കാര്യം കേന്ദ്ര ഏജൻസികൾ നടത്തുന്ന പരിശോധനകൾ  പൂർത്തിയായാൽ മാത്രമേ വ്യക്തമാവുകയുള്ളൂ. 

click me!