
നമ്മുടെ ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. അതിനാല്‍ തന്നെ അസാധാരണമായ രീതിയില്‍ എന്തെങ്കിലും മാറ്റം ശരീരത്തില്‍ കണ്ടാല്‍ അത് നിസാരവത്കരിക്കരുത്. എന്തുകൊണ്ട് ആ മാറ്റം സംഭവിച്ചു എന്ന് പരിശോധനയിലൂടെ കണ്ടെത്തുന്നതാണ് ഉചിതം. മറിച്ച്, അതിനെ സ്വയം നിര്‍ണയം നടത്തി- ആശുപത്രിയില്‍ പോകാതെ ആശങ്കപ്പെടുകയും അരുത്.
ഇത്തരത്തില്‍ പലപ്പോഴും നിങ്ങള്‍ അനുഭവിച്ചിരിക്കാൻ സാധ്യതയുള്ളൊരു ആരോഗ്യപ്രശ്നവും അതിന്‍റെ കാരണങ്ങളും ആണിനി പങ്കുവയ്ക്കുന്നത്. പെട്ടെന്ന് നെഞ്ചിടിപ്പ് ഉയരുന്നതിനെ കുറിച്ചാണ് പറയുന്നത്. പേടിയോ ഉത്കണ്ഠയോ എല്ലാമുണ്ടാകുമ്പോള്‍ നെഞ്ചിടിപ്പ് ഉയരാറില്ലേ? ഇതുതന്നെ ഇടയ്ക്കിടെ സംഭവിച്ചാലോ? അതിന് കാരണമായി വന്നേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചറിയൂ...
ഒന്ന്...
ശാരീരികമായോ മാനസികമായോ ഉള്ള അധ്വാനം ഈ രീതിയില്‍ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കാൻ കാരണമാകും. കാര്യമായ അളവില്‍ വ്യായാമം ചെയ്യല്‍, കടുത്ത മാനസിക സമ്മര്‍ദ്ദം എല്ലാം ഇത്തരത്തില്‍ നെഞ്ചിടിപ്പിന് കാരണമാകുന്നു.
രണ്ട്...
ഹൃദയത്തെ ബാധിച്ചിരിക്കുന്ന ചില അസുഖങ്ങളുടെ ലക്ഷണമായും ഇടയ്ക്ക് നെഞ്ചിടിപ്പ് ഉയരാം. മറ്റ് ലക്ഷണങ്ങളൊന്നും ഒരുപക്ഷേ ഇതിനൊപ്പം പ്രകടമാകണമെന്നില്ല. ഇക്കാരണം കൊണ്ടാണ് പ്രധാനമായും നെഞ്ചിടിപ്പുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് നിര്‍ദേശിക്കുന്നത്.
മൂന്ന്...
ഹൃദയത്തിന് ഘടനാപരമായി എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാലും അത് അസാധാരണമായി, നെഞ്ചിടിപ്പിലേക്ക് നയിക്കാം. മിക്കവാറും ഇത് നവജാതശിശുക്കളിലോ കുട്ടികളിലോ എല്ലാമാണ് കാണുക.
നാല്...
മറ്റേതെങ്കിലും രോഗങ്ങളുടെയോ ആരോഗ്യാവസ്ഥകളുടെയോ ഭാഗമായും നെഞ്ചിടിപ്പ് വരാം. ശരീരത്തില്‍ ധാതുക്കളുടെ ബാലൻസ് തെറ്റുന്നത് (പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എല്ലാം കുറയുന്നത് ഉദാഹരണം), വിളര്‍ച്ച (അനീമിയ) രക്തത്തിലൂടെ വേണ്ടത്ര ഓക്സിജൻ കടന്നുപോകാത്ത അവസ്ഥ- എല്ലാം നെഞ്ചിടിപ്പ് കൂട്ടാം.
അഞ്ച്...
ഏതെങ്കിലും വിധത്തിലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതും നെഞ്ചിടിപ്പ് കൂട്ടാൻ കാരണമാകാറുണ്ട്. കഫീൻ, നിക്കോട്ടിൻ എന്നീ പദാര്‍ത്ഥങ്ങളെല്ലാം ഇതിനുദാഹരണമാണ്.
ആറ്...
ചില മരുന്നുകളും സപ്ലിമെന്‍റുകളും കഴിക്കുന്നതിന്‍റെ ഭാഗമായും നെഞ്ചിടിപ്പ് ഉയരാം. പ്രത്യേകിച്ച് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാതെ നേരിട്ട് പോയി വാങ്ങിക്കുന്ന മരുന്നുകളാണ് ഇതിന് കാരണമാവുക. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കണം. ആസ്ത്മ, ബിപി എന്നിവയ്ക്കുള്ള മരുന്നുകളെല്ലാം ഇത്തരത്തില്‍ നെഞ്ചിടിപ്പിന് കാരണമായി വരാം.
Also Read:- സൈലന്‍റ് കില്ലേഴ്സ് എന്നറിയപ്പെടുന്ന മൂന്ന് രോഗങ്ങള്‍; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-