
ബിപി അഥവാ രക്തസമ്മര്‍ദ്ദം മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെയധികം പ്രാധാന്യത്തോടെ ഇപ്പോള്‍ പലരും കണക്കാക്കുന്നുണ്ട്. ഹൃദയാഘാതം പോലെ ഗുരുതരമായ മറ്റ് പല അവസ്ഥകളിലേക്കും ബിപി നമ്മെ എത്തിക്കാമെന്ന അറിവാണ് ഈ ജാഗ്രതയ്ക്ക് പിന്നില്‍.
എന്നാല്‍ അപ്പോഴും ബിപിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാത്ത ആളുകള്‍ തന്നെയാണ് നമ്മുടെ നാട്ടില്‍ അധികവും എന്ന് കണക്കുകള്‍ തെളിയിക്കുന്നത്.. ഒന്ന് ലോകാരോഗ്യ സംഘടനയുടെ വിവരം പ്രകാരം തന്നെ ഇന്ത്യയില്‍ ബിപി രോഗികളുടെ എണ്ണം കൂടിവരുന്നു. അതില്‍ തന്നെ അപകടകരമല്ലാത്ത അവസ്ഥയിലുള്ളത് ആകെ 12 ശതമാനം മാത്രം.
അങ്ങനെയെങ്കില്‍ ബാക്കിയുള്ളവരത്രയും എത്രമാത്രം ആരോഗ്യപ്രതിസന്ധികള്‍ക്കുള്ള സാധ്യതയാലാണ് തുടരുന്നത് എന്നോര്‍ത്ത് നോക്കിക്കേ...
എന്തുകൊണ്ട് ഇത്രയും ബിപി രോഗികള്‍?
എന്തുകൊണ്ടാകാം നമ്മുടെ രാജ്യത്ത് ബിപി രോഗികളുടെ എണ്ണം ഇങ്ങനെ കൂടി വരുന്നത്? ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില കാരണങ്ങളിലേക്കാണ് നമ്മള്‍ പോകുന്നത്.
പുകവലി, മദ്യപാനം, മോശം ജീവിതരീതികള്‍, മറ്റ് അസുഖങ്ങള്‍, മോശം ഭക്ഷണരീതി, പാരമ്പര്യം എന്നിങ്ങനെ പല ഘടകങ്ങള്‍ ബിപിയിലേക്ക് നയിക്കാം. ഇതില്‍ നമ്മുടെ രാജ്യത്തേക്ക് വരുമ്പോള്‍ ഇവിടെ സവിശേഷമായും ശ്രദ്ധിക്കേണ്ട കാരണങ്ങള്‍ ഏതെല്ലാമാണെന്നാണ് പറയുന്നത്.
പാരമ്പര്യം...
ബിപി പാരമ്പര്യമായി കൈമാറപ്പെടുന്നതാണെന്നത് നേരത്തെ തന്നെ പഠനങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. ഇതാണ് ഇന്ത്യയില്‍ ബിപി രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലുള്ള ഒരു കാരണം. അതായത് ബിപിയുള്ളവരുടെ അടുത്ത തലമുറയിലേക്കും അത് ജനിതകമായി കൈമാറപ്പെടുന്നു. സ്വാഭാവികമായും രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകുമല്ലോ. ഇത്തരത്തില്‍ പരമ്പരാഗതമായി ബിപി കൈമാറിക്കിട്ടുന്നതില്‍ നമുക്ക് പരിഹാരമായി ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. അതേസമയം ബിപിയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഭക്ഷണം അടക്കമുള്ള ജീവിതരീതി അതിന് അനുസരിച്ച് മാറ്റി ബിപി നിയന്ത്രിച്ച് മുന്നോട്ട് പോകാൻ സാധിക്കുന്നതാണ്.
ഭക്ഷണരീതി...
ഇന്ത്യയിലെ പരമ്പരാഗതമായ ഭക്ഷണരീതി തന്നെ ബിപിക്ക് അനുകൂലമായ സാഹചര്യമാണുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ഉപ്പിന്‍റെ അമിതോപയോഗവും വലിയ രീതിയില്‍ ബിപി രോഗികളെ സൃഷ്ടിക്കാറുണ്ട്.
ഇനി പുതിയ ഭക്ഷണരീതി ആണെങ്കിലും ബിപിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ പരമ്പരാഗത ഭക്ഷണരീതിയെക്കാള്‍ റിസ്ക് ബിപിയുടെ കാര്യത്തിലുണ്ടാക്കുന്നുവെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്സ് എന്നിവയെല്ലാം. ഇവയെല്ലാം തന്നെ കാര്യമായ അളവില്‍ ഉപ്പ് അടങ്ങിയിട്ടുള്ളവയാണ്.
വീട്ടില്‍ നിന്ന് കഴിക്കാതെ അധികവും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവരുടെ എണ്ണവും രാജ്യത്ത് കൂടിവരികയാണ്. ഇതും ബിപി രോഗികളുടെ തോത് ഉയര്‍ത്തുന്നു.
Also Read:- ഹൃദയത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam