ഒരു നിമിഷം വൈകിയില്ല, സെല്‍വിൻ്റെ വൃക്കയും പാന്‍ക്രിയാസും മാറ്റിവച്ചു, ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

Published : Nov 25, 2023, 08:40 PM IST
ഒരു നിമിഷം വൈകിയില്ല, സെല്‍വിൻ്റെ വൃക്കയും പാന്‍ക്രിയാസും മാറ്റിവച്ചു, ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

Synopsis

ആരോഗ്യ മേഖലയും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ഒരുമിച്ചതോടെയാണ് മറ്റൊരു മഹനീയ മാതൃകയ്ക്ക് വഴിയൊരുങ്ങിയത്

കൊച്ചി: പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) പാന്‍ക്രിയാസും വൃക്കയും മാറ്റിവെക്കുന്ന ശസ്ത്രക്രിയ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരം സ്വദേശിയായ 37 -കാരനിലാണ് സെല്‍വിന്റെ അവയവങ്ങള്‍ മാറ്റിവെച്ചത്. പ്രമേഹവും ഗുരുതരമായ വൃക്ക രോഗവും മൂര്‍ച്ഛിച്ചതിന്റെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവിനാണ് സെല്‍വിന്റെ അവയങ്ങള്‍ വെച്ചു പിടിപ്പിച്ചത്.

ആരോഗ്യ മേഖലയും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ഒരുമിച്ചതോടെയാണ് മറ്റൊരു മഹനീയ മാതൃകയ്ക്ക് വഴിയൊരുങ്ങിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ച അവയവങ്ങള്‍ ഒരു നിമിഷം പോലും വൈകിക്കാതെയായിരുന്നു പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചത്. മെഡ്‌സിറ്റിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ്, കണ്‍സള്‍ട്ടന്റുമാരായ ഡോക്ടര്‍ എം. സുധീര്‍ മുഹമ്മദ്, ഡോ. വിവേക് രാജേന്ദ്രന്‍, യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എം.കെ രാമപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

സംസ്ഥാനം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വൃക്കയും പാന്‍ക്രിയാസും കൃത്യസമയത്ത് തന്നെ ലഭിച്ചതാണ് നേട്ടമായത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിജു ചന്ദ്രന്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഡാനി ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെല്‍വിന്റെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ എടുത്തത്.

  സെൽവിൻ, ഒരായിരം ഹൃദയങ്ങളിൽ നിങ്ങളെന്നും ജീവിക്കും ! 16-കാരൻ ഹരിനാരായണനിൽ ഹൃദയം മിടിച്ചു തുടങ്ങി!

പക്ഷാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വെള്ളിയാഴ്ച രാവിലെയായിരുന്നു കന്യാകുമാരി വിളവിന്‍കോട് സ്വദേശിയും നേഴ്‌സുമായ സെല്‍വിന്‍ ശേഖറിന് (36) മസ്തിഷ്‌ക മരണം സംഭവിച്ചത്. ഭര്‍ത്താവിന്റെ മരണത്തില്‍ പൊള്ളുന്ന വേദനക്കിടയിലും നേഴ്സ് കൂടിയായ ഭാര്യ ഗീതയും മറ്റു കുടുംബാംഗങ്ങളും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ (മൃതസഞ്ജീവനി) സംവിധാനത്തിലൂടെയാണ് സെല്‍വിന്റെ വൃക്കയും പാന്‍ക്രിയാസും തിരുവനന്തപുരം സ്വദേശിക്ക് ലഭിച്ചത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആസ്റ്റര്‍ മെഡ്‌സിറ്റി ഒരുക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

World Suicide Prevention Day 2026 : വ്യക്തികളില്‍ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോള്‍ കണ്ടേക്കാവുന്ന മാറ്റങ്ങള്‍
സ്‌ക്രബ് ടൈഫസ് അപകടകാരിയോ? ലക്ഷണങ്ങൾ എന്തെല്ലാം?