
അനേകായിരങ്ങൾക്കു പ്രചോദനമേകുന്ന ക്യാന്‍സര്‍ പോരാളികളുടെ പല വാര്‍ത്തകളും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ പലപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഏറെ വേദനയും മാനസിക സംഘര്‍ഷവും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവര്‍ രോഗിക്ക് നല്‍കുന്ന ഊര്‍ജ്ജവും പിന്തുണയുമാണ് പലരേയും അര്‍ബുദത്തെ തോല്‍പിക്കാന്‍ സഹായിക്കുന്നത്. ഇത്തരത്തില്‍ രോഗത്തിലും ഒപ്പം നിന്ന ഒരു സ്‌നേഹബന്ധത്തിന്റെ കഥയാണ് ചാര്‍ലിയുടെയും ഹന്നയുടെയും.
ട്രാവല്‍ വ്‌ളോഗിലൂടെ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരെ നേടിയ പ്രണയിതാക്കളാണ് ചാര്‍ലിയും ഹന്നയും. 'ദാറ്റ് ട്രാവല്‍ കപ്പിള്‍' എന്നാണ് ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്. തുര്‍ക്കിയിലെ കാപ്പഡോഷ്യയിലെ ഹോട്ട് എയര്‍ബലൂണുകള്‍ കാണാനുള്ള യാത്രക്കായി ഒരുങ്ങുന്നതിനിടേയാണ് ഹന്നയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതോടെ ആ യാത്ര മുടങ്ങുകയും ചെയ്തു. ക്യാന്‍സര്‍ നാലാം ഘട്ടത്തില്‍ എത്തിയതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യതയും വളരെ കുറവായിരുന്നു. എന്നാല്‍ ചികിത്സയ്ക്ക് ശേഷം തുര്‍ക്കിയിലേക്ക് കൊണ്ടുപോകാമെന്ന് ഹന്നയ്ക്ക് ചാര്‍ളി ഉറപ്പു നല്‍കി. ആ പ്രതീക്ഷയിലാണ് കീമോ തെറാപ്പികള്‍ക്ക് ഹന്ന വിധേയയായത്. ഒടുവില്‍ അവസാന ഘട്ട കീമോതെറാപ്പിയും കഴിഞ്ഞ്, ഇരുവരും തുര്‍ക്കി യാത്രക്കായി ഒരുങ്ങി.
അതിജീവിതയായ ഹന്നയുടെ ഈ സ്വപ്ന യാത്രയുടെ ഓരോ നിമിഷവും ചാര്‍ളി ക്യാമറയില്‍ പകര്‍ത്തി. ഇതു വീഡിയോയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഹന്ന ചികിത്സയ്ക്ക് വിധേയയാകുന്നത് മുതല്‍ യാത്ര അവസാനിക്കുന്നതു വരേയുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. തുര്‍ക്കിയിലെ ഹോട്ട് എയര്‍ ബലൂണ്‍ കാഴ്ച്ചകള്‍ ഇരുവരും ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.
'കൊവിഡും ക്യാന്‍സറും കാരണം നാല് തവണ മുടങ്ങിപ്പോയ ഞങ്ങളുടെ യാത്ര ഒടുവില്‍ സഫലമായി' - എന്ന ക്യാപ്ഷനോടെയാണ് ചാര്‍ളി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇരുവരുടെയും പരസ്പര സ്‌നേഹവും കരുതലും സൂചിപ്പിക്കുന്ന വീഡിയോ ഇതുവരെ രണ്ടര ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേര്‍ ഇരുവരെയും പ്രശംസിച്ച് കമന്‍റുകള്‍ ചെയ്യുകയും ചെയ്തു. ഇവര്‍ യഥാര്‍ഥ പോരാളികളാണെന്നും ഈ വീഡിയോ മനസുനിറയ്ക്കുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്തു.
Also Read: ഈ ആറ് കാര്യങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമാക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam