
പതിനാറ് വയസ്സായിട്ടും ആര്‍ത്തവം തുടങ്ങാത്തതിനാല്‍ സബൈന്‍ എന്ന പെണ്‍കുട്ടിക്ക് തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നു. അന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത് ശരീരഭാരം കുറവായതുകൊണ്ടാകാം, വൈറ്റമിനുകളുടെ കുറവ് കൊണ്ടാകാം ആര്‍ത്തവചക്രം തുടങ്ങാത്തത് എന്നാണ്. ഇപ്പോള്‍ സബൈനിന് ഇരുപത്തിയാറ് വയസ്സായി, ഇതുവരെ ആര്‍ത്തവും തുടങ്ങിയിട്ടില്ല.
അണ്ഡാശയത്തില്‍ ഒരു മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അവ നീക്കം ചെയ്തപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിയുന്നത്. തനിക്ക് യോനിയും ഗര്‍ഭപാത്രവുമില്ല എന്ന് വളരെ വേദനയോടെയാണ് സബൈന്‍ അറിഞ്ഞത്. 'MRKH syndrome' എന്ന അപൂര്‍വ്വ രോഗാവസ്ഥയാണ് സബൈനിന്.
ദുബൈയിലാണ് സബൈന്‍ ഇപ്പോള്‍ താമസിക്കുന്നത്. തന്‍റെ രോഗാവസ്ഥയെ കുറിച്ച് മാതാപിതാക്കള്‍ പറയുമ്പോഴും രോഗത്തിന്‍റെ പേര് എന്താണെന്ന് പോലും അവര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് സബൈന്‍ പറയുന്നത്. 'എനിക്കും അത് കേട്ടപ്പോള്‍ ഇത് എന്താണെന്ന് ആദ്യം മനസ്സിലായില്ല. കൂടുതലായി അറിഞ്ഞപ്പോള്‍ എന്നെയത് മാനസികമായി തളര്‍ത്തി'-സബൈന്‍ പറഞ്ഞു.
5000-ല്‍ ഒരാള്‍ക്ക് മാത്രം വരാവുന്ന അവസ്ഥയാണിത്. ശസ്ത്രക്രിയ നടത്താതെ ലൈംഗികബന്ധം സബൈനിന് സാധ്യമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത് ചെയ്യാനുളള തയ്യാറെടുപ്പിലാണ് സബൈന്‍. എല്ലാത്തിനും സപ്പോര്‍ട്ടായി മാതാപിതാക്കളും കാമുകനും ഉണ്ടെന്നും സബൈന്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പ് പല പുരുഷന്മാരും തന്‍റെ ഈ കുറവ് കൊണ്ടുമാത്രം തന്നെ വേണ്ട എന്ന് വെച്ചിട്ടുണ്ട് എന്നും സബൈന്‍ ഓര്‍ത്തെടുത്തു. ചിലര്‍ പറയുന്നത് 'നീ ഭാഗ്യവതിയാണ് ആര്‍ത്തവദിനങ്ങളിലെ വേദന അറിയണ്ടല്ലോ' എന്നാണ്. എന്നാല്‍ മറ്റു ചിലരുടെ ഭാഗം നിനക്ക് സ്ത്രീ സുരക്ഷയുടെ ആവശ്യം ഇല്ലല്ലോ എന്നാണ്. ഇത്തരം വാക്കുകള്‍ ഒന്നും എനിക്ക് ഒരു ധൈര്യവും നല്‍കിയിരുന്നില്ല എന്നും സബൈന്‍ പറയുന്നു.
എന്നാല്‍ കാമുകന്‍ തനിക്ക് ധൈര്യം നല്‍കുന്നുണ്ടെന്നും ഉടനെ വിവാഹം കഴിക്കാനാണ് തീരുമാനം എന്നും സബൈന്‍ പറഞ്ഞു. ശസ്ത്രക്രിയ അതിന് മുന്‍പ് നടത്തണമെന്നാണ് ആഗ്രഹം. കുട്ടികളെ പ്രസവിക്കാന്‍ അപ്പോഴും തനിക്ക് സാധ്യമല്ല. എന്നാല്‍ വാടക ഗര്‍ഭപാത്രത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട് എന്നും സബൈന്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam