
വളര്‍ത്തുപട്ടികളെന്നാല്‍ ലിന്‍ഡ മെന്‍ക്ലേ എന്ന അറുപത്തിയഞ്ചുകാരിക്ക് ജീവനാണ്. കുടുംബത്തിലെ അംഗങ്ങളെയെന്ന പോലെ, അത്രയും കാര്യമായാണ് ലിന്‍ഡ തന്റെ നാല് വളര്‍ത്തുപട്ടികളേയും നോക്കുന്നത്. തിരിച്ച് അവര്‍ക്ക് ലിന്‍ഡയോടുള്ള സ്‌നേഹവും അങ്ങനെ തന്നെ.
ഇപ്പോള്‍ തന്റെ ജീവന്, ലിന്‍ഡ കടപ്പെട്ടിരിക്കുന്നത് പോലും ഈ പട്ടികളോടാണ്. അക്കഥയാണ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഒരുദിവസം സ്വീകരണമുറിയിലെ സോഫയിലിരിക്കെ, ബീ എന്ന് പേരുള്ള അഞ്ചുവയസുകാരിയായ വളര്‍ത്തുപട്ടി ലിന്‍ഡയ്ക്ക് അരികെ വന്നുനിന്നു.
അസാധാരണമായ രീതിയില്‍ ലിന്‍ഡയുടെ നെഞ്ചിന്റെ ഭാഗങ്ങളില്‍ മണത്തുകൊണ്ട് അത് കുരച്ചുകൊണ്ടിരുന്നു. ഇതിന് മുമ്പ് അത്തരമൊരു പ്രതികരണം ബീയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതിനാല്‍ തന്നെ ലിന്‍ഡ അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചു. പിന്നീട് ഇടയ്ക്കിടെ ബീ ഇത് തന്നെ ആവര്‍ത്തിക്കാന്‍ തുടങ്ങി. ക്രമേണ ഇതൊരു പതിവായി.
ദിവസങ്ങള്‍ അങ്ങനെ പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഇതില്‍ എന്തോ പന്തികേടുണ്ടെന്ന് ലിന്‍ഡയ്ക്ക് തന്നെ തോന്നി. തന്റെ ശരീരത്തില്‍ എന്തോ കുഴപ്പമുണ്ടെന്നും അതാണ് തന്റെ വളര്‍ത്തുപട്ടി തന്നോട് പറയാന്‍ ശ്രമിക്കുന്നതെന്നും ലിന്‍ഡ ഊഹിച്ചു. ഏതായാലും ഒരു ഡോക്ടറെ പോയിക്കാണാന്‍ അവര്‍ തീരുമാനിച്ചു.
്പ്രാഥമിക പരിശോധന നടത്തിയ ഡോക്ടര്‍മാര് ചില സംശയങ്ങള്‍ മുന്നോട്ടുവച്ചു. സ്തനങ്ങളില്‍ മുഴകളുണ്ടെന്നും ഇത് ക്യാന്‍സര്‍ ആകാമെന്നുമായിരുന്നു അവരുടെ സംശയം. വൈകാതെ വിശദമായ പരിശോധനകള്‍ നടത്തി. ഡോക്ടര്‍മാരുടെ സംശയം സത്യമായിരുന്നു. ക്യാന്‍സറിന്റെ ആദ്യ സ്‌റ്റേജിലായിരുന്നു ലിന്‍ഡ.
ചികിത്സിച്ച് ഭേദമാക്കാമെന്ന് അവര്‍ ലിന്‍ഡയ്ക്ക് ഉറപ്പ് നല്‍കി. അന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ബീയ്‌ക്കൊപ്പം മൂന്നുവയസുകാരിയായ എനിയ എന്ന പട്ടി കൂടി ബീയെപ്പോലെ മണത്ത് നില്‍ക്കുകയും കുരയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. അധികം വൈകാതെ ചികിത്സ തുടങ്ങി. കീമോ ആരംഭിച്ചപ്പോള്‍ മുതല്‍ പട്ടികള്‍ പഴയപടി സാധാരണനിലയില്‍ പെരുമാറാന്‍ തുടങ്ങിയെന്നും ലിന്‍ഡ പറയുന്നു. ഇപ്പോഴും തുടര്‍ചികിത്സകളിലാണ് വെയില്‍സ് സ്വദേശിനിയായ ലിന്‍ഡ.
അടുത്തിടപഴകുന്ന മനുഷ്യരില്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ പലപ്പോഴും പട്ടികള്‍ക്ക് തിരിച്ചറിയാനാകുമത്രേ. ഇതിനെ ശരിവയ്ക്കുന്ന പല പഠനങ്ങളും മുമ്പ് നടന്നിട്ടുണ്ട്. ക്യാന്‍സര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങളെ കണ്ടുപിടിക്കാന്‍ പട്ടികള്‍ക്ക് കഴിഞ്ഞേക്കുമെന്ന് പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'മെഡിക്കല്‍ ന്യൂസ് ടുഡേ' തങ്ങളുടെ ലേഖനത്തില്‍ അവകാശപ്പെടുന്നു. ചര്‍മ്മം, ശ്വാസം, മൂത്രം, മലം, വിയര്‍പ്പ് എന്നിങ്ങനെയുള്ളവയുടെ ഗന്ധത്തില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ് പട്ടികള്‍ മനുഷ്യരുടെ രോഗങ്ങളെ കണ്ടെത്തുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്തായാലും ലിന്‍ഡയുടെ കേസ് വളരെയധികം കൗതുകമുണര്‍ത്തുന്നതും ഏറെ പഠനങ്ങളിലേക്ക് സാധ്യതകള്‍ തുറന്നിടുന്നതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam