
ബീജിംഗ്: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാർബിനിലാണ് കൊറോണ വൈറസ് രോഗബാധിതയായ യുവതിയ്ക്ക് പെൺകുഞ്ഞു പിറന്നത്. കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
കുഞ്ഞിന് വൈറസ് ബാധയില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ജനുവരി 30 നായിരുന്നു യുവതിയുടെ പ്രസവം നടന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നതായി ചൈനയിൽ നിന്നുള്ള ടെലിവിഷൻ ചാനലായ സിജിടിഎൻ റിപ്പോർട്ട് ചെയ്തു.
ഈ വൈറസിന്റെ തുടക്കം ചൈനയിലെ വുഹാൻ പട്ടണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്.
രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam