
കലിഫോര്‍ണിയ സ്വദേശിനിയായ ദാനിയെല്ല ഫെര്‍ഗൂസന്‍ എന്ന 29കാരി ഒരു ദിവസം രാവിലെ ഉണര്‍ന്നത് മുഖത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു പോയ അവസ്ഥയിലായിരുന്നു. ന്യൂട്രിഷനിസ്റ്റായ ദാനിയെല്ലയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസ്സിലായില്ല. കഴിഞ്ഞ ഒരാഴ്ചയായി വിട്ടുമാറാത്ത ജലദോഷം ഉണ്ടായിരുന്നു. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല.
രാവിലെ ഉണര്‍ന്നപ്പോള്‍ നാവ് അനക്കാന്‍ സാധിക്കാതെ വരികയും താടിയെല്ലുകള്‍ക്ക് ശക്തമായ വേദന തോന്നുകയും ചെയ്തതോടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. വലതു വശത്തെ മുഖത്തിന്‍റെ മുഴുവന്‍ സ്പര്‍ശനശേഷിയും ആ സമയം നഷ്ടമായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് Bell's palsy ആണെന്നു സ്ഥിരീകരിച്ചത്.
അമിതമായ സ്‌ട്രെസ് മൂലമാണ് ഈ അവസ്ഥ ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രമായി ശേഷി നഷ്ടമാകുന്ന അവസ്ഥയാണ് Bell's palsy. ഒരുവര്‍ഷം 40,000 അമേരിക്കക്കാര്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നുണ്ട്. കൃത്യമായ കാരണം അറിയില്ലെങ്കിലും സ്‌ട്രെസ് ഒരു കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. മുഖത്തെ രക്തകുഴലുകള്‍ക്ക് ഇൻഫ്ലമേഷന്‍ സംഭവിക്കുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്.
തിരക്കേറിയ ഈ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ് മാനസിക പിരിമുറുക്കം (Stress), ഉത്കണ്ഠ (anxiety), തുടങ്ങിയവ. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. വീട്ടിലെ സാഹചര്യം മൂലമോ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം മൂലമോ ആകാം ഇത്തരത്തിലുളള പ്രശ്നങ്ങള്‍ പലരെയും ബാധിക്കുന്നത്.
ഇത്തരം ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഏകാഗ്രത നഷ്ടമാകുക, പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പിൽ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങൾ, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങൾ എന്നിവ ഉണ്ടാകുന്നു.