കുളിച്ച് തോര്‍ത്തുന്നതിനിടെ ടവല്‍ കണ്ണില്‍ തട്ടി; കോര്‍ണിയ പൊട്ടി, പഴുത്തതോടെ കണ്ണ് എടുത്തുമാറ്റി

By Web TeamFirst Published Oct 16, 2019, 11:21 PM IST
Highlights

നമ്മള്‍ നിത്യജീവിതത്തില്‍ ചെയ്യുന്ന എത്ര കാര്യങ്ങളില്‍ അതീവശ്രദ്ധ വച്ചുപുലര്‍ത്താറുണ്ട്? ഭക്ഷണം കഴിക്കുന്നത്, ഉറങ്ങുന്നത്, കുളിക്കുന്നത്, വസ്ത്രം മാറുന്നത് - തുടങ്ങിയ ദിനചര്യകളൊക്കെ അത്രയും നമ്മളെ സംബന്ധിച്ച് സാധാരണമായ കാര്യങ്ങളാണ്. അതിലെല്ലാം ഇത്രമാത്രം ജാഗ്രത പുലര്‍ത്താനെന്തിരിക്കുന്നു അല്ലേ? എങ്കില്‍ കേട്ടോളൂ, ചെറിയൊരു അശ്രദ്ധ മതി, ജീവിതം മാറിമറിയാന്‍
 

നമ്മള്‍ നിത്യജീവിതത്തില്‍ ചെയ്യുന്ന എത്ര കാര്യങ്ങളില്‍ അതീവശ്രദ്ധ വച്ചുപുലര്‍ത്താറുണ്ട്? ഭക്ഷണം കഴിക്കുന്നത്, ഉറങ്ങുന്നത്, കുളിക്കുന്നത്, വസ്ത്രം മാറുന്നത് - തുടങ്ങിയ ദിനചര്യകളൊക്കെ അത്രയും നമ്മളെ സംബന്ധിച്ച് സാധാരണമായ കാര്യങ്ങളാണ്. അതിലെല്ലാം ഇത്രമാത്രം ജാഗ്രത പുലര്‍ത്താനെന്തിരിക്കുന്നു അല്ലേ?

എങ്കില്‍ കേട്ടോളൂ, ചെറിയൊരു അശ്രദ്ധ മതി, ജീവിതം മാറിമറിയാന്‍. ഇംഗ്ലണ്ടുകാരിയായ ക്ലെയര്‍ വില്ലിസ് എന്ന സ്ത്രീയുടെ അനുഭവം കൂടി കേട്ടാല്‍ ഇപ്പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് നിങ്ങള്‍ അംഗീകരിക്കും. 

നാല്‍പത്തിയഞ്ചുകാരിയായ ക്ലെയര്‍ ഒരു സാധാരണ, സ്‌കൂള്‍ ജീവനക്കാരിയായിരുന്നു. അവധിക്കാലമായതോടെ കുടുംബത്തോടൊപ്പം ടര്‍ക്കിയിലേക്ക് യാത്ര പോയതായിരുന്നു ക്ലെയര്‍. അവിടെ ഹോട്ടല്‍ മുറിയില്‍ വച്ച് കുളി കഴിഞ്ഞ് തോര്‍ത്തുന്നതിനിടെ ടവല്‍ ഒന്ന് കണ്ണില്‍ തട്ടി. 

ശക്തമായ വേദനയ്‌ക്കൊപ്പം തന്നെ കണ്ണിനകത്ത് എന്തോ ചെറുതായി പൊട്ടിയത് പോലെ ക്ലെയറിന് അനുഭവപ്പെട്ടു. അല്‍പമൊന്ന് നിന്ന ശേഷം ക്ലെയര്‍ കണ്ണാടിയില്‍ ചെന്ന് നോക്കി. വലതുകണ്ണിന്റെ കാഴ്ച, അപ്പാടെ മറഞ്ഞുപോകുന്നതായാണ് അവര്‍ക്കപ്പോള്‍ തോന്നിയത്. വൈകാതെ തന്നെ വീട്ടുകാരെ കൂട്ടി ക്ലെയര്‍ അടുത്തുള്ള ഒരാശുപത്രിയില്‍ പോയി. 

അവിടെ വച്ച് പ്രാഥമിക ചികിത്സ തേടി. കണ്ണില്‍ ബാന്‍ഡേജിട്ട് നല്‍കിയ ഡോക്ടര്‍മാര്‍ കൂടുതല്‍ ആഘോഷങ്ങള്‍ക്കൊന്നും നില്‍ക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയ ശേഷം തുടര്‍ചികിത്സയ്ക്ക് നിര്‍ദേശിച്ചു. അവരുടെ നിര്‍ദേശപ്രകാരം ക്ലെയറും കുടുംബവും ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങി. 

നാട്ടിലെത്തിയ ശേഷം വിദഗ്ധനായ ഒരു ഡോക്ടറെ കണ്ടു. കണ്ണിലെ ബാന്‍ഡേജ് മാറ്റിനോക്കിയ അദ്ദേഹം ഞെട്ടിപ്പോയി. ടവല്‍ തട്ടിയതോടെ കോര്‍ണിയയ്ക്ക് പൊട്ടല്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കണ്ണിലാകെ പഴുപ്പും കയറിയിരുന്നു. കണ്ണ് നീക്കം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. അല്ലാത്ത പക്ഷം അത് മറ്റ് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത്ര ചെറിയൊരു അശ്രദ്ധയുടെ പേരില്‍ കണ്ണ് നഷ്ടപ്പെടേണ്ടിവരുമെന്ന് ആരെങ്കിലും ചിന്തിക്കുമോ? അതേ മാനസികാവസ്ഥയിലൂടെ തന്നെയായിരുന്നു ക്ലെയറും കടന്നുപോയത്. എന്തായാലും ഒടുവില്‍ ശസ്ത്രക്രിയയ്ക്ക് മനസില്ലാമനസോടെ ക്ലെയറിന് സമ്മതം മൂളേണ്ടിവന്നു. 

ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ ക്ലെയറിന്റെ കോര്‍ണിയയും റെറ്റിനയും അടങ്ങുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. തുടര്‍ന്ന് കണ്ണിന്റെ ഭാഗത്ത് ഒരു 'കോസ്‌മെറ്റിക് ഷെല്‍' ഫിറ്റ് ചെയ്തുനല്‍കി. 

കണ്ണ് നഷ്ടപ്പെട്ടതോടെ ക്ലെയര്‍ ജോലി ഉപേക്ഷിച്ചു. കുട്ടികള്‍ തന്റെ കണ്ണ് കണ്ട് ഭയപ്പെടുമോയെന്നായിരുന്നു തന്റെ ആശങ്കയെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല, ഒരു വശത്തെ കാഴ്ച പൂര്‍ണ്ണമായും ഇല്ലാതായതോടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായെന്നും ഇവര്‍ പറയുന്നു. 

ഇപ്പോള്‍ മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. കാഴ്ചയുടെ അപൂര്‍ണ്ണതയെ പരിശീലനത്തിലൂടെ അതിജീവിക്കാന്‍ കുറേയൊക്കെ ക്ലെയറിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിലൊക്കെ വലിയ വെല്ലുവിളിയായിരുന്നു മുഖത്തിന് സംഭവിച്ച മാറ്റത്തെ അതിജീവിക്കലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. 

'കടുത്ത മാനസികപ്രശ്‌നമായിരുന്നു കുറേ ദിവസങ്ങള്‍ എനിക്ക്. പുറത്ത് പോകില്ല. ആരെയും കാണാന്‍ തോന്നാറില്ലായിരുന്നു. എവിടെയും എന്റെ മുഖം ആളുകളെ ഭയപ്പെടുത്തുമോയെന്ന് ആശങ്കപ്പെട്ടുകൊണ്ടിരുന്നു. എനിക്ക് തന്നെ സ്വയം എന്നെ കണ്ണാടിയില്‍ കാണാന്‍ കഴിയില്ലായിരുന്നു. ഈ സമയങ്ങളിലൊക്കെ ഭര്‍ത്താവും രണ്ട് മക്കളും കൂടെ നിന്നു. അവരുടെ പിന്തുണയാണ് എന്നെ ഈ മാനസികാവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത്..'- ക്ലെയര്‍ പറയുന്നു.

കൃത്രിമക്കണ്ണിനോട് ശരീരം പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ ഇനിയും ജോലി ചെയ്യാനാണ് ക്ലെയറിന്റെ തീരുമാനം. 20ഉം 22ഉം വയസ്സുള്ള രണ്ടാണ്‍മക്കളാണ് ക്ലെയറിന്. നഷ്ടപ്പെട്ട കാഴ്ചയ്ക്ക് പകരമായി ക്ലെയറിപ്പോള്‍ കണക്കാക്കുന്നത് അവരെയാണ്. ഇനിയൊരു അവധിയാഘോഷം കുടുംബത്തോടൊപ്പം ആകാമെന്നാണ് കരുതുന്നതെന്നും ഇങ്ങനെയെല്ലാം ജീവിതം തിരിച്ചെടുക്കാനാകുമെന്ന് കരുതിയില്ലെന്നും ക്ലെയര്‍ സസന്തോഷം പറയുന്നു.

click me!