കൊവിഡ് 19 വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ ചെയ്യേണ്ടത്; ലോകാരോഗ്യ സംഘടനയുടെ വന്‍ പദ്ധതി

By Web TeamFirst Published Apr 24, 2020, 5:58 PM IST
Highlights

മരുന്നോ വാക്‌സിനോ പരിശോധനയ്ക്കുള്ള സൗകര്യങ്ങളോ മറ്റ് ചികിത്സകളോ എന്തുമാകട്ടെ അത് എല്ലാ രാജ്യങ്ങളിലേക്കും വലിപ്പച്ചെറുപ്പ- വ്യത്യാസങ്ങളില്ലാതെ എത്തിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രാഥമികമായ ചില സൂചനകള്‍ ലോകാരോഗ്യ സംഘടന പുറത്തുവിടുകയും ചെയ്തിട്ടുണ്ട്

ലോകരാജ്യങ്ങളെയൊട്ടാകെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് കൊറോണ വൈറസ് വ്യാപനം തുടരുന്നത്. നിലവില്‍ മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ട് തന്നെ, പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് രോഗം വ്യാപകമാകുന്ന രാജ്യങ്ങളെല്ലാം പ്രാധാന്യം നല്‍കുന്നത്. അതോടൊപ്പം സമാന്തരമായി കൊവിഡ് 19നെ ചെറുത്തുതോല്‍പിക്കാന്‍ കഴിയുന്ന വാക്‌സിന് വേണ്ടിയുള്ള ജോലികളില്‍ ഗവേഷകര്‍ ഏര്‍പ്പെടുന്നുമുണ്ട്. 

ഇനിയും ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന ജോലികള്‍ പൂര്‍ത്തിയാകൂ. എന്നാല്‍ അതിന് മുമ്പ് തന്നെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. 

Also Read:- നോട്ടുകളിലൂടെയും കോയിനുകളിലൂടെ കൊറോണ വൈറസ് പകരുമോ? ലോകാരോഗ്യ സംഘടനയുടെ വിശദീകരണം...

അതായത്, മരുന്നോ വാക്‌സിനോ പരിശോധനയ്ക്കുള്ള സൗകര്യങ്ങളോ മറ്റ് ചികിത്സകളോ എന്തുമാകട്ടെ അത് എല്ലാ രാജ്യങ്ങളിലേക്കും വലിപ്പച്ചെറുപ്പ- വ്യത്യാസങ്ങളില്ലാതെ എത്തിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രാഥമികമായ ചില സൂചനകള്‍ ലോകാരോഗ്യ സംഘടന പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 

'വാക്‌സിനോ മരുന്നോ വികസിപ്പിച്ചെടുത്ത് കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും തുല്യമായി ലഭിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ നേരത്തേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. മരുന്നിന്റെ കാര്യത്തില്‍ ഉള്ളവര്‍- ഇല്ലാത്തവര്‍ എന്ന വേര്‍തിരിവ് ഉണ്ടാകാന്‍ പാടില്ല...'- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. 

Also Read:- ലോകത്ത് 26 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍; ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന...

യഥാര്‍ത്ഥത്തില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുക എന്നതിനേക്കാള്‍ വലിയ വെല്ലുവിളി, അത് തുല്യമായി രോഗബാധിതരായ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്ററിക്ക പ്രസിഡന്റ് കാര്‍ലോസ് അല്‍വാദ്രോ ആണ് ഇത്തരത്തിലൊരു നിര്‍ദേശം ലോകാരോഗ്യ സംഘടനയ്ക്ക് മുമ്പില്‍ വച്ചതെന്നാണ് സൂചന. വിഷയത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വിപുലമായ പദ്ധതികളുമായി വൈകാതെ രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

click me!