കൊറോണ വൈറസ് വ്യാപനം തുടങ്ങിയ ആദ്യദിവസങ്ങള്‍ മുതല്‍ തന്നെ ഉയര്‍ന്നിരുന്ന സംശയമാണ് നോട്ടുകളിലൂടെയും കോയിനുകളിലൂടെയും വൈറസ് പകരുമോയെന്നത്. ഇതിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിരുന്നില്ല. എങ്കിലും നോട്ടുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ കരുതല്‍ വേണമെന്ന നിര്‍ദേശങ്ങള്‍ എല്ലായ്‌പ്പോഴും ഇവര്‍ നല്‍കിയിരുന്നു. 

ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. നിലവില്‍ നോട്ടുകളിലൂടെയും കോയിനുകളിലൂടെയും വൈറസ് പകരുന്നുണ്ട് എന്നതിന് തെളിവൊന്നുമില്ലെന്നും എന്നാല്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് ഇവര്‍ വിശദീകരിക്കുന്നത്. കൃത്യതയില്ലാത്ത വിശദീകരണം തന്നെയാണ് ലോകാരോഗ്യ സംഘടനയും നല്‍കുന്നത്. എന്നാല്‍ അതിന് കാരണവുമുണ്ട്. അക്കാര്യവും അവര്‍ വിശദീകരിക്കുന്നു. 

വൈറസ് പിടിപെട്ടിട്ടുള്ള ഒരാളുടെ സ്രവങ്ങളിലൂടെയാണല്ലോ മറ്റൊരാള്‍ക്ക് രോഗം പകരുന്നത്. ഈ സ്രവങ്ങള്‍ രോഗി പെരുമാറുന്ന സ്ഥലങ്ങളില്‍ എവിടെ വേണമെങ്കിലും വീഴാം. ഇതിലൂടെ വൈറസും അവിടെയെല്ലാം എത്താം. ഓരോ പ്രതലത്തിന്റേയും സ്വഭാവവും അത് നിലനില്‍ക്കുന്ന അന്തരീക്ഷത്തിലെ താപനിലയുടെ അളവും അനുസരിച്ചാണ് വൈറസിന്റെ ആയുസും നീളുന്നത്. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെയാണ് സാധാരണഗതിയില്‍ ഇതിന്റെ ആയുര്‍ദൈര്‍ഘ്യം. 

Also Read:- മാസ്കുകളിൽ വൈറസ് ഒരാഴ്ച വരെ നിലനിൽക്കും; പുതിയ പഠനം...

ഉദാഹരണത്തിന് പ്ലാസ്റ്റിക് പ്രതലത്തില്‍ വൈറസിനുള്ള ആയുസല്ല സ്റ്റീല്‍ പ്രതലത്തില്‍ ഉണ്ടാകുന്നത്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകാം കോട്ടണ്‍ പോലുള്ള പ്രതലങ്ങളിലെത്തുമ്പോള്‍. അതിനാലാണ് പുറത്തുപോയിവന്നതിന് ശേഷം കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണമെന്നും, ഇതിന് മുമ്പായി മുഖത്തോ കണ്ണിലോ മൂക്കിലോ വായിലോ കൈകള്‍ കൊണ്ട് സ്പര്‍ശിക്കരുതെന്നും നിര്‍ദേശിക്കുന്നത്. 

അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് നോട്ടുകളും കോയിനുകളും വൈറസ് നിലനില്‍ക്കുന്ന പ്രതലമായിക്കൂട! അപ്പോള്‍ ആ സാധ്യതയെ തള്ളിക്കളയാന്‍ പറ്റില്ലെന്നതാണ് സത്യം. അതോടൊപ്പം തന്നെ, നോട്ടിലൂടെ വൈറസ് പകര്‍ന്നുകിട്ടിയതായി തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് അക്കാര്യം സ്ഥിരീകരിക്കാനും വയ്യ. ഇക്കാര്യത്തില്‍ സുരക്ഷിതമായി ആകെ ചെയ്യാവുന്നത്, നോട്ടുകള്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ വൃത്തിയായി കഴുകാം. അതിന് മുമ്പായി മുഖത്തോ മറ്റോ സ്പര്‍ശിക്കുന്നത് ഒഴിവാക്കാം. ഇത്രയും തന്നെയാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. 

Also Read:- കൊവിഡ് 19 ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന...

നിത്യജീവിതത്തില്‍ നോട്ടുകളോ കോയിനുകളോ കൈ കൊണ്ട് തൊടാത്തവര്‍ ചുരുക്കമാണ്. ഇവയെല്ലാം നമ്മളിലേക്കെത്തുന്നതിന് മുമ്പ് പലരിലൂടെയും കടന്നുവന്നിട്ടുള്ളതാണ്. പലയിടങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ളതാണ്. അതിനാല്‍ ചെറുതല്ലാത്ത ഭീഷണി ഇവ കൈകാര്യം ചെയ്യുന്നതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ കറന്‍സിയും കോയിനും കൈകാര്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുക. കഴിവതും ഓണ്‍ലൈന്‍ ഇടപാടുകളെ ആശ്രയിക്കുക.

 

 
 
 
 
 
 
 
 
 
 
 
 
 

Q: Can #COVID19 be spread through coins and banknotes? #coronavirus #KnowTheFacts

A post shared by World Health Organization (@who) on Apr 17, 2020 at 1:49pm PDT