
ഇന്ന്, ഏപ്രില്‍ 17- ലോക ഹീമോഫീലിയ ദിനം. ലോകത്ത് ധാരാളം പേർ ഹീമോഫീലിയ എന്ന അവസ്ഥ നേരിടുന്നുണ്ടെങ്കിലും പലര്‍ക്കും ഇതേ പറ്റി വലിയ ധാരണയില്ല എന്നതാണ് സത്യം. എന്നാൽ കൃത്യമായ അവബോധവും ശ്രദ്ധയും ചെലുത്തേണ്ടതും തുടക്കകാലങ്ങളിൽ തന്നെ തിരിച്ചറിയപ്പെടുകയും ചികിത്സ സ്വീകരിക്കപ്പെടേണ്ടതുമായ ഒരു രോഗാവസ്ഥയാണിത്.
രക്തം ശരിയായ രീതിയിൽ കട്ടപിടിക്കാത്ത അവസ്ഥയാണിത്. രക്തം കട്ടപിടിക്കുന്ന പ്രോട്ടീനുകൾ ഇല്ലാതാകുകയും, ചെറിയ മുറിവ് സംഭവിച്ചിട്ടു പോലും രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയെയുമാണ് ഹീമോഫീലിയ എന്ന് പറയുന്നത്. സാധാരണയായി മുറിവ് സംഭവിച്ചാല്‍ മിനുറ്റുകള്‍ക്കകം തന്നെ രക്തം കട്ട പിടിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ രക്തം കട്ട പിടിക്കുന്നത് ചില പ്രത്യേക പ്രോട്ടീനുകളുടെ സഹായത്താലാണ്. ഈ പ്രോട്ടീനുകളുടെ അഭാവം മൂലം രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയാണ് ഹീമോഫീലിയയില്‍ സംഭവിക്കുന്നത്. ഇതുമൂലം അമിതമായ രക്തം പുറത്തുപോയി ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യമുണ്ടാകാം. ഒരു പാരമ്പര്യ രോഗമാണ് ഹീമോഫീലിയ. പല തരം ഹീമോഫീലിയകൾ ഉണ്ട്.
മുറിവുകളിൽ നിന്ന് അമിതമായ രക്തസ്രാവം, വലിയതോ ആഴത്തിലുള്ളതോ ആയ ചതവുകൾ, വാക്സിനേഷനുശേഷം അസാധാരണമായ രക്തസ്രാവം, വേദന, സന്ധികളിൽ നീർവീക്കം, സന്ധികളിലെ രക്തസ്രാവം, മൂത്രത്തിലോ മലത്തിലോ രക്തം, കാരണമില്ലാതെ മൂക്കിൽ നിന്ന് രക്തസ്രാവം എന്നിവയാണ് ഹീമോഫീലിയയുടെ ചില ലക്ഷണങ്ങൾ. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കുത്തിവച്ചുകൊണ്ടാണ് ഇതിന് പ്രധാനമായും ചികിത്സ നടത്തുന്നത്. രോഗം കണ്ടെത്തിയാല്‍ ഏറ്റവും മെച്ചപ്പെട്ട മാർഗം ഹീമോഫീലിയ ട്രീറ്റ്മെന്റ് സെൻറ്ററുകളെ സമീപിക്കുക എന്നതാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read: ജീവനു ഭീഷണിയാകുന്ന മലേറിയ; അറിയാതെ പോകരുത് ഈ ലക്ഷണങ്ങളെ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam