
എല്ലാ വർഷവും ഒക്‌ടോബർ 29 ന് ലോക സോറിയാസിസ് ദിനമായി ആചരിക്കുന്നു. രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഈ ദിനം ആചരിക്കുന്നത്. കാൽമുട്ടുകൾ, കൈമുട്ട്, തലയോട്ടി എന്നിവിടങ്ങളിൽ ചൊറിച്ചിലും ചുവപ്പ് നിറത്തിൽ പാടുകളും അനുഭവപ്പെടുന്ന ഒരു ത്വക്ക് രോഗമാണ് സോറിയാസിസ്. എന്നാൽ ഇത് ബാധിക്കുന്നത് രോഗികളുടെ ചർമ്മത്തെ മാത്രമല്ല, ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും രോഗം വ്യാപിക്കും.
സോറിയാസിസ് പ്രമേഹ രോഗം വഷളാക്കുകയും ഹൃദ്രോഗം, കരൾ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. രോഗത്തിന്റെ തീവ്രതയും അതുവഴി ഉണ്ടായേക്കാവുന്ന വൈകല്യങ്ങളും കാരണം രോഗത്തോട് പോരാടുന്ന പലർക്കും വിഷാദരോഗം വരാനുള്ള സാധ്യതയുമുണ്ട്.
സോറിയാറ്റിക് രോഗമുള്ള 10 പേരിൽ ഒരാൾക്ക് ക്ലിനിക്കൽ ഡിപ്രഷൻ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 48% പേർക്ക് ഉത്കണ്ഠ അനുഭവപ്പെടുന്നു. സോറിയാറ്റിക് രോഗത്തോടൊപ്പം വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണം ബാഹ്യ ഘടകങ്ങൾ മാത്രമല്ല. വാസ്തവത്തിൽ, സോറിയാറ്റിക് രോഗത്തിന് കാരണമാകുന്ന അതേ വീക്കം എൻഡോജെനസ് വിഷാദവും ഉത്കണ്ഠയും സൃഷ്ടിക്കും. സോറിയാറ്റിക് രോഗം വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു.
കൈകൾ, കാലുകൾ, തല, നഖം തുടങ്ങിയിടങ്ങളിൽ ചെതുമ്പലു പോലെ വട്ടത്തിൽ ചുവന്നു തടിച്ച പാടുകളാണ് പ്രധാന ലക്ഷണമായി കാണുന്നത്. തലയിൽ വരുന്ന പാട് പലപ്പോഴും താരനായി തെറ്റിദ്ധരിക്കാറുണ്ട്. കയ്യിലെ പാട് എക്സീമയാണെന്നു കരുതി ചികിൽസ തേടുന്നവരും കുറവല്ല. രോഗത്തെക്കുറിച്ചുള്ള കൃത്യമായി അറിവ് ഇല്ലാത്തതിനാൽ രോഗം എന്താണെന്ന് അറിയാതെ വരികയും കൃത്യമായ ചികിൽസ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ട്.
സോറിയാസിസ് രോഗികളെ ഒരിക്കലും ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി ചേർത്ത് പിടിക്കുകയാണ് വേണ്ടത്. മാനസിക സംഘർഷവും സ്ട്രസ്സുമൊക്കെ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
സോറിയാസിസിന്റെ തരങ്ങൾ...
1. പ്ലാക്ക് സോറിയാസിസ് - കൈമുട്ടുകൾ, കാൽമുട്ടുകൾ, തലയോട്ടി എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. ഇത് ചുവന്നതും വീർത്തതുമായ പാടുകളായി സംഭവിക്കുന്നു.
2. ഗുട്ടേറ്റ് സോറിയാസിസ്- ശരീരത്തിലും കൈകാലുകളിലും കാണപ്പെടുന്നു. ചെറിയ ചുവന്ന പാടുകളായി കാണപ്പെടുന്നു.
3. പസ്റ്റുലാർ സോറിയാസിസ്- പാദങ്ങളിലും കൈപ്പത്തികളിലും കാണപ്പെടുന്നു. ചെറിയ കുമിളകളുള്ള ചുവന്ന ചെതുമ്പൽ ചർമ്മമായാണ് ഇത് കാണപ്പെടുന്നത്.
സൈലന്റ് ബ്രെയിൻ സ്ട്രോക്ക് ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ...