ഒരു ആപ്പിളിനോളം മാത്രം കനമുള്ള കുഞ്ഞ്!

By Web TeamFirst Published Apr 19, 2019, 5:43 PM IST
Highlights

അഞ്ച് മാസവും ഏതാനും ദിവസവും മാത്രം പ്രായമിരിക്കെയാണ് ടോഷികോ എന്ന യുവതി ഈ കുഞ്ഞിന് ജന്മം നല്‍കുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതോടെ കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു

ടോക്കിയോ: ഒരു ആപ്പിളിനോളം മാത്രം കനമുള്ള കുഞ്ഞ്! കേള്‍ക്കുമ്പോഴേ അതിശയം തോന്നിയേക്കാം. അതെ, ജപ്പാനില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ജനിച്ച ഒരാണ്‍കുഞ്ഞിന്റെ തൂക്കം ഏകദേശം ഒരു വലിയ ആപ്പിളിനോളമേ ഉണ്ടായിരുന്നുള്ളൂ.

അഞ്ച് മാസവും ഏതാനും ദിവസവും മാത്രം പ്രായമിരിക്കെയാണ് ടോഷികോ എന്ന യുവതി ഈ കുഞ്ഞിന് ജന്മം നല്‍കുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതോടെ കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 

ജനിക്കുമ്പോള്‍ 258 ഗ്രാം തൂക്കം മാത്രമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത്. 22 സെന്റിമീറ്റര്‍ നീളവും. 

'ജനിച്ചുകഴിഞ്ഞ് ഞാനാദ്യമായി അവനെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, ഭയങ്കര ചെറുതായിരുന്നു അന്നവന്‍. ഒന്ന് തൊട്ടാല്‍ പോലും അവനെന്തെങ്കിലും സംഭവിക്കുമെന്ന് പേടിച്ചു'-  ടോഷികോ പറയുന്നു. 

കുഞ്ഞിനെ സാധാരണനിലയിലാക്കാന്‍ കഴിയുമെന്നോ ജീവന്‍ രക്ഷിക്കാനാവുമോയെന്നോ ഡോക്ടര്‍മാര്‍ക്ക് പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. ഇത്തരം കേസുകളില്‍ ആണ്‍കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും അപകടസാധ്യതകള്‍ കൂടുതലാണ്. 

വളരെ സൂക്ഷിച്ചായിരുന്നു, കുഞ്ഞിന്റെ ഓരോ കാര്യങ്ങളും നഴ്‌സുമാര്‍ ചെയ്തിരുന്നത്. മുലപ്പാല്‍ ഇടയ്ക്ക് പഞ്ഞിയിലാക്കി ചെറുതായി പിഴിഞ്ഞുനല്‍കും. അണുബാധയും മറ്റുമുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്കും വിലക്കായിരുന്നു. 

എങ്കിലും ഏഴ് മാസത്തിനിപ്പുറം ആരോഗ്യവാനായി അവന്‍ നമ്മുടെ ലോകത്തിലേക്ക് പുഞ്ചിരിയുമായി ഇറങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്. ഇപ്പോഴവന് ബുദ്ധിമുട്ടുകള്‍ കൂടാതെ പാലുകുടിക്കാം, കുളിക്കാം. ഭാരവും വര്‍ധിച്ചു. ഇനി പേടിക്കാനൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. 

268 ഗ്രാം തൂക്കവുമായി ജപ്പാനില്‍ തന്നെ പിറന്ന മറ്റൊരു കുഞ്ഞിനായിരുന്നു നേരത്തേ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ ലോക റെക്കോര്‍ഡ്. ആ റെക്കോര്‍ഡാണ് റുസൂകെ എന്ന് പേരുള്ള ഈ കുഞ്ഞ് തകര്‍ത്തിരിക്കുന്നത്. 2015ല്‍ ജര്‍മ്മനിയില്‍ ജനിച്ച ഒരു കുഞ്ഞിനാണ് പെണ്‍കുഞ്ഞുങ്ങളുടെ വിഭാഗത്തില്‍ ഏറ്റവും ചെറിയ കുഞ്ഞെന്ന ലോക റെക്കോര്‍ഡ്. 252 ഗ്രാമായിരുന്നു ജനിക്കുമ്പോള്‍ അവളുടെ തൂക്കം. 

click me!