
മുഖത്ത് ഗുഹ്യരോമവുമായി യുവതി എന്ന് കേള്‍ക്കുമ്പോഴേ അതെങ്ങനെയാണ് സംഭവിക്കുകയെന്ന സംശയം നിങ്ങളിലുണ്ടായേക്കാം. ഫ്‌ളോറിഡ സ്വദേശിയായ ക്രിസ്റ്റല്‍ എന്ന യുവതിയാണ് ഈ അപൂര്‍വ്വ പ്രതിഭാസത്തിലൂടെ വര്‍ഷങ്ങളോളം കടന്നുപോയത്. ഇതിന് പിന്നില്‍ ക്രിസ്റ്റലിന് പറയാന്‍ ഒരു കഥയുമുണ്ട്.
ക്രിസ്റ്റലിന് ഒമ്പത് വയസ് പ്രായമുള്ളപ്പോള്‍ അവള്‍ വീട്ടിലെ 'പിറ്റ് ബുള്‍' എന്ന ഇനത്തില്‍ പെട്ട നായയുടെ ക്രൂരമായ ആക്രമണത്തിന് വിധേയയായി. നായയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്ക് പറ്റിയെങ്കിലും വലതുകവിളില്‍ സംഭവിച്ച മുറിവായിരുന്നു ഏറ്റവും ഭയാനകം.
കവിളിലെ തൊലിയും ഒരു പങ്ക് മാംസവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ക്രിസ്റ്റലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് ചര്‍മ്മം എടുത്ത് മുഖത്ത് ചേര്‍ത്ത് തുന്നാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അങ്ങനെ ക്രിസ്റ്റലിന്റെ ഗുഹ്യഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് നിന്നും അവര്‍ ചര്‍മ്മമെടുത്ത് മുഖത്ത് വച്ചു.
(ക്രിസ്റ്റലും മകളും -പഴയ ചിത്രം)
മുറിവെല്ലാം ഭേദമായി, ക്രിസ്റ്റല്‍ പഴയപടി ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സമയം. തുടയിടുക്കില്‍ നിന്നെടുത്ത് മുഖത്തുവച്ച ചര്‍മ്മത്തിന്റെ നിറവും മുഖത്തിന്റെ നിറവും തമ്മില്‍ വലിയ അന്തരമായിരുന്നു. ഇത് കൂടാതെ പതിയെ അവിടെ നീണ്ട രോമങ്ങളും വളര്‍ന്നുതുടങ്ങി. ആദ്യമെല്ലാം സംഭവം മനസിലാകാതെ വളര്‍ന്നുവരുന്ന രോമങ്ങള്‍ പിഴുതിനീക്കിക്കൊണ്ട് ക്രിസ്റ്റല്‍ മുന്നോട്ടുപോയി.
നിറവ്യത്യാസം മാത്രം ഒരു പ്രശ്‌നമായി നിലനിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ക്രിസ്റ്റല്‍ വിവാഹിതയും ഒരു മകളുടെ അമ്മയുമായി. അമ്മയായ ശേഷമാണ് താന്‍ മുഖത്തെ അഭംഗിയെ കുറിച്ചും അസാധാരണമായ രോമവളര്‍ച്ചയെ കുറിച്ചുമെല്ലാം കൂടുതല്‍ ബോധവതിയാകാന്‍ തുടങ്ങിയതെന്ന് ക്രിസ്റ്റല്‍ പറയുന്നു. അങ്ങനെ വീണ്ടും അതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നന്വേഷിച്ച് വിദഗ്ധരായ ഒരുകൂട്ടം ഡോക്ടര്‍മാരെ ക്രിസ്റ്റല്‍ കണ്ടു.
(ക്രിസ്റ്റലിന്‍റെ കുട്ടിക്കാല ചിത്രവും ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രവും)
'ടിഷ്യൂ എക്‌സ്പാന്‍ഡര്‍' എന്ന ടെക്‌നിക് ഉപയോഗിച്ച് മുഖത്തെ തന്നെ ചര്‍മ്മം വലിച്ചുനീട്ടി പഴയ പാടിനെ മായ്ച്ചുകളയലായിരുന്നു ഡോക്ടര്‍മാര്‍ ചെയ്തത്. എന്തായാലും ക്രിസ്റ്റലിന് തന്റെ മുഖത്തെ അഭംഗി മാറ്റാന്‍ ഇതോടെ സാധ്യമായി. നാലാഴ്ച നീണ്ട സുപ്രധാനമായ ചികിത്സയും അതിന് ശേഷമുള്ള ശസ്ത്രക്രിയയും ആണ് ഇതിനായി വേണ്ടിവന്നത്. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത വിധം സാധാരണനിലയിലായിരിക്കുന്നു ക്രിസ്റ്റലിന്റെ മുഖം.