തിരിച്ചറിയാന്‍ വയ്യാത്ത വിധം വണ്ണം കുറച്ചു; യുവാവിന്റെ ചിത്രങ്ങള്‍ വൈറല്‍

By Web TeamFirst Published Nov 28, 2020, 1:22 PM IST
Highlights

സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയാല്‍ 'തടിയന്‍' എന്ന പരിഹാസത്തിന് പുറമെ അവരെയൊന്നും പോലെ ബൈക്ക് റൈഡോ മറ്റുള്ള ഹോബികളോ നഥാന് വഴങ്ങില്ല. തടി തന്നെ കാരണം. സത്യത്തില്‍ ഈ അവസ്ഥകളില്‍ മടുത്തിരിക്കുമ്പോഴാണ് ഒരു ഡയറ്റീഷ്യന്‍ നഥാനെ ഇങ്ങോട്ട് സമീപിക്കുന്നത്

അമിതവണ്ണമുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും വണ്ണം കുറയ്ക്കണമെന്ന ആഗ്രഹം കാണും. എന്നാല്‍ പലപ്പോഴും അതിന് വേണ്ടി ശ്രമിക്കാനോ, ആ ആഗ്രഹം നിറവേറ്റാനോ കഴിയാതെ പോകുന്നവരാണധികവും. 

അത്തരക്കാര്‍ക്ക് പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ ഞെട്ടിക്കുന്ന മേക്കോവര്‍ ചിത്രങ്ങള്‍ യുകെയിലെ പെക്ഹാം സ്വദേശിയായ നഥാന്‍ റാങ്ക്‌ലിന്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചത്. 

ചുരുങ്ങിയ സമയത്തിനകം തന്നെ നഥാന്റെ ചിത്രങ്ങള്‍ വൈറലായി. വണ്ണം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ തമ്മിലുള്ള അന്തരം അത്രമാത്രം പ്രകടകമാണ്. എങ്ങനെ ഇത് സാധിച്ചെന്നാണ് ഏവര്‍ക്കും അറിയേണ്ടത്. 

14 വയസുള്ളപ്പോള്‍ തന്നെ വണ്ണം കൂടിവരുന്നതിനെ ചൊല്ലി ഡോക്ടര്‍മാര്‍ നഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നത്രേ. ഇങ്ങനെയാണ് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയാകുമെന്നും അവര്‍ നഥാനോട് പറഞ്ഞിരുന്നു. 

എങ്കിലും ശരീരത്തിന് മുകളില്‍ നിയന്ത്രണം വെയ്ക്കാന്‍ നഥാന് കഴിഞ്ഞില്ല. മൂന്നും നാലും പേരും കഴിക്കുന്നയത്രയും ചിക്കനും മറ്റും നഥാന്‍ തനിയെ കഴിക്കുമായിരുന്നു. ഇതിനിടെ മദ്യപാനവും തുടങ്ങി. 2014ല്‍ ക്യാന്‍സര്‍ ബാധിതനായി അച്ഛന്‍ മരിച്ചതോടെ മദ്യപാനത്തിന്റെ തോത് കുത്തനെ വര്‍ധിച്ചു. 

രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് രണ്ട് കുപ്പി വോഡ്കയെല്ലാം താന്‍ അകത്താക്കുമായിരുന്നുവെന്നാണ് നഥാന്‍ പറയുന്നത്. ട്രെയിനിലോ ബസിലോ കയറുമ്പോള്‍ 'എക്‌സ്ട്രാ' സീറ്റിന് വേണ്ടി വേറെ ടിക്കറ്റെടുക്കും. പ്ലെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റിന് 'എക്‌സ്റ്റന്‍ഷന്‍' വേണം. 

സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയാല്‍ 'തടിയന്‍' എന്ന പരിഹാസത്തിന് പുറമെ അവരെയൊന്നും പോലെ ബൈക്ക് റൈഡോ മറ്റുള്ള ഹോബികളോ നഥാന് വഴങ്ങില്ല. തടി തന്നെ കാരണം. സത്യത്തില്‍ ഈ അവസ്ഥകളില്‍ മടുത്തിരിക്കുമ്പോഴാണ് ഒരു ഡയറ്റീഷ്യന്‍ നഥാനെ ഇങ്ങോട്ട് സമീപിക്കുന്നത്. തങ്ങളുടെ ഡയറ്റ് പ്ലാനില്‍ താല്‍പര്യമുണ്ടോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഒന്നും നോക്കാതെ തന്നെ താന്‍ 'യെസ്' പറഞ്ഞുവെന്നാണ് നഥാന്‍ പറയുന്നത്. 

തുടര്‍ന്ന് അവരുടെ പ്ലാന്‍ അനുസരിച്ച് ഡയറ്റ് തുടങ്ങി. കൂട്ടത്തില്‍ നടത്തവും. അങ്ങനെ മാസങ്ങളോളം പരിശ്രമം തുടര്‍ന്നു. ഒടുവില്‍ നഥാന്‍ തന്റെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു. മുമ്പുള്ള ശരീരഭാരത്തിന്റെ നേര്‍പകുതിയാണ് ഇപ്പോള്‍ നഥാനുള്ളൂ. കണ്ടാല്‍ തന്നെ തിരിച്ചറിയാനാകാത്ത മാറ്റം. വസ്ത്രധാരണത്തിലും സ്‌റ്റൈലിലുമെല്ലാം നഥാന്‍ മാറി. 

നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം തിരികെ ലഭിച്ച സന്തോഷമാണ് അനുഭവപ്പെടുന്നതെന്നാണ് നഥാന്‍ പറയുന്നത്. താന്‍ അനുഭവിച്ചത് പോലെയുള്ള നിരാശ അനുഭവിച്ചവര്‍ക്ക് ഈ അനുഭവം ഒരു പ്രചോദമാകട്ടെയെന്ന് ആഗ്രഹിക്കുന്നതായും നഥാന്‍ പറയുന്നു.

Also Read:- 2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകും; പഠനം...

click me!