
തലശ്ശേരി ജില്ലാ കോടതിയില്‍ അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
എന്താണ് സിക വൈറസ്?
ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക വൈറസ്. സിക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ്. പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു.
പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കുട്ടികളിലും മുതിർന്നവരിലും സിക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലേയ്ക്ക് വരെ എത്താം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1. കൊതുക് കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗം.
2. ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക.
3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം.
4. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനിൽക്കാതെ നോക്കുക. മാത്രമല്ല ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: കോളോറെക്ടൽ ക്യാന്‍സര്‍; ഈ അഞ്ച് ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam