
ദില്ലി: പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി വിധി. പോക്സോ കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പരാജയപ്പെടുന്നുവെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് പ്രതിയുടെ ശിക്ഷ ഒഴിവാക്കികൊണ്ട് ജസ്റ്റിസ് അഭയ് എസ്‍ ഓക്കയുടെ ബെഞ്ച് ഉത്തരവിറക്കിയത്. പശ്ചിമബംഗാളിലെ ഒരു കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പ്രതിയെ അതിജീവിത വിവാഹം കഴിച്ചു കുടുംബമായി കഴിയുന്നത് കണക്കിലെടുത്താണ് ശിക്ഷ ഒഴിവാക്കിയത്. നീണ്ടുനിന്ന നിയമനടപടികൾ ആണ് കുറ്റകൃത്യത്തേക്കാൾ അതിജീവിത ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയോട് ഇപ്പോൾ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നപ്പോൾ തന്നെ അതിന്‍റെ വ്യാപ്തിയും മനസിലാക്കി കൊടുക്കാൻ നിയമ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. പ്രതിയുടെ നടപടി കുറ്റകൃത്യമായി അതിജീവിത ഇപ്പോൾ കാണുന്നില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.
ഈ കേസ് എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. നിയമപരമായി കുറ്റം നിലനിൽക്കുമെങ്കിലും ഇര അത്തരത്തിൽ അതിനെ കാണുന്നില്ല. നേരത്തെ തന്നെ സംഭവത്തിന്‍റെ ഗൗരവവും അതിന്‍റെ നിയമവശങ്ങളുമെല്ലാം ഇരയ്ക്ക് മനസിലാക്കുന്നതിന് നിയമസംവിധാനത്തിന് കഴിഞ്ഞില്ല. നീണ്ടുനിന്ന നിയമനടപടികള്‍ അതിജീവിതയെ ബാധിച്ചു. പ്രതിയുമായി ഇര വൈകാരികമായി അടുത്തുപോയെന്നും കോടതി നിരീക്ഷിച്ചു.
പോക്സോ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങളും സുപ്രീം കോടതി വിധിയോടൊപ്പം പുറത്തിറക്കി. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പോക്സോ കേസുകളിൽ പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിൽ കൃത്യമായ പരിഷ്കാരം നടപ്പാക്കാൻ കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തോടും കോടതി നിര്‍ദേശിച്ചു. പോക്സോ, ജെജെ ആക്ട് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കണമെന്നും സംസ്ഥാന ങ്ങള്‍ക്ക് നിര്‍ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam