ഒളിക്യാമറയുമായി കിടപ്പറയിലെത്തുന്ന പെണ്‍ മാഫിയാ സംഘം; ഹണിട്രാപ്പില്‍ കുടുങ്ങിയത് രാഷ്ട്രീയക്കാര്‍ വരെ

By Web TeamFirst Published Sep 22, 2019, 11:05 AM IST
Highlights

ശ്വേതാ സ്വപ്നിൽ ജെയിൻ ആയിരുന്നു സംഘത്തിന്റെ മാസ്റ്റർ ബ്രെയിൻ. ഭർത്താവായ സ്വപ്നിൽ ജെയിനിന്റെ സഹായത്തോടെ അവർ പന്ത്രണ്ടു ജില്ലകളിലാണ് തന്റെ സെക്സ് റാക്കറ്റിന്റെ എട്ടുകാലിവലകൾ വിരിച്ചത്. 

ഭോപ്പാല്‍: 17 സെപ്റ്റംബർ 2019. മധ്യപ്രദേശിലെ ഇൻഡോർ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിക്കുന്നു. ഹർഭജൻ സിങ്ങ് എന്ന ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എഞ്ചിനീയറായിരുന്നു പരാതിക്കാരൻ. ബ്ലാക്ക് മെയിലിങ്ങ് ആണ് സംഭവം. ആ പരാതിയുടെ അന്വേഷണത്തിനിടെ മധ്യപ്രദേശ് പൊലീസിന് വെളിപ്പെട്ടത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഹണി ട്രാപ്പ് മാഫിയയുടെ ഒരു വലിയ ശൃംഖല തന്നെയാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരുന്നത്.

ഹർഭജൻ സിങ്ങിന്റെ സുഹൃത്തായിരുന്ന ആരതിയാണ് മോണിക്ക എന്ന പതിനെട്ടുകാരിയെ സിങ്ങിനുമുന്നിൽ കൊണ്ട് നിർത്തുന്നത്. ഒരു ജോലി തരപ്പെടുത്തിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം. പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ മുതലെടുത്ത ഹർഭജൻ സിങ്ങ് അവളോട് വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം എന്ന മട്ടിലുള്ള സൂചനകൾ നൽകി. അവളെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ വെച്ച് സിങ്ങ് അവളോട് അടുത്തിടപഴകി. എന്നാൽ സിങ്ങ് സ്വപ്നത്തിൽ പോലും കരുതാത്തതാണ് പിന്നീട് നടന്നത്.

യഥാർത്ഥത്തിൽ അവിടെ ഇരയാക്കപ്പെട്ടത് അയാൾ തന്നെയായിരുന്നു. ആരതിയും മോണിക്കയും ഒരേസംഘത്തിനുവേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു. മോണിക്കയുമായി സിങ്ങ് ബന്ധപ്പെടുന്നതിന് ദൃശ്യങ്ങൾ ആരതി രഹസ്യക്യാമറയിൽ പകർത്തി. ആ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ഹർഭജൻ സിങ്ങിൽ നിന്ന് മൂന്നുകോടി രൂപ ആവശ്യപ്പെട്ട് അയാളെ ഭീഷണിപ്പെടുത്തി. മൂന്നുകോടി നൽകാനുള്ള ശേഷി ഇല്ലാതിരുന്ന ഹർഭജൻ സിങ്ങ് ഇൻഡോർ പൊലീസിൽ പരാതിയുമായെത്തി.

പരാതിയിന്മേൽ വിശദമായ അന്വേഷണങ്ങൾ നടത്തിയ പൊലീസ്, മധ്യപ്രദേശിലെ 12 ജില്ലകളിൽ ഈ രണ്ടു യുവതികളടങ്ങിയ റാക്കറ്റ് സമാനമായ ഹണീ ട്രാപ്പിങ്ങ് / ബ്ലാക്ക് മെയിലിങ്ങ് പരിപാടികൾ നടത്തുന്നുണ്ട് എന്നുകണ്ടെത്തി. ഹർഭജൻ സിങ്ങിന്റെ പരാതി വെറുമൊരു ട്രെയ്‌ലർ മാത്രമായിരുന്നു. വിജയ് നഗറിലെ ഒരു ഫ്‌ളാറ്റിൽ കൊടുക്കാം എന്ന് സിങ്ങ് സമ്മതിച്ച തുകയുടെ ആദ്യ ഇൻസ്റ്റാൾമെൻറ് ആയ അമ്പതുലക്ഷം വാങ്ങാൻ വേണ്ടി വന്ന ആരതി, മോണിക്ക, ഡ്രൈവർ ഓം പ്രകാശ് എന്നിവരെ പൊലീസ് പിടികൂടി. വിശദമായ അന്വേഷണത്തിനായി മധ്യപ്രദേശ് ATS ന്റെ സഹായവും ലോക്കൽ പൊലീസ് തേടി. ATS ആണ് കൂടുതൽ ആഴത്തിൽ ഈ കേസിൽ അന്വേഷണങ്ങളുടെ മുന്നോട്ടു പോവുന്നതും സംസ്ഥാനത്താകെ പടർന്നു പന്തലിച്ചിരുന്ന സെക്സ് ക്രൈം റാക്കറ്റിനെ തകർക്കുന്നതിലേക്ക് നീങ്ങിയതും.

മോണിക്കയുടെ കുറ്റസമ്മതമൊഴിയെ ആസ്പദമാക്കി ATS കൂടുതൽ അറസ്റ്റുകൾ നടത്തി. എല്ലാവരും തന്നെ ആഡംബരഫ്ലാറ്റുകളിൽ സുഖജീവിതം നയിക്കുന്ന പകൽ മാന്യന്മാരായിരുന്നു. മീനൽ റെസിഡെൻസിയിൽ താമസിച്ചിരുന്ന ശ്വേതാ വിജയ് ജെയിൻ, റിവേഴ്‌സ് ഹിൽസിലെ ശ്വേതാ സ്വപ്നിൽ ജെയിൻ, കോട്രയിലെ ബ്രാഖാ അമിത് സോണി എന്നിവരായിരുന്നു അറസ്റ്റിലായത്.

ശ്വേതാ സ്വപ്നിൽ ജെയിൻ ആയിരുന്നു സംഘത്തിന്റെ മാസ്റ്റർ ബ്രെയിൻ. ഭർത്താവായ സ്വപ്നിൽ ജെയിനിന്റെ സഹായത്തോടെ അവർ പന്ത്രണ്ടു ജില്ലകളിലാണ് തന്റെ സെക്സ് റാക്കറ്റിന്റെ എട്ടുകാലിവലകൾ വിരിച്ചത്. ഒരു എൻജിഒയുടെ മറവിൽ അവർക്കുവേണ്ടി തൊഴിലെടുത്തിരുന്നത് 18  പെൺകുട്ടികളാണ്. വളരെ പ്രൊഫഷണലായ പ്രവർത്തനമായിരുന്നു ഈ ഗൂഢസംഘത്തിന്റേത്.

ദൈനിക് ഭാസ്കറിൽ ഈ കേസിനെപ്പറ്റി വിശദമായ ഒരു വാർത്ത അച്ചടിച്ചുവന്നു. അതിൽ പറയുന്നത്, ഈ പതിനെട്ടു പെൺകുട്ടികളിൽ അഞ്ചുപേർക്ക് മധ്യപ്രദേശ് രാഷ്ട്രീയത്തിലെ  ബന്ധമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിൽ സ്ഥിരം പോക്കുവരവുണ്ടായിരുന്നു അവർക്ക്. ഈ കേസിലെ പ്രധാന പ്രതികളും, ഈ ഗൂഢാലോചനയിൽ അവരുടെ റോളുകളുമാണ് ഇനി,

ആരതി ദയാൽ എന്ന യുവതിയാണ് ഇങ്ങനെയൊരു സാധ്യത ആദ്യമായി തിരിച്ചറിയുന്നതും അതിനെ പ്രയോജനപ്പെടുത്തി പണമുണ്ടാക്കുന്നതും. എട്ടുമാസം മുമ്പ് സ്വന്തം ഭർത്താവിനെതിരെ സ്ത്രീധനപീഡനക്കേസു കൊടുത്ത് ഛത്തർപൂരിലെ ഭർതൃവീടുപേക്ഷിച്ച് ഭോപ്പാൽ നഗരത്തിലേക്ക് കുടിയേറിയ ആരതി താമസിയാതെ ഒരു ഐഎഎസ് ഓഫീസറുമായി അടുപ്പം സ്ഥാപിക്കുന്നു.

അദ്ദേഹമാണ് ആരതിക്ക് ഭോപ്പാലിൽ വാടകയ്ക്ക് ഫ്ലാറ്റെടുത്തുകൊടുക്കുന്നത്. അദ്ദേഹം അവർക്ക് ഉപജീവനത്തിനായി  കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന ഒരു എൻജിഒയും സെറ്റപ്പ് ചെയ്തുകൊടുത്തു. ഗവണ്മെന്റിലുള്ള തന്റെ സ്വാധീനമുപയോഗിച്ച് സർക്കാരിന്റെ നിരവധി സ്കീമുകളും ഫണ്ടുകളും ഈ എൻജിഒയ്ക്ക് ആ ഐഎഎസ് ഉദ്യോഗസ്ഥൻ തരപ്പെടുത്തി നൽകിയിരുന്നു. അധികം താമസിയാതെ ആരതി മീനലിൽ സ്വന്തമായി ഒരു വില്ല തന്നെ വാങ്ങി.

സാഗർ സ്വദേശിയായ ശ്വേതാ വിജയ് ജെയിൻ ഒരു പഴയ ബിജെപി പ്രവർത്തകയാണ്. രാഷ്ട്രീയ രംഗത്തെ ഉന്നതരുമായി അടുത്ത ബന്ധങ്ങളുള്ള ശ്വേതയ്ക്ക്  മീനൽ റെസിഡെൻസിയിൽ ഒരു ബംഗ്ളാവ് വാങ്ങി നൽകിയത് മധ്യപ്രദേശിലെ ഒരു മുൻ മുഖ്യമന്ത്രിയായിരുന്നു. ഇതിനു പുറമെ, ബുന്ദേൽഖണ്ഡിൽ നിന്നും മാൽവയിൽ നിന്നും നിമാറിൽ നിന്നുമുള്ള ചില മന്ത്രിമാരോടും അടുത്ത ബന്ധങ്ങൾ ശ്വേതയ്ക്കുണ്ടായിരുന്നു.

ഒരു ജില്ലാ കളക്ടറുടെ ഭാര്യ ശ്വേതയോടൊപ്പം ഒരു ബംഗ്ളാവിൽ വെച്ച് തന്റെ ഭർത്താവിനെ കയ്യോടെ പിടിച്ചത് കോളിളക്കം സൃഷ്‌ടിച്ച കേസായിരുന്നു. ശ്വേതയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പോലും മധ്യപ്രദേശ് രാഷ്ട്രീയത്തിലെ അവരുടെ അടുത്ത ബന്ധങ്ങൾ തയ്യാറായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ശ്വേതയുടെ ഒരു അശ്‌ളീല വീഡിയോ ലീക്കായതാണ് അന്ന് അതിന് വിഘാതമായത്. സംസ്ഥാനത്തെ ചില വ്യവസായ പ്രമുഖരുടെ പുത്രന്മാരോടും അവർക്കുള്ള അടുപ്പത്തെപ്പറ്റിയും റിപ്പോർട്ടുകളുണ്ടായിരുന്നു.

ശ്വേതാ സ്വപ്നിൽ ജെയിനിന്റെ ബന്ധം ബിജെപിയുടെ എംഎൽഎ ബ്രിജേന്ദ്ര പ്രതാപ് സിങ്ങുമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ളാവിലായിരുന്നു കഴിഞ്ഞ മാസം മുതൽ അവർ താമസിച്ചിരുന്നത്. മുപ്പത്തയ്യായിരം രൂപ വാടക കൊടുത്തുകൊണ്ടാണ് അവർ അവിടെ കഴിഞ്ഞിരുന്നത് എന്ന് വാടകച്ചീട്ടിൽ പറയുന്നു. അതിൽ അവരുടെ ഉപജീവനമാർഗ്ഗമായി കൊടുത്തിട്ടുള്ളത് ഫിസിയോതെറാപ്പിസ്റ്റ് എന്നായിരുന്നു.

ഇതിനു മുമ്പ് ശ്വേത തങ്ങിയിരുന്നത് മറ്റൊരു ബിജെപി എംഎൽഎ ആയ ദിലീപ് സിങ്ങ് പരിഹാറിന്റെ ബംഗ്ളാവിലാണ്. അദ്ദേഹത്തെ രണ്ടുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ബ്ലാക്ക് മെയിൽ ചെയ്തതിനു പിന്നാലെയാണ് ശ്വേത അവിടെ നിന്ന് വെളിയിലാവുന്നത്. സംസ്ഥാനത്തെ മൂന്ന് മുതിർന്ന ബ്യൂറോക്രാറ്റുകളുടെ സ്ഥലംമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് ശ്വേതയാണെന്നും പലരെയും ഹണിട്രാപ്പിൽ കുടുക്കാൻ അവർ ശ്രമിച്ചുവരികയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

ബർഖാ ഭട്നഗർ സോണി, നിമാറിൽ നിന്നുള്ള ഒരു കോൺഗ്രസ് പ്രവർത്തകയാണ്. അവരുടെ ഭർത്താവ് കോൺഗ്രസിന്റെ സംസ്ഥാന ഐടി സെൽ അംഗമാണ്. തന്റെ എൻജിഒയ്ക്ക് വേണ്ടി പലരിൽ നിന്നും അവർ വാങ്ങിയിട്ടുള്ള സംഭാവനകളെപ്പറ്റി അന്വേഷിക്കുകയാണ് പൊലീസിപ്പോൾ.

മോണിക്ക യാദവ് എന്ന പതിനെട്ടുകാരി രാജ്ഗഡ്‌ സ്വദേശിയായ ഒരു ബിരുദ വിദ്യാർത്ഥിനിയാണ്. നേതാക്കളുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും നിരന്തര സമ്പർക്കം പുലർത്തിയിരുന്ന മോണിക്ക അവരുമായി നിരന്തരം വാട്ട്സ്ആപ്പ് ചാറ്റിങ്ങും നടത്തിവന്നിരുന്നു. ആരതി ദയാലാണ് ഈ സംഘത്തിലേക്ക് മോണിക്കയെ റിക്രൂട്ട് ചെയ്യുന്നത്.

ഈ ഗൂഢസംഘത്തെ അറസ്റ്റുചെയ്ത പൊലീസ് അവരിൽ നിന്ന് പതിനാലു ലക്ഷം രൂപ, ഒരു എസ്‌യുവി, ലാപ്ടോപ്പ്, എട്ടു സിംകാർഡുകൾ, ലാപ്ടോപ്പിന്റെ ഹാർഡ് ഡിസ്‌കിൽ മധ്യപ്രദേശിലെ പല രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമൊത്തുള്ള പതിനഞ്ചോളം സെക്സ് വീഡിയോകൾ പൊലീസിന് ലഭിച്ചു. മധ്യപ്രദേശിലെ നൂറ്റമ്പതോളം ഉന്നതരുടെ ഫോൺ നമ്പറുകളിലേക്ക് അവർ നടത്തിയ സമ്പർക്കങ്ങളുടെ വിശദവിവരങ്ങൾ പൊലീസിന് കിട്ടി. ഈ ഉന്നതരെ സന്ദർശിച്ച് അവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്ന റാക്കറ്റിലെ യുവതികൾ വസ്ത്രങ്ങളിലും, ബാഗുകളിലും മറ്റും ഘടിപ്പിച്ച രഹസ്യകാമറകളിലൂടെ അതെല്ലാം റെക്കോർഡ് ചെയ്തിരുന്നു. എന്നിട്ട് ഇതേ വീഡിയോകളുടെ സഹായത്തോടെ അവരെ ബ്ലാക്ക് മെയിൽ ചെയ്തുപോന്നിരുന്നു സംഘം.

തുകകൾ പറഞ്ഞുറപ്പിക്കാൻ പലപ്പോഴും പൊലീസിലും മാധ്യമങ്ങളിലും ഒക്കെ പ്രവർത്തിച്ചിരുന്ന പലരുമായിരുന്നു സംഘത്തിന്റെ ഇടനിലക്കാർ എന്നത് അവരുടെ പ്രവർത്തനങ്ങളുടെ വ്യാപ്തി സൂചിപ്പിക്കുന്ന ഒന്നാണ്. ആരതിയുടെ ബ്ലാക്ക് മെയിലിങ്ങിന് ഇരയായ ഒരു കോൺഗ്രസ് മുൻ എംപി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിവാദങ്ങളെത്തുടർന്ന് കോൺഗ്രസ് ആ രാഷ്ട്രീയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

എന്തായാലും, ഏറെ നാളായി തുടർന്ന് പോന്നിരുന്ന ഈ ഹണിട്രാപ്പിങ്ങ് ബ്ലാക്ക് മെയിലിങ് ഓപ്പറേഷനുകൾക്ക് ഒരു എഞ്ചിനീയർ നൽകിയ പരാതിയോടെ അവസാനമായിരിക്കുകയാണ്.

click me!