
ബെല്ലാരി: ലോക പൈതൃക പട്ടികയിലുള്ള ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഹംപി കാണാനെത്തിയ യുവാവ് പൊലീസ് പിടിയിലായി. ഹംപിയിലെ വിജയ വിട്ടള ക്ഷേത്രത്തിലെ തൂണുകൾ തകർത്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടയിലാണ് 45കാരനായ നാഗരാജ് ക്ഷേത്രത്തിലെ രണ്ട് കൽത്തൂണുകൾ താഴെ വീഴ്ത്തിയത്. അബദ്ധത്തിൽ സംഭവിച്ച പിഴവാണിതെന്നാണ് ഇവരുടെ വിശദീകരണം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പുരാവസ്തുവകുപ്പിന്റെ ഗാർഡുമാർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം നാഗരാജിനെ അറസ്റ്റ് ചെയ്തു.
പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു. നാഗരാജിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ കേസെടുത്തിട്ടില്ല. ഹംപിയിൽ രണ്ട് ദിവസം തുടർച്ചയായി മഴ പെയ്‌തതിനാൽ ഇവിടെയുള്ള മണ്ണിൽ ഉറപ്പിച്ച് നിർത്തിയിരുന്ന കൽത്തൂണുകൾ ഇളകിയിരുന്നു. ഫോട്ടോയെടുക്കുന്നതിനിടെ നാഗരാജു ഈ കൽത്തൂണുകളിൽ ഒന്ന് തള്ളുകയായിരുന്നു. ഈ തൂൺ മറിഞ്ഞ് മറ്റൊരു തൂണിൽ വീണു, രണ്ടും നിലംപതിച്ചു.
ഇതിന് പിന്നാലെ ഗാർഡുമാർ നാഗരാജുവിനെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. മനപ്പൂർവ്വം ചെയ്ത തെറ്റല്ലെങ്കിലും ചരിത്ര നിർമ്മിതകളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണെന്നും ഇതിനാലാണ് കേസെടുത്തതെന്നും ബെല്ലാരി എസ്‌പി സികെ ബാബ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam