ട്രംപ്-മോദി റോഡ് ഷോയ്ക്ക് എത്രപേര്‍ എത്തും; കണക്ക് വ്യക്തമാക്കി അധികൃതര്‍

By Web TeamFirst Published Feb 20, 2020, 2:43 PM IST
Highlights

തന്നെ സ്വീകരിക്കാന്‍ 50-70 ലക്ഷം വരെ ആളുകളെ അണിനിരത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. 

അഹമ്മദാബാദ്: അഹമ്മദാബാദിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ എത്തുന്നത് ഒരുലക്ഷം ജനം മാത്രം. നേരത്തെ തന്നെ സ്വീകരിക്കാന്‍ 50-70 ലക്ഷം വരെ ആളുകളെ അണിനിരത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 24നാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. 22 കിലോമീറ്റര്‍ ദൂരമാണ് ട്രംപും മോദിയും റോഡ് ഷോ നടത്തുന്നത്. റോഡ് ഷോയില്‍ ഇരുവശത്തുമായി ഒരു ലക്ഷം ആളുകളാണ് അണിനിരക്കുകയെന്ന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ അറിയിച്ചു.

മോദി ട്രംപിന് വാക്ക് നല്‍കിയത് പോലെ 70 ലക്ഷം ആളുകള്‍ പങ്കെടുക്കില്ലെന്നും ഒരുലക്ഷം പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്നുമാണ് അധികൃതരുടെ വാദം. ഫെബ്രുവരി 16ന് കമ്മീഷ്ണര്‍ നെഹ്‌റ ട്വീറ്റ് ചെയ്ത പോസ്റ്റിലുംറോഡ് ഷോയില്‍ ഒരു ലക്ഷം ആളുകളാണ് എത്തുകയെന്ന് വ്യക്തമാക്കിയിരുന്നു. റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ ഇതുവരെ ഒരു ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും താല്‍പര്യമുള്ളവര്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടെന്നുമായിരുന്നു ട്വീറ്റില്‍ വ്യക്തമായിരുന്നു. നാല് ദിവസം അവസാനിക്കെ പരാമവധി ഒന്നര ലക്ഷമാളുകളെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

70 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്ന ട്രംപിന്‍റെ പ്രസ്താവന വന്നതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അഹമ്മദാബാദിലെ ജനസംഖ്യ ഏകദേശം 60 മുതല്‍ 70 ലക്ഷമാണ്. പിന്നെങ്ങനെയാണ് റോഡ്‌ഷോക്ക് വേണ്ടി 70 ലക്ഷം ആളുകള്‍ എത്തിച്ചേരുകയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നിരുന്നു. മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലും ഒരുലക്ഷം പേര്‍ എത്തിച്ചേരുമെന്നാണ് അവകാശപ്പെടുന്നത്. 
 

click me!