ഉത്തർപ്രദേശിൽ മോമോസ് വാങ്ങാൻ പണമില്ലാത്തതിനാൽ ഏഴാം ക്ലാസ്സുകാരൻ വീട്ടിലെ 85 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കച്ചവടക്കാർക്ക് നൽകി. കുട്ടിയുടെ മോമോസിനോടുള്ള ഇഷ്ടം മുതലെടുത്ത യുവാക്കൾ മാസങ്ങളോളം തട്ടിപ്പ് തുടർന്നു.

ലഖ്‌നൗ: മോമോസ് കഴിക്കാനുള്ള ഏഴാം ക്ലാസ്സുകാരന്‍റെ കൊതി കാരണം കുടുംബത്തിന് നഷ്ടമായത് 85 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ. മോമോസ് വാങ്ങാൻ കയ്യിൽ കാശില്ലാതിരുന്നതിനാൽ കുട്ടി വീട്ടിലെ സ്വർണാഭരണങ്ങൾ ആരുമറിയാതെ എടുത്ത് കച്ചവടക്കാർക്ക് നൽകുകയായിരുന്നു. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്.

വാരണാസിയിലെ ക്ഷേത്രത്തിലെ പൂജാരിയായ വിമലേഷ് മിശ്രയുടെ മകനാണ് തട്ടിപ്പിനിരയായത്. മോമോസിനോടുള്ള കുട്ടിയുടെ ഇഷ്ടം കച്ചവടക്കാരായ മൂന്ന് യുവാക്കൾ തന്ത്രപൂർവ്വം മുതലെടുക്കുകയായിരുന്നു. വീട്ടിലെ സ്വർണം കൊണ്ടുവന്നാൽ പകരം സൗജന്യമായി എത്ര വേണമെങ്കിലും മോമോസ് നൽകാമെന്ന് ഇവർ കുട്ടിയെ വിശ്വസിപ്പിച്ചു.കുട്ടി ആരുമറിയാതെ വീട്ടിലെ അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ ഓരോന്നായി എടുത്ത് യുവാക്കൾക്ക് നൽകാൻ തുടങ്ങി. മാസങ്ങളോളം ഇത് തുടർന്നു.

വിമലേഷിന്‍റെ സഹോദരി വീട്ടിലെത്തി തന്‍റെ ആഭരണങ്ങൾ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അലമാര തുറന്ന കുടുംബം ഞെട്ടിപ്പോയി. ആഭരണങ്ങൾ ഒന്നും കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയെയും ചോദ്യം ചെയ്തു. അപ്പോഴാണ് മോമോസ് കഴിക്കാനായി താൻ സ്വർണം കടക്കാർക്ക് നൽകിയ വിവരം കുട്ടി വെളിപ്പെടുത്തിയത്.

കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റാംപുർ കാർഖാന പൊലീസ് സ്റ്റേഷനിൽ മൂന്ന് യുവാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രണ്ട് പ്രതികളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ആഭരണങ്ങൾ വീണ്ടെടുത്തു. ഒളിവിൽ പോയ മൂന്നാമനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കുട്ടികളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അപരിചിതർ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.