മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ അഗ്നിബാധ: പത്ത് കൊവിഡ് രോഗികൾ മരിച്ചു

By Asianet MalayalamFirst Published Nov 6, 2021, 2:38 PM IST
Highlights

സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു. 

അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുണ്ടായ (ahammed nagar) അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത് (Fire At Covid Ward In Maharashtra Hospital). സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു. അപകടത്തിൽ 13 രോഗികൾക്ക് പൊള്ളലേറ്റതായാണ് വിവരം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസിയു വാർഡിലാണ് അഗ്നിബാധയുണ്ടായത്. പൊള്ളലേറ്റ്  ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് വിവരം. 

ഐസിയുവിൽ നിന്നും രോഗികളെ  സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ ഡോ.രാജേന്ദ്ര ബോസ്ലെ അറിയിച്ചു. അഗ്നിബാധയുടെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ചു ആശുപത്രി ഐസിയുവിൽ നിന്നും കറുത്ത പുക പുറത്തേക്ക് വമിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അഗ്നിബാധയുണ്ടായതെന്നാണ് അഹമ്മദ് നഗർ മുൻസിപ്പിൽ അധികൃതർ പറയുന്നത്. 

അഹമ്മദ് നഗർ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായിപുതുതായി നിർമ്മിച്ച ഐസിയുവിലാണ് അഗ്നിബാധയുണ്ടായതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പറഞ്ഞു. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്താൻ നിർദേശം നൽകിയെന്നും ഐസിയുവിലുണ്ടായ അഗ്നിബാധയെക്കുറിച്ച് വിദഗ്ദ്ദ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനമറിയിച്ചു. മരണപ്പെട്ടവരുടെ ഉറ്റവരുടെ ദുഖത്തിൽ പങ്കുചേരുന്നതായും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. 

click me!