
ജലന്ധര്‍: മഹാരാഷ്ട്രയിലെ ഗുരുദ്വാരയില്‍ നിന്ന് പഞ്ചാബില്‍ തിരിച്ചെത്തിയ 10 തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നന്ദത് സാഹിബ് ഗുരുദ്വാരയില്‍ കുടുങ്ങിയ തീര്‍ത്ഥാടകര്‍ വിവിധ മാര്‍ഗങ്ങളിലൂടെ തിരികെ പഞ്ചാബിലെത്തുകയായിരുന്നു. ഏപ്രില്‍ 25 ടെംപോ ട്രാവലറില്‍ പഞ്ചാബിലെത്തിയ ഹോഷിയാര്‍പൂര്‍ സ്വദേശിയായ 48കാരന് ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നാലായിരത്തിലധികം തീര്‍ത്ഥാടകരാണ് മഹാരാഷ്ട്രയിലെ നന്ദേതില്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപനത്തിന് ഒരു കാരണമായ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്രയിലെ നന്ദേത് സാഹിബില്‍ ഉള്ളതെന്നാണ് ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നത്. നന്ദേതില്‍ നിന്ന് സ്വകാര്യ വാഹനങ്ങളില്‍ മടങ്ങിയെത്തിയ ഏഴ് തീര്‍ത്ഥാടര്‍ക്കും ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ ഒരുക്കിയ ബസിലും തീര്‍ത്ഥാടകര്‍ തിരികെ പഞ്ചാബിലെത്തിയിരുന്നു.
മൂന്ന് ബാച്ചായി പഞ്ചാബ് സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്കായി ബസുകള്‍ ഒരുക്കിയിരുന്നു. ഞായറാഴ്ച മുതലാണ് സര്‍ക്കാര്‍ ബസുകള്‍ ഒരുക്കിയത്. തീര്‍ത്ഥാടകരുടെ അവസാന ബാച്ചില്‍ 2850 തീര്‍ത്ഥാടകര്‍ ബുധനാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പഞ്ചാബ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഡോ. അമര്‍പാല്‍ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തിരികെയെത്തിയ ആളുകളെ ട്രാക്ക് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സിഖ് മത വിശ്വാസികളുടെ സുപ്രധാന തീര്‍ത്ഥാടക ഇടങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ നന്ദേത് സാഹിബ്. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇവിടെ കുടുങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam