
കൊടൈക്കനാല്‍: കൊടൈക്കനാലിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയുടെ കുത്തേറ്റു മരിച്ചു. ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപതാകത്തില്‍ എത്തിയത്. കൃത്യം നടത്തിയ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
കൊടൈക്കനാലിനെ ഭാരതി വിദ്യാഭവന്‍ ബോര്‍ഡിങ്ങ് സ്കൂളിലാണ് സംഭവം. കൃഷ്ണഗിരി സ്വദേശിയായ കപില്‍ രാഗവേന്ദ്ര എന്ന പതിന്നാലുകാരനാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ വച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹപാഠിയായ വിദ്യാര്‍ത്ഥി കപിലിന്‍റെ കഴുത്തില്‍ കത്രിക കുത്തിക്കയറ്റുകയായിരുന്നു.
രാവിലെ നടന്ന ക്രിക്കറ്റ് മത്സരത്തിന്‍റെ പേരില്‍ ഇരുവിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ക്ലാസില്‍ വച്ചും തര്‍ക്കം തുടര്‍ന്നു. വൈകിട്ട് ഹോസ്റ്റല്‍ എത്തിയപ്പോഴും വാക്കേറ്റം ഉണ്ടായി. രാത്രി ഭക്ഷണം കഴിച്ച് തിരികെയെത്തിയപ്പോഴും ഇരുവരും ഇതേ വിഷയത്തില്‍ വാക്കേറ്റം തുടര്‍ന്നു. ഒടുവില്‍ തര്‍ക്കം പരിധി വിട്ടതോടെ ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് സഹപാഠി രാഗവേന്ദ്രയുടെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയും കത്രിക വിദ്യാര്‍ത്ഥിയുടെ കഴുത്തിലേക്ക് കുത്തിയിറക്കുകയുമായിരുന്നു.
മറ്റു വിദ്യാര്‍ത്ഥികളുടെ കരച്ചില്‍ കേട്ട് ഓടി എത്തിയ അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് കപിലിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ വിദ്യാര്‍ത്ഥിയെ മുന്‍പ് മൂന്ന് തവണ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുള്ളതാണ്. പ്രിന്‍സിപ്പളിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ദിണ്ടിഗല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറടക്കം ഹോസ്റ്റലിലെത്തി പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam