
കൊൽക്കത്ത: സ്കൂളിൽ നിന്ന് അമ്മയ്ക്കൊപ്പം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ 11വയസുകാരന് ദാരുണാന്ത്യം. റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടിയിൽ നിന്ന് നിലത്ത് വീണ 11കാരന്റെ ദേഹത്തുകൂടി പിന്നാലെ മത്സരയോട്ടം നടത്തിയെത്തിയ ബസുകൾ കയറിയതോടെയാണ് സംഭവം. പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്കിന് സമീപമാണ് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ബന്ധുവായ സഹപാഠി അടക്കം മൂന്ന് പേരായിരുന്നു സ്കൂട്ടറിൽ ഉണ്ടായിരുന്നത്. വളവിലുണ്ടായിരുന്ന കുഴിയിൽ സ്കൂട്ടറിന് നിയന്ത്രണം പാളിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റവും പിന്നിലിരുന്ന 11 വയസുകാരൻ നിലത്ത് വീണത്. ആയുഷ് പൈക്ക് എന്ന നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. നിലത്ത് വീണ നാലാം ക്ലാസുകാരൻ എഴുന്നേക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരേ റൂട്ടിൽ മത്സരയോട്ടം നടത്തിയ ബസുകൾക്ക് അടിയിൽപ്പെട്ട് മരിച്ചത്. രണ്ട് ബസിലേയും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃഷ്ണേന്ദു ദത്ത, അമർനാഥ് ചൌധരി എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ജീവപര്യന്തം തടവ് ലഭിക്കാനുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
ഗുരുതരമായി പരിക്കേറ്റ നാലാം ക്ലാസുകാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയുഷിന്റെ അമ്മ നൂർജഹാനായിരുന്നു സ്കൂട്ടി ഓടിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് വയസുകാരിക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിച്ചിരുന്ന യുവതി ഗട്ടറിൽ ചാടിയതിന് പിന്നാലെയാണ് തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തിൽ ഹാൻഡിൽ തട്ടി നിയന്ത്രണം നഷ്ടമായെന്നാണ് ദൃക്സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. അപകടത്തിന് പിന്നാലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും ബസുകളുടെ അമിത വേഗത്തിനുമെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു. മണിക്കൂറുകൾ ശ്രമിച്ച ശേഷമാണ് പ്രതിഷേധക്കാരെ മടക്കി അയയ്ക്കാൻ സാധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam