
ജയ്പൂർ: വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200ലധികം പേരെ കബളിപ്പിച്ച 19 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. ഏകദേശം 42 ലക്ഷം രൂപയാണ് യുവാവ് തട്ടിയത്. സോഷ്യൽ മീഡിയ വഴി ഇൻഫ്ലുവൻസർ ചമഞ്ഞാണ് 11-ാം ക്ലാസ് വിദ്യാർത്ഥി തട്ടിപ്പ് നടത്തിയത്.
രാജസ്ഥാനിലെ അജ്മീറിലാണ് 19 കാരനായ കാഷിഫ് മിർസ നല്ല ലാഭം വാഗ്ദാനം ചെയ്ത് 200ലേറെ പേരിൽ നിന്ന് പണം തട്ടിയത്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സുണ്ട് കാഷിഫ് മിർസയ്ക്ക്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
തുടക്കത്തിൽ ചില നിക്ഷേപകർക്ക് ലാഭം നൽകി. അങ്ങനെ അവർ പറഞ്ഞറിഞ്ഞ് കൂടുതൽ പേർ നിക്ഷേപിച്ചു. പക്ഷേ അവർക്കൊന്നും പണം തിരികെ കിട്ടിയില്ല. കാഷിഫ് മിർസയിൽ നിന്ന് ഹ്യുണ്ടായ് വെർണ, പണം എണ്ണുന്ന യന്ത്രം, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ കണ്ടെടുത്തു. കാഷിഫ് മിർസയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ ശരിയായി മനസ്സിലാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തട്ടിപ്പുകാർ കണ്ണഞ്ചിപ്പിക്കുന്ന പല വാഗ്ദാനങ്ങളും നൽകും. പറ്റിക്കപ്പെട്ടെന്ന് മനസ്സിലാകുമ്പോഴേക്കും ഏറെ വൈകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam