
മുംബൈ: കഴിഞ്ഞ നാല് വർഷത്തിനിടെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 12021 കർഷകരെന്ന് കണക്ക്. പ്രതിദിനം എട്ട് കർഷകർ വരെ ആത്മഹത്യ ചെയ്തുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിൽ ഈ വർഷവും കർഷക ആത്മഹത്യകൾ ഉണ്ടാകുമോയെന്ന ചിന്ത സംസ്ഥാന സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
അസംബ്ലിയിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടി നൽകിയപ്പോഴാണ് മന്ത്രി സുഭാഷ് ദേശ്‌മുഖ് ഇക്കാര്യം പറഞ്ഞത്. 2015 ജനുവരി മുതൽ 2018 ഡിസംബർ വരെയുള്ല കാലത്താണ് ഇത്രയും പേർ ആത്മഹത്യ ചെയ്തത്.
എന്നാൽ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തിന് ആത്മഹത്യ ചെയ്ത കർഷകരിൽ 6888 പേർ മാത്രമാണ് അർഹരായത്. ആകെ ആത്മഹത്യ ചെയ്തതിൽ 43 ശതമാനം പേർക്കും സഹായം ലഭിച്ചില്ല. ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയാണ് സഹായം നൽകിയിരുന്നത്.
അതേസമയം ഈ വർഷം മാർച്ച് 31 വരെ 610 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇവരിൽ 192 പേർ ധനസഹായത്തിന് അർഹരാണെന്ന് കൃഷി വകുപ്പ് മന്ത്രി മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam