തെലങ്കാനയിൽ തകർന്ന് കോൺഗ്രസ്: മുഖ്യ പ്രതിപക്ഷ പദവി നഷ്ടമായി, 12 എംഎൽഎമാർ ടിആർഎസ്സിൽ

By Web TeamFirst Published Jun 6, 2019, 9:12 PM IST
Highlights

ലയന ആവശ്യം മുന്നോട്ടു വച്ച എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. 12 എംഎൽഎമാർ കളം മാറ്റിച്ചവിട്ടിയതോടെ, നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം ആറായി ചുരുങ്ങി. 

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് വൻ തിരിച്ചടി. നിയമസഭയിൽ പാർട്ടിക്ക് മുഖ്യപ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി. ആകെയുള്ള 19 എംഎൽഎമാരിൽ 12 പേരും കൂട്ടത്തോടെ ഭരണകക്ഷിയിൽ ചേർന്നതോടെ നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം ആറായി ചുരുങ്ങി. 

തെലങ്കാനയിൽ പ്രാദേശിക രാഷ്ട്രീയകക്ഷിയായ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് കോൺഗ്രസിനേക്കാൾ കൂടുതൽ എംഎൽഎമാർ ഇപ്പോൾ നിയമസഭയിലുണ്ട്. ഏഴ് AIMIM എംഎൽഎമാരാണ് ഇപ്പോൾ നിയമസഭയിലുള്ളത്. കോൺഗ്രസിന് ആറും. 

തെലങ്കാനയിൽ സംസ്ഥാനതെരഞ്ഞെടുപ്പിന് പിന്നാലെ, ലോക്സഭാ തെരഞ്ഞെടുപ്പിലും നാണം കെട്ട് തോറ്റ കോൺഗ്രസിന് കൂടുതൽ തിരിച്ചടി നൽകുന്നതാണ് ഈ കൂറുമാറ്റം. കോൺഗ്രസിന്‍റെ 12 എംഎൽഎമാർ പാർട്ടിയെ ഭരണകക്ഷിയായ ടിആർഎസ്സുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉച്ചയോടെയാണ് സ്പീക്കറെ കണ്ട് കത്ത് നൽകിയത്.

119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയിൽ കോൺഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷൻ കൂടിയായ ഉത്തം കുമാർ റെഡ്ഡി നൽഗോണ്ടയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ രാജി വച്ചു. കോൺഗ്രസിന്‍റെ അംഗബലം 18 ആയി ചുരുങ്ങി. ഇതിൽ 12 പേരാണ് സ്പീക്കറെ കണ്ട് ടിആർഎസ്സിലേക്ക് പോകാൻ അനുവദിക്കണമെന്ന് കത്ത് നൽകിയത്.

ഇതിന് മുമ്പായി തന്ദൂർ കോൺഗ്രസ് എംഎൽഎ രോഹിത്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ മകനും ടിആർഎസ്സിന്‍റെ പ്രവർത്തനാധ്യക്ഷനുമായ കെ ടി രാമറാവുവിനെ കണ്ട് ടിആർഎസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തേ മാർച്ചിലും കോൺഗ്രസ് എംഎൽഎമാർ ടിആർഎസ്സിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. 

സംസ്ഥാനത്തിന്‍റെ ക്ഷേമവും വികസനവും മുൻ നിർത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനൊപ്പം പ്രവർത്തിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗന്ദ്ര വെങ്കട രമണ റെഡ്ഡി വ്യക്തമാക്കി. ഇതിനായാണ് സ്പീക്കറെ കണ്ട് നിവേദനം നൽകിയത്. ഇത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കണമെങ്കിൽ ടിആർഎസ്സുമായി ലയിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയർന്നുവെന്നും ജി. വെങ്കട രമണ റെഡ്ഡി വ്യക്തമാക്കി.

ലയന ആവശ്യം മുന്നോട്ടു വച്ച എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. ഒരു രാഷ്ട്രീയ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളും വേറൊരു പാർട്ടിയിൽ ചേരുകയാണെങ്കിൽ കൂറുമാറ്റ നിരോധനം അനുസരിച്ച് അയോഗ്യത കൽപിക്കാനാകില്ലെന്നാണ് നിയമം പറയുന്നത്. ആകെ 19 അംഗങ്ങളുള്ളതിൽ പിസിസി അധ്യക്ഷൻ രാജി വച്ചതിനാൽ തെലങ്കാന നിയമസഭയിൽ കോൺഗ്രസിനിപ്പോൾ 18 അംഗങ്ങളാണുള്ളത്. 12 എന്നത് 18-ന്‍റെ മൂന്നിൽ കണ്ട് ഭൂരിപക്ഷത്തിനും കൂടുതലാണ്. 

119 സീറ്റുകളുള്ള തെലങ്കാന നിയമസഭയിൽ 88 സീറ്റുകൾ നേടിയാണ് കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആർഎസ്സ് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത്. 

click me!