
ദില്ലി: മുഗള്‍ ചക്രവര്‍ത്തി അക്‌ബര്‍ സ്‌ത്രീലമ്പടനായിരുന്നെന്ന രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ മദന്‍ ലാല്‍ സെയിനിയുടെ പ്രസ്‌താവന വിവാദത്തില്‍. രജപുത്ര രാജകുമാരിയായിരുന്ന കിരണ്‍ ദേവിയെ അക്‌ബര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും സെയിനി ആരോപിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്‌തു.
മീനാ ബസാര്‍ എന്ന പേരില്‍ സ്‌ത്രീകള്‍ക്കായി ഒരു കമ്പോളം തന്നെ അക്‌ബര്‍ സ്ഥാപിച്ചിരുന്നതായാണ് സെയിനി പറഞ്ഞത്. തനിക്ക് സ്‌ത്രീകളെ ഇഷ്ടാനുസരണം അനുഭവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മീനാബസാര്‍ സ്ഥാപിച്ചത്. അവിടേക്ക് ചെല്ലാറുണ്ടായിരുന്ന ഒരേയൊരു പുരുഷന്‍ അക്‌ബര്‍ ആണ്. വേഷപ്രഛന്നനായി ആണ് അക്‌ബര്‍ പോയിരുന്നത്. അവിടെവച്ചാണ് രജപുത്ര രാജകുമാരിയായ കിരണ്‍ ദേവിയെ അക്‌ബര്‍ പീഡിപ്പിച്ചിരുന്നത്. ഒരിക്കല്‍ അക്‌ബറിനെ കിരണ്‍ ദേവി തിരിച്ചറിഞ്ഞു. അതോടെ അദ്ദേഹം ക്ഷമ ചോദിക്കുകയും തുടര്‍ന്ന് മീനാബസാര്‍ എന്നെന്നേയ്‌ക്കുമായി അടച്ചുപൂട്ടുകയുമായിരുന്നു എന്നും സെയ്‌നി പറഞ്ഞു.
എബ്രഹാം എറലിയുടെ 'ദ മുഗള്‍ വേള്‍ഡ്; ലൈഫ് ഇന്‍ ഇന്‍ഡ്യാസ് ലാസ്റ്റ് ഗോള്‍ഡന്‍ ഏജ്' എന്ന പുസ്‌കത്തെ അധികരിച്ചായിരുന്നു സെയിനിയുടെ വിവാദപ്രസ്‌താവന. മീനാബസാര്‍ വ്യാപാരത്തിന് വേണ്ടിയുള്ളതായിരുന്നില്ല, ചക്രവര്‍ത്തിമാര്‍ക്ക് ജാരവൃത്തിയ്‌ക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ് പുസ്‌തകത്തില്‍ പറയുന്നതെന്നും സെയ്‌നി അഭിപ്രായപ്പെട്ടു.
മഹാറാണാ പ്രതാപ് ജയന്തിയില്‍ സംസാരിക്കുമ്പോഴായിരുന്നു സെയ്‌നി അക്‌ബറിനെ സ്‌ത്രീലമ്പടന്‍ എന്ന് വിശേഷിപ്പിച്ചത്. ഇതാദ്യമായല്ല സെയ്‌നിയുടെ പ്രസ്‌താവന വിവാദമാകുന്നത്. ഹുമയൂണാണ് ബാബറിന്റെ പിതാവ് എന്ന് സെയ്‌നി പറഞ്ഞതും വലിയ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam