
ഭോപ്പാൽ: ജനിച്ച് പന്ത്രണ്ടാമത്തെ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച നവജാത ശിശു രോഗമുക്തയായി. മധ്യപ്രദേശിലെ ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെൺ കുഞ്ഞാണ് രോഗമുക്തി നേടി വീട്ടിൽ തിരിച്ചെട്ടിയത്. കൊവിഡ് മഹാമാരിയ്ക്കെതിരെ പോരാടിയ മകൾക്ക് പ്രകൃതി എന്നാണ് മാതാപിതാക്കൾ പേര് നൽകിയത്.
"ഞങ്ങളുടെ മകള്‍ രോഗമുക്തയായി കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തി. മഹാമാരിക്കെതിരെ പോരാടിയ അവൾക്ക് ഞങ്ങള്‍ പ്രകൃതിയെന്നാണ് പേരിട്ടിരിക്കുന്നത്." കുഞ്ഞിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ ഏഴിന് സുല്‍ത്താനിയ ആശുപത്രിയിൽ വച്ചായിരുന്നു കുഞ്ഞിന്റെ ജനനം. പ്രസവ വേളയിൽ അരികിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയില്‍ നിന്നാണ് മകൾക്ക് രോഗം പിടിപ്പെട്ടതെന്ന് പിതാവ് പറയുന്നു. പ്രകൃതി ജനിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രില്‍ 11-നാണ് ആശുപത്രിയില്‍ നിന്ന് അമ്മയും കുഞ്ഞും വീട്ടിലെത്തുന്നത്. എന്നാല്‍, ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗബാധയുണ്ടായെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. ഒമ്പത് ദിവസം പ്രായമുള്ളപ്പോൾ കുഞ്ഞിന്റെ സാമ്പിളെടുത്തു. പിന്നീട് 12 ദിവസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
ശേഷം 15 ദിവസത്തോളം അമ്മയും കുഞ്ഞും ക്വാറന്റൈനില്‍ കഴിയുകയും രോഗമുക്തി നേടുകയുമായിരുന്നു. അതേസമയം, കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ വീട്ടിലുള്ളവർക്ക് നെഗറ്റീവായിരുന്നു ഫലം.